കുടുസ്സായൊരു തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കില്ല. ബിജെപിയും ആര്‍എസ്എസും ചടങ്ങിനെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നു എന്നാക്ഷേപിച്ചുകൊണ്ടാണത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് ഒടുവില്‍ തീരുമാനം അറിയിച്ചത്. അയോധ്യയിലെ ചരിത്ര പ്രസിദ്ധമായ ചടങ്ങിന് ഇനി ദിവസങ്ങള്‍മാത്രം അതിനിടയില്‍ കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചതല്ലെ യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയം. ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നതിന് മുസ്ലീംലീഗ് എതിരല്ല. കാന്തപുരവും സമസ്തയും എതിരല്ല. മുസ്ലീങ്ങള്‍ക്ക് മക്കപോലെ ക്രിസ്ത്യാനിക്ക് ജറുസലേം പോലെ ഹിന്ദുക്കള്‍ക്ക് അയോധ്യ. അതിലൊരു തെറ്റുമില്ലെന്നാണ് വിവരമുള്ളവരെല്ലാം കാണുന്നത്. പിന്നെ വി.ഡി. സതീശനും സോണിയയ്‌ക്കും ഖാര്‍ഗെയ്‌ക്കുമാണ് കുഴപ്പവും കഴപ്പും. അത് തീവ്രവാദികളുടെ വോട്ടില്‍ നോട്ടമിട്ടാണെന്ന് ആര്‍ക്കാണറിയാത്തത്?
അയോധ്യ ചടങ്ങ് നടത്തുന്നത് ബിജെപിയോ ആര്‍എസ്എസോ അല്ല. ഇവരുടെ ഭാരവാഹികളാരെങ്കിലുമല്ല ക്ഷണിച്ചതും. ക്ഷേത്രനിര്‍മ്മാണ ട്രസ്റ്റാണ്. കോണ്‍ഗ്രസ് ക്ഷണം നിരസിച്ചതു നന്നായി. നിര്‍മ്മാണം പൂര്‍ത്തിയാകാതെ പ്രതിഷ്ഠ നടത്തുന്നതിലാണവര്‍ക്ക് അമര്‍ഷം. നിര്‍മാണം പൂര്‍ത്തിയായോ ഇല്ലയോ എന്നാരെങ്കിലും ചെന്നുനോക്കിയോ? അതില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യദൃഷ്ടി ഉള്ളവരായതിനാല്‍ നോക്കാതെ തന്നെ മനസ്സിലായിക്കാണും. ഈ വികാരവും വിചാരവും അയോധ്യയില്‍ ഉയരുന്ന പള്ളിയുടെ കാര്യത്തിലും ഉണ്ടാകുമായിരിക്കും. അല്ലെ?
അയോധ്യയിലെ പള്ളിനിര്‍മാണത്തിലും അതിന്റെ ഉദ്ഘാടനത്തിലുമില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുമോ? അതിനുള്ള ത്രാണിയും നട്ടെല്ലുമുണ്ടോ? അയോധ്യയില്‍ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു. അത് തകര്‍ത്തിട്ടാണ് അതിന് മുകളില്‍ വിദേശാക്രമി ബാബര്‍കെട്ടിടമുണ്ടാക്കിയത്. അതൊരു നിസ്‌ക്കാരപള്ളിയേ ആയിരുന്നില്ല. ചരിത്രപരമായി ഒരു പ്രാധാന്യവും ആ കെട്ടിടത്തിനില്ല. അഞ്ഞൂറുവര്‍ഷം മുമ്പ് തകര്‍ത്തതിനുശേഷം ഒരുപാട് സമരങ്ങളുണ്ടായി. അതില്‍ നൂറുകണക്കിനാളുകള്‍ മരിച്ചുവീണു. സരയൂനദി പറയും അതിന്റെ സങ്കടങ്ങള്‍.
അമ്പലത്തിന്റെ കല്ലും തൂണുമെല്ലാം ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ കഥ ചരിത്രകാരനും കോഴിക്കോട് സ്വദേശിയുമായ കെ.കെ.മുഹമ്മദ് പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ് കള്ളം പ്രചരിപ്പിച്ചത്. ഒരമ്പലം തകര്‍ത്തതിന് ബാബറോടവര്‍ക്ക് ആദരവായിരുന്നു. ഗാന്ധിവധം നടന്നപ്പോള്‍ നെഹ്രു പറഞ്ഞില്ലെ ആര്‍എസ്എസുകാരാണ് കൊന്നതെന്ന്. അതുപോലെയൊരു കള്ളക്കഥയാണ്. 1992ല്‍ ആ തര്‍ക്കമന്ദിരം തകര്‍ത്തപ്പോള്‍ നരസിംഹറാവുവാണ് പള്ളി തകര്‍ത്തു എന്നുപറഞ്ഞത്. ആ കെട്ടിടം ഇസ്ലാം ആഗ്രഹിക്കുന്നില്ല. പള്ളിയായി കരുതുന്നുമില്ല. രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ ചെയ്യുന്നതെന്താണ്?
ഹമാസിനെ അനുകൂലിച്ച് യോഗവും റാലിയും നടത്തുന്നതിന് ഒരു വിരോധവുമില്ല. ഹലാല്‍ഭക്ഷണമുണ്ടാക്കി വിളമ്പുന്നതിലും വിരോധമില്ല. എസ്ഡിപിഐയുമായി വേദിപങ്കിടാനും വോട്ടുതേടാനും ഒരു മനസാക്ഷിക്കുത്തുമില്ല. മുസ്ലീം ലീഗുമായി കൂട്ടുകൂടുന്നതും മതേതരത്വമാണല്ലൊ? മുജാഹിദ് ബാലുശേരിയുമായി വേദിപങ്കിടാം. മദനിക്കുവേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കാനും സ്വീകരണമൊരുക്കാനും ഒരു മാനസാക്ഷിക്കുത്തുമില്ല. ബീഫ് വിളമ്പാനും ഒരുമറയും മടിയുമില്ല. ഇതെല്ലാം മതേതരത്വം. 370-ാം വകുപ്പുതിരിച്ചുകൊണ്ടുവരും. മുത്തലാക്ക് ന്യായീകരിക്കാം. അയോധ്യയില്‍ പള്ളിപണിയാം. ഇസ്രായേല്‍ പ്രധാനമന്ത്രിയെ വകവരുത്താം. ഇതാണവരുടെ മതേതരത്വം.
അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതാണ് മഹാകഷ്ടം. കോണ്‍ഗ്രസിലെ ആ കഷ്ടത്തില്‍ ഹിമാചലിലെ പാര്‍ട്ടിയില്ല. കര്‍ണാടകയിലെ പാര്‍ട്ടിയില്ല. മധ്യപ്രദേശിലെയും മഹരാഷ്‌ട്രയിലേയും പാര്‍ട്ടിയില്ല. യുപിയില്‍ പാര്‍ട്ടിയേ ഇല്ലാത്തതിനാല്‍ കുഴപ്പമൊട്ടുമില്ല. 22 ന് അയോധ്യയില്‍ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കണമെന്ന് ഹിമാചലിലെ മന്ത്രി വിക്രാദിത്യസിംഗ് പറഞ്ഞതിന്റെ കാരണമാണ് കേമം. പുത്രധര്‍മം പാലിക്കാനാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛന്‍ അഞ്ചുതവണ മുഖ്യമന്ത്രിയായിരുന്നു. അച്ഛന്റെ സ്വപ്‌നമായിരുന്നു അയോധ്യയില്‍ ക്ഷേത്രം. അത് പൂര്‍ത്തിയാകുമ്പോള്‍ എനിക്കെങ്ങിനെ വിട്ടുനില്‍ക്കാനാകുമെന്നായിരുന്നു സിംഗിന്റെ ചോദ്യം. മകനെന്ന നിലയില്‍ എന്റെ കടമയാണത്. ഹിമാചല്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ നിലപാടാണ് കോണ്‍ഗ്രസിനെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്റെ അവകാശവാദം. മതം വേണ്ട വിശ്വാസം വേണ്ട മാര്‍ക്‌സിസം മതി എന്ന് വിശ്വസിക്കുന്ന ഗോവിന്ദന് അത് പറയാം. അങ്ങിനെയാണോ കോണ്‍ഗ്രസുകാര്‍. കാളയും പോയി കയറുംപോയി എന്ന അവസ്ഥയില്‍ വിലപിക്കുന്ന കാലം വിദൂരത്തല്ല എന്ന് കാണാന്‍ കഴിയും. ശ്രീരാമനെ ഉപേക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഉപേക്ഷിക്കാന്‍ സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് ആരെയും ഭയക്കേണ്ടതില്ല.
രാമരാജ്യം, അതായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. രാമനെ ഉപേക്ഷിച്ച കോണ്‍ഗ്രസിന് ഗാന്ധിയെക്കുറിച്ച് പറയാനെന്തവകാശം. രാവണന് വേണ്ടി പ്രാര്‍ത്ഥിക്കാം. പ്രയത്‌നിക്കാം. പേരിനൊപ്പം ചേര്‍ക്കുന്ന ‘ഗാന്ധി’ വിശേഷണവും ഉപേക്ഷിക്കാം. അതല്ലെ മാന്യതയും മര്യാദയും?
ശ്രീരാമജന്മസ്ഥാനത്ത് ക്ഷേത്രമെന്നത് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ മുദ്രാവാക്യമല്ല. അതൊക്കെ ഉണ്ടാകുംമുന്‍പ് ഈ മുദ്രാവാക്യം രാമഭക്തരുടേതായി ഉയര്‍ത്തിയിട്ടുണ്ട്. ശരിയാണ്, വോട്ടുകിട്ടിയാലും നഷ്ടപ്പെട്ടാലും ബിജെപി രാമക്ഷേത്രമെന്ന മുദ്രാവാക്യത്തോടൊപ്പമായിരുന്നു. ബിജെപിയുടെ നിലപാടാണ് കോടതി അംഗീകരിച്ചത്. ക്ഷേത്രനിര്‍മാണം വിജയിപ്പിക്കാനാണ് ബിജെപി പരിശ്രമിച്ചത്. അതില്‍ അഭിമാനവും അന്തസ്സുമുണ്ട്. പ്രാണപ്രതിഷ്ഠ നടത്തുന്നത് നരേന്ദ്രമോദിയായതാണ് കുഴപ്പമെങ്കില്‍ എന്തുചെയ്യാം. അദ്ദേഹം പ്രധാനമന്ത്രിയല്ലെ. ശങ്കരാചാര്യന്മാരുടെ പേര് പൊക്കിപ്പിടിച്ച് കള്ളപ്രചാരണം നടത്തി അതും പൊളിഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് നാടൊരുങ്ങി. നാട്ടുകാരൊരുങ്ങി. അയോധ്യയിലെ പുതിയ വിമാനത്താവളത്തില്‍ 22 ചാര്‍ട്ടേഡ് വിമാനങ്ങളെത്തുന്നു. പ്രധാനമന്ത്രിയാകട്ടെ വ്രതനിഷ്ഠയും തുടങ്ങി. എല്ലാം കൊണ്ടും ഉത്സവമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: