കരുവന്നൂര്‍ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പില്‍ ജയിലിനുള്ളില്‍ കേസിലെ മാപ്പുസാക്ഷിയായ പി.പി. കിരണും 14ാം പ്രതിയായ സതീശന്‍ വെളപ്പായയും തമ്മില്‍ ഗൂഡാലോചന നടന്നതായി റിപ്പോര്‍ട്ട്. ഇഡിയാണ് ഗൂഢാലോചന നടന്നതായി ആരോപിക്കുന്നത്. എറണാകുളും ജില്ലാജയിലില്‍ ഇരുവരും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഇഡി പറയുന്നു.
ഈ കേസില്‍ വെളപ്പായ സതീശനെതിരെ ഏറ്റവും ശക്തമായ മൊഴി നല്‍കിയ വ്യക്തിയാണ് കിരണ്‍. 48.57 കോടിയുടെ തട്ടിപ്പ് നടത്തിയ കിരണ്‍ അതില്‍ നിന്ന് 14 കോടി സതീശന് നല്‍കിയെന്ന് മൊഴി നല്‍കിയിരുന്നു. ഈ രേഖ ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഒരാഴ്ച മുന്‍പ് കിരണ്‍ മൊഴി മാറ്റിയിരിക്കുകയാണ്. തട്ടിപ്പില്‍ വെളപ്പായ സതീശന് പങ്കില്ലെന്നും പങ്കുണ്ടെന്ന രീതിയില്‍ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ഇപ്പോള്‍ കിരണ്‍ മൊഴിമാറ്റിപ്പറയുന്നത്. മാത്രമല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടി കിരണ്‍ ദല്‍ഹിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആറുപേജുള്ള കത്തെഴുതിയിരിക്കുകയാണ്.
തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പുനല്‍കിയാണ് തന്നെക്കൊണ്ട് വെളപ്പായ സതീശനെതിരെ മൊഴി നല്‍കാന്‍ ഇഡി പ്രേരിപ്പിച്ചതെന്നാണ് കിരണിന്റെ ആരോപണം. ഹൈക്കോടതിയില്‍ വെളപ്പായ സതീശന് ജാമ്യം കിട്ടാനാണ് കിരണ്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഇതിന് പിന്നില്‍ ഇരുവരും എറണാകുളം ജില്ലാ ജയിലില്‍ നടത്തിയ ഗൂഢാലോചനയാണെന്നും ഇഡി പറയുന്നു.
ഒരുമിച്ച് നിര്‍ത്തിയാല്‍ പ്രതികള്‍ തമ്മില്‍ ഗൂഢാലോചന നടത്തും എന്നതിനാല്‍ ഇഡിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരെ ഈ ജയിലില്‍ നിന്നും മാറ്റിയിരുന്നു. ഇവിടെ ഉള്ള സതീശനും പി.പി. കിരണും തമ്മില്‍ തുടകക്കത്തില്‍ ബദ്ധശത്രുക്കളായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ ജയിലില്‍ എങ്ങിനെയൊ കൂടിക്കാണുകയും ഗൂഡാലോചന നടത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: