(കൃഷ്ണാര്‍ജുന സംവാദത്തില്‍ നിന്ന്)
ആരെങ്കിലും ആസക്തി രഹിതനായി കേവലം അങ്ങയുടെ ആജ്ഞ അനുസരിച്ച്, സൃഷ്ടി ചക്രത്തിന്റെ പരമ്പര സംരക്ഷിക്കാന്‍ മാത്രം ഒരാള്‍ തന്റെ കര്‍ത്തവ്യം നിര്വഹിക്കുകയാണെങ്കിലോ? (ഭഗവാന് കൃഷ്ണനോട് അര്‍ജുനന്റെ ചോദ്യം)
ഏതൊരുവന് ആത്മാവില്‍ത്തന്നെ രമിക്കുന്നുവോ, ആത്മാവില്‍ത്തന്നെ തൃപ്തിയടയുന്നുവോ, ആത്മാവില്‍ത്തന്നെ സന്തുഷ്ടനാകുന്നുവോ, അവനു കര്ത്തവ്യകര്മ്മമായി യാതൊന്നുമില്ല. ആ മഹാത്മാവ് ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ചെയ്താലും കൊള്ളാം, ഒന്നും ചെയ്തില്ലെങ്കിലും കൊള്ളാം, അയാള്‍ക്ക് ഒരു പ്രയോജനവുമില്ല. അതുപോലെ തന്നെ, സകലപ്രാണികളിലും വച്ച് ഒന്നിനോടും അയാള്‍ക്ക് സ്വാര്‍ത്ഥപരമായ ഒരു ബന്ധവുമില്ല.
എനിക്കും ഇങ്ങനെ ആകാന്‍ പറ്റുമോ ഭഗവാനേ?
അതെ, സാധിക്കും. അതിനാല്‍, സദാ നിസ്സംഗനായി, കര്‍ത്തവ്യ കര്‍മ്മങ്ങള്‍ നന്നായി ആചരിച്ചു കൊള്ളൂ. എന്തുകൊണ്ടെന്നാല്‍, ആസക്തി രഹിതനായി കര്‍മ്മം ചെയ്യുന്നവന് പരമപദം പ്രാപിക്കുന്നു.
ആസക്തി ഇല്ലാതെ കര്‍മ്മം ചെയ്തിട്ട് ആരെങ്കിലും പരമാത്മാവിനെ പ്രാപിച്ചിട്ടുണ്ടോ?
ഉണ്ട്, ആസക്തി രഹിതമായ കര്മ്മാനുഷ്ഠാനത്തിലൂടെത്തന്നെയാണ് ജനകമഹാരാജാവ് തുടങ്ങിയ ജ്ഞാനികള്‍ പരമസിദ്ധിയെ പ്രാപിച്ചത്. അതുകൊണ്ടു മാത്രമല്ല, ലോകക്ഷേമ വിഷയകമായി നോക്കിയാലും കര്‍മ്മം ചെയ്യാന്‍ നീ കടപ്പെട്ടവനാകുന്നു.
എങ്ങനെയാണ് ആ ലോകസംഗ്രഹം?
ഇത് രണ്ട് തരത്തിലാണ് സംഭവിക്കുന്നത് തന്റെ കര്‍ത്തവ്യ പാലനത്തിലൂടെയും തന്റെ വചനത്തിലൂടെയും. ശ്രേഷ്ഠനായ വ്യക്തി എന്തൊക്കെ ചെയ്യുന്നുവോ, അതു തന്നെ മറ്റുള്ളവരും ചെയ്യും; അയാള്‍ എന്തിനെ തന്റെ വചനത്തിലൂടെ പ്രമാണമാക്കുന്നുവോ, അതിനെ ലോകരെല്ലാം അനുകരിക്കും.
ഈശ്വരപ്രാപ്തിയെ സംബന്ധിച്ച് അങ്ങ് ജനകന് മുതലായവരുടെ ഉദാഹരണം പറഞ്ഞതുപോലെ, ലോകസംഗ്രഹത്തിന്റെ കാര്യത്തിലും സമാനമായ ഉദാഹരണമുണ്ടോ?
ഉണ്ട്, എന്റെ തന്നെ ഉദാഹരണം. അര്‍ജ്ജുനാ, മൂന്നു ലോകത്തിലും കര്‍ത്തവ്യമായി എനിക്കു യാതൊന്നുമില്ല; കിട്ടാത്തതും കിട്ടേണ്ടതുമായി ഒന്നുമില്ല. എങ്കിലും ഞാന്‍ കര്‍മ്മം ചെയ്തു കൊണ്ടേയിരിക്കുന്നു.
ഭഗവാനെ, അങ്ങേക്കു കര്‍ത്തവ്യ കര്‍മ്മം ചെയ്യേണ്ടതിന്റെ ആവശ്യം എന്താണ്?
ഉണ്ട് പാര്‍ത്ഥാ, ആവശ്യമുണ്ട്; കാരണം, ഞാന്‍ എപ്പോഴെങ്കിലും കര്‍മ്മങ്ങളില്‍ കണിശമായി ഏര്‍പ്പെടാതിരുന്നാല്‍ ലോകത്തിനു വലിയ ഹാനി വന്നുചേരും. എന്തുകൊണ്ടെന്നാല്‍, എല്ലാകാര്യത്തിലും ആളുകള്‍ എന്റെ മാര്‍ഗത്തെ അനുകരിക്കുന്നു.
ഇതുകൊണ്ട് എന്തു സംഭവിക്കും ഭഗവാനെ?
ഞാന്‍ കര്‍മ്മം ചെയ്യാതിരുന്നാല്‍ ഈ ലോകരെല്ലാം നശിക്കും. തന്നെയല്ല, വര്ണസങ്കരത്തിന് ഞാന്‍ കര്‍ത്താവാകും. അങ്ങനെ മനുഷ്യരാശിയുടെ നാശത്തിനും ഞാന്‍ കാരണമായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: