തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതി മാര്‍ച്ച് നടത്തേണ്ടത് രാജ്ഭവനിലേക്കല്ല ക്ലിഫ് ഹൗസിലേക്കാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. രാജ്ഭവന് ദളിത് പീഡന കേന്ദ്രമെന്നു പറഞ്ഞ് മാര്‍ച്ച് നടത്താനുള്ള പട്ടികജാതി ക്ഷേമസമിതിയുടെ നീക്കം രാഷ്ട്രീയ നാടകമാണ്. രാജ്യത്ത് പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവുമധികം കൊലപാതകവും അതിക്രമവും പീഡനങ്ങളും നടക്കുന്നത് കേരളത്തിലാണ്.
വാളയാറും വണ്ടിപെരിയാറും അട്ടപ്പാടിയിലെയും കേസുകള്‍ അട്ടിമറിച്ചത് സിപിഎമ്മിന്റെയും പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഗൂഢാലോചന മൂലമായിരുന്നു. പട്ടികജാതിക്കാരെയും ആദിവാസികളെയും തല്ലികൊല്ലുന്ന സംസ്ഥാനമായി കേരളം മാറി. മലപ്പുറത്തു ജിതിന് രാം മഞ്ജിയെയും കോഴിക്കോട് വിശ്വനാഥനെയും തല്ലിക്കൊന്നിട്ടും പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കാത്ത സംസ്ഥാനമാണ് കേരളമെന്നും ഷാജുമോന്‍ പറഞ്ഞു.
പട്ടിക ജാതിക്കാരായ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല. കേരളത്തില്‍ ഇത്രയും അതിക്രമങ്ങള്‍ നടന്നിട്ടും പേരിനെങ്കിലും പ്രതിഷേധിക്കാന്‍ പട്ടികജാതി ക്ഷേമ സമിതി തയാറായില്ല. കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഇത് വരെ മൗനം പാലിച്ച പട്ടികജാതി ക്ഷേമ സമിതി മാര്‍ച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് ആണ് എന്നും ഷാജുമോന്‍ വട്ടേക്കാട് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: