മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐക്കാരന് നിയമവിരുദ്ധമായി മാര്‍ക്ക് കൂട്ടി നല്കി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി കെ. ആകാശിനാണ് ഇന്റേണല്‍ മാര്‍ക്ക് കൂട്ടി നല്‍കിയത്.
ആകാശിന് കിട്ടിയത് പൂജ്യം മാര്‍ക്ക്. സിന്‍ഡിക്കേറ്റ് ആറു മാര്‍ക്ക് നല്കി. ഒരു സെമസ്റ്ററിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് ഇല്ലെങ്കില്‍ കോഴ്സ് കഴിഞ്ഞ ശേഷം അതേ സെമസ്റ്ററില്‍ റീ അഡ്മിഷന് എടുത്ത് പ്രാക്ടിക്കല്‍ വിജയിക്കണമെന്നാണ് 2016-19 ബാച്ചിലെ നിയമം. ഇത് ലംഘിച്ചാണ് സിന്‍ഡിക്കേറ്റ് നടപടി.
മാര്‍ക്ക് കൂട്ടാനാവില്ലെന്ന് മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇത് മറികടന്നാണ് പുതിയ സിന്‍ഡിക്കേറ്റിന്റെ നടപടി. പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജില്‍ 2016-19 ബാച്ചില്‍ ബിഎസ്സി ബോട്ടണി വിദ്യാര്‍ത്ഥിയായിരുന്ന ആകാശിന് നാലാം സെമസ്റ്ററിലെ ഫിസിക്കല്‍ ആന്‍ഡ് അപ്പ്ളൈഡ് കെമിസ്ട്രി എന്ന വിഷയത്തില്‍ പ്രാക്ടിക്കലിന് പൂജ്യം ഇന്റേണല്‍ മാര്‍ക്കാണ് ലഭിച്ചത്.
മിനിമം ഹാജരില്ലാത്തതും പ്രാക്ടിക്കലിന് ഹാജരാകാതിരുന്നതുമാണ് കാരണം. വിദ്യാര്‍ത്ഥി നല്കിയ അപേക്ഷ പരിഗണിച്ച കോളജിലെ പ്രശ്ന പരിഹാര സെല്‍ യൂണിവേഴ്സിറ്റിയെ സമീപിച്ച് മാര്‍ക്ക് കൂട്ടി നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം അന്വേഷിക്കാന്‍ സിന്‍ഡിക്കറ്റ് രൂപീകരിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി മാര്‍ക്ക് കൂട്ടി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആകാശിന് മാര്‍ക്ക് കൂട്ടി നല്‍കണമെന്നാവശ്യവുമായി വീണ്ടും ചിറ്റൂര്‍ കോളജിന്റെ അപേക്ഷ വന്നു. മാര്‍ക്ക് കൂട്ടാനാവില്ലെന്ന പഴയ തീരുമാനം തിരുത്തിയ പുതിയ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് ആകാശിന് മാര്‍ക്ക് കൂട്ടി നല്കാന് തീരുമാനിക്കുകയായിരുന്നു. ആദ്യ അപേക്ഷ നിരസിച്ചതും ഇപ്പോള്‍ മാര്‍ക്ക് നല്കാന് തീരുമാനിച്ചതും അതേ പരീക്ഷാ കണ്ട്രോളറും വിസിയും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: