റിയാദ്: കരുത്തന് പോരാട്ടം കണ്ട സ്പാനിഷ് സൂപ്പര്‍ കപ്പിലെ എല്‍ ക്ലാസിക്കോ ഫൈനലില്‍ എഫ്സി ബാഴ്സിലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് കിരീടം നേടി. ഒന്നിനെതിരെ നാല് ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു റയലിന്റെ 13-ാം സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടം.
ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് ഗോളുമായി റയലിന്റെ വിജയം ഉറപ്പാക്കിയ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആയിരുന്നു കളിയിലെ ഹൈലൈറ്റ്.
കളിയുടെ തുടക്കം മുതലേ ബാഴ്സയാണ് പന്തിന് മേല്‍ ആധിപത്യം പുലര്‍ത്തിവന്നത്. മികച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ ജൂഡ് ബെല്ലിങ്ഹാമില്‍ നിന്ന് പന്ത് സ്വീകരിച്ച് മൈതാന മധ്യത്ത് നിന്ന് പന്തുമായി കുതിച്ചുപാഞ്ഞ വിനിഷ്യസിന് മുന്നില്‍ ബാഴ്സ കാവല്ക്കാരന് ഇനാകി പെന സ്റ്റോറസ് മാത്രം. ഗോളിയെ നിഷ്പ്രയാസം കീഴടക്കി പന്ത് വലയിലെത്തിച്ച് കളിയുടെ ഏഴാം മിനിറ്റില്‍ വിനിഷ്യസും റയലും ആദ്യ ഗോള്‍ ആഘോഷിച്ചു. അധികം താമസിച്ചില്ല മത്സരം പത്താം മിനിറ്റില്‍ പുരോഗമിക്കവെ റയലിെന്റ അടുത്ത കൗണ്ടര്‍ അറ്റാക്ക്. മറ്റൊരു ബ്രസീലിയന്‍ താരമായ വലത് വിങ്ങര്‍ റോഡ്രിഗോ മുന്നോട്ടു കൊണ്ടുപോയ പന്തിനെ പെനല്‍റ്റി ബോക്സിന് തൊട്ടടുത്ത് വച്ച് ഇടത് വിങ്ങിലെത്തിയ വനീഷ്യസിലേക്ക് മറിച്ചു. പന്തിനൊപ്പം മൈതാനത്ത് ഊര്‍ന്നിരുന്നുകൊണ്ട് വിനീഷ്യസ് പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു.
തുടക്കത്തിലേ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയിട്ടും ബാഴ്സയുടെ വീര്യം കെട്ടില്ല. തകപ്പന്‍ കളി തുടര്‍ന്നുകൊണ്ടിരുന്ന അവര്‍ക്കായി 33-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി ഗോളടിച്ചു. ബാഴ്സയുടെ പല മുന്നേറ്റങ്ങളും ഫലം കാണാതെ മടങ്ങിയതുപൊലൊരു റീബൗണ്ടില്‍ പന്ത് ഗ്രൗണ്ട് ടച്ച് ചെയ്യും മുമ്പേ ലെവന്‍ഡോവ്സ്കിയുടെ ബുള്ളറ്റ് ഷോട്ട്. ഫൈനലില്‍ പൊരുതിക്കളിച്ച ബാഴ്സയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്ന ഏക അവസരമായിരുന്നു അത്. അധികം വൈകിയില്ല, സ്വന്തം ഗോള്‍ മുഖത്ത് ബാഴ്സ പ്രതിരോധതാരം റൊണാള്‍ഡ് അരൗജോ വിനീഷ്യസിനെ തള്ളിയിട്ടതിന് റയലിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത വിനീഷ്യസ് സുന്ദരമായി പന്ത് വലയിലെത്തിച്ച് ഫൈനലില്‍ ഹാട്രിക് തികച്ചു.
3 ഗോള്‍ വഴങ്ങി രണ്ടാം പകുതിക്കിറങ്ങിയ ബാഴ്സയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ഛ കുറവായിരുന്നു. റയല്‍ കാര്യമായ മുന്നേറ്റം നടത്താതെ കരുതലോടെ കളിച്ചു. 64-ാം മിനിറ്റില്‍ ലഭിച്ച അവസരത്തില്‍ റോഡ്രിഗോ ബാഴ്സയ്ക്കായി നാലാം ഗോളും നേടി. 71-ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട അരൗജൊ മൈതാനം വിടേണ്ടി വന്നതോടെ പിന്നെയുള്ള മത്സരം ചടങ്ങായി പര്യവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: