കണ്ണൂര്‍: സ്‌കൂള്‍ ഉച്ചഭക്ഷണ വിഷയത്തില്‍ കോടതിക്ക് നല്കിയ ഉറപ്പു പാലിക്കാത്തതില്‍ സര്‍ക്കാരിനെ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഉച്ചഭക്ഷണ പദ്ധതി നിരക്ക് വര്‍ദ്ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ 16ന് മുമ്പ് തീരുമാനമെടുക്കുമെന്ന് മുമ്പ് ഉറപ്പ് നല്കിയിരുന്നു.
കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രു. 5നു മുമ്പ് കോടതി നിര്‍ദേശം നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്കി. നിരക്ക് വര്‍ധിപ്പിക്കുന്നതും പ്രധാനാധ്യാപകര്‍ നേരിടുന്ന വകുപ്പുതല തടസവാദങ്ങളും സംബന്ധിച്ച് മന്ത്രിസഭാ യോഗം ഉടന്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പദ്ധതിക്ക് ഓരോ മാസവും അഡ്വാന്‍സായി തുക അനുവദിക്കണമെന്നും മുട്ട, പാല്‍ വിതരണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സംഘടനകളായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷനും മറ്റു ചില സംഘടനകളും നല്കിയ ഹര്‍ജി വീണ്ടും പരിഗണിക്കവേയായിരുന്നു കോടതി നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കാത്തപക്ഷം ഇവയുടെ വിതരണം തുടരാന്‍ സാധിക്കുകയില്ലെന്നും, പാചകച്ചെലവിനുള്ള തുക തീര്‍ത്തും അപര്യാപ്തമായതിനാല്‍ ഗവണ്‍മെന്റ് നിര്‍ദേശിക്കുന്ന രീതിയിലുള്ള മെനു പാലിക്കുക സാധ്യമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ജാജു ബാബു ഹാജരായി.
ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പാചകച്ചെലവിന്റെ 60 ശതമാനവും കേന്ദ്രഗവണ്‍മെന്റാണ് നല്കുന്നത്. പ്രധാനാധ്യാപകരുടെ കഷ്ടനഷ്ടങ്ങള്‍ക്കു പരിഹാരമാകുംവരെ നിയമപോരാട്ടം തുടരുമെന്ന് കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, കെപിഎസ്എച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി റെജിമോന്‍, പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: