എന്തുകൊണ്ട് രാമന്‍? അതും എണ്ണിയാല്‍ ഒടുങ്ങാത്തത്ര ദേവതകള്‍ ഇരിക്കെ! ഈ ചോദ്യത്തിന് ഉത്തരം സാക്ഷാല്‍ വാല്മീകി മഹര്‍ഷി തന്നെ തന്നിട്ടുണ്ട്-ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് രാമന്‍ (രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ) എന്ന്.
Loyal Rue എന്ന പാശ്ചാത്യ പണ്ഡിതന്‍ Religion Is Not About God എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ആദ്ധ്യാത്മിക പാരമ്പര്യങ്ങള്‍ നമ്മുടെ ജൈവസ്വഭാവത്തെ എങ്ങനെ പരിപോഷിപ്പിക്കുന്നു; അവ അതില്‍ പരാജയപ്പെടുമ്പോള്‍ എന്തു പ്രതീക്ഷിക്കാം എന്നതാണ് അതിന്റെ ഉള്ളടക്കം. പ്രസ്തുത പുസ്തകത്തില്‍ അബ്രഹാമിക് മതങ്ങള്‍ ദൈവകേന്ദ്രിതമായ ജീവിതപദ്ധതികള്‍ മെനഞ്ഞപ്പോള്‍ ഹിന്ദുക്കള്‍ ധര്‍മ്മത്തെ അടിസ്ഥാനമാക്കുന്ന ജീവിതപദ്ധതിയാണ് ആവിഷ്‌കരിച്ചത് എന്നു ചൂണ്ടിക്കാട്ടുന്നു.
എന്താണ് ധര്‍മ്മം? ഹമുറാബിയുടെ നിയമ സംഹിത പോലെയോ പത്തു കല്പനകള്‍ പോലെയോ ഉള്ള ഒരു മത/സമ്പ്രദായപരമായ സദാചാരസംഹിത ആണോ അത്? അങ്ങനെയും വ്യാഖ്യാനങ്ങള്‍ കണ്ടേക്കാം. കാരണം സന്ദര്‍ഭസാപേക്ഷമായി വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ ധര്‍മ്മം എന്ന പദത്തിനുണ്ട്. പക്ഷേ ഹിന്ദു ജീവിതവീക്ഷണത്തേയും കര്‍മ്മ-പുനര്‍ജന്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച ജീവിതപദ്ധതിയേയും മനസിലാക്കുമ്പോഴേ അതിന്റെ യഥാര്‍ത്ഥ പൊരുള്‍ പൂര്‍ണമായും വെളിവാകൂ.
ഈ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം സുഖം ആണ് എന്നതാണ് ഹിന്ദുജീവിതവീക്ഷണം. എല്ലാ ജീവികളുടെയും എല്ലാ തരം പ്രവൃത്തികളുടെയും ആത്യന്തിക ലക്ഷ്യം സുഖമാണ് എന്നാണ് ആയുര്‍വേദാചാര്യനായ ചരകമഹര്‍ഷി പറഞ്ഞിരിക്കുന്നത്. ശാശ്വതം(മോക്ഷം), ക്ഷണികം (കാമം) എന്ന രണ്ടു തലങ്ങളുള്ള ഈ സുഖത്തെയാണ് ഹിന്ദുക്കള്‍ ഒരു സമൂഹം എന്ന നിലക്ക് പൊതുജീവിതലക്ഷ്യമായി കരുതുന്നത്. മോക്ഷം ആണ് അവര്‍ക്ക് ആത്യന്തികമായ ജീവിതലക്ഷ്യം. കാമം ആ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പാഥേയം മാത്രമാണ്. ഈ രണ്ടു തരം സുഖങ്ങളും നേടാന്‍ ജീവിതത്തില്‍ ധര്‍മ്മത്തിന്റെ അനുഷ്ഠാനവും അതിന് അര്‍ത്ഥ(പല തരത്തിലുള്ള ഭൗതികസമ്പത്ത്)വും ആവശ്യമാണ്.
ധര്‍മ്മം എന്നാല്‍ ഒരു സത്തയെ അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നത് ഏതോ അത് എന്നര്‍ത്ഥം. വ്യക്തി, കുടുംബം, സമൂഹം, ലോകം, പ്രകൃതി എന്നീ അഞ്ചു സത്തകളുടെ നിലനില്‍പ്പ് ആണല്ലോ മനുഷ്യരുടെയും നിലനില്‍പ്പിനും ജീവിതലക്ഷ്യം നേടലിനും ആധാരം. ഇവയുടെ നിലനില്‍പ്പ് മനുഷ്യരുടെ ശരീരമനോബുദ്ധിവൃത്തികളെ കൂടി ആശ്രയിച്ചാണല്ലോ. അപ്പോള്‍ ഈ സത്തകളുടെ നിലനില്‍പ്പിന് അവശ്യം വേണ്ടുന്ന ആ ശരീരമനോബുദ്ധിവൃത്തികളെയാണ് ഇവിടെ ധര്‍മ്മം എന്നു കണക്കാക്കുന്നത്.
വേദത്തില്‍ വിശ്വസിച്ചാലും(മീമാംസ) ഇല്ലെങ്കിലും (അവൈദിക സമ്പ്രദായങ്ങള്‍) ദൈവം ഉണ്ട് (വൈദികം, ശൈവം, ശാക്തം, വൈഷ്ണവം തുടങ്ങിയ സമ്പ്രദായങ്ങള്‍) എന്നു കരുതിയാലും ഇല്ല (ചാര്‍വാകം, മീമാംസ, ജൈനം, ബൗദ്ധം) എന്നു കരുതിയാലും അമ്പലത്തില്‍ (തന്ത്രസമുച്ചയാദികളില്‍ വിവരിക്കുന്ന ക്ഷേത്രോപാസനാപദ്ധതി) പോയാലും ഇല്ലെങ്കിലും ആത്മാവ് ഉണ്ടെന്ന് കരുതിയാലും (വൈദികം, ജൈനം) ഇല്ലെന്ന് കരുതിയാലും (ബൗദ്ധമാര്‍ഗം) ഇവയൊന്നും അല്ലാതെ കേവലം സദസദ്വിവേകപൂര്‍വം (സാംഖ്യം, ന്യായം) ജീവിച്ചാലും മേല്‍ നിര്‍വചിച്ച ധര്‍മ്മത്തിന്റെ ശരിയായ അനുഷ്ഠാനത്തിലൂടെ ആര്‍ക്കും മേല്‍പ്പറഞ്ഞ ക്ഷണികമോ ശാശ്വതമോ ആയ സുഖം നേടാന്‍ കഴിയും എന്നതാണ് ഭാരതീയ നിലപാട്.
ആന്‍ഡ്രൂ ഹ്യൂബര്‍മാന്‍ പ്രസിദ്ധനായ ന്യൂറോബയോളജിസ്റ്റ് ആണ്. അദ്ദേഹത്തിന്റെ ഹ്യൂബര്‍മാന്‍ ലാബിലെ ഹൗ ആന്‍ഡ് വൈ മെഡിറ്റേറ്റ് തുടങ്ങിയ വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ ആധുനികശാസ്ത്രം ഭാരതീയമായ ധാര്‍മ്മികതയെ എത്ര മാത്രം ശരിവയ്‌ക്കുന്നു എന്നു മനസിലാക്കാം.
മാലോകര്‍ ഭിന്നരുചികളാണ് എന്ന യാഥാര്‍ത്ഥ്യം ഹിന്ദു ദാര്‍ശനികര്‍ പണ്ടേ മനസിലാക്കിയിരുന്നു. അതിനാല്‍ ഓരോരോ വ്യക്തിയുടെയും അഭിരുചിക്ക് ഇണങ്ങുന്ന ജീവിതമാര്‍ഗങ്ങളും വിഭിന്നങ്ങളാകും എന്നും അവര്‍ കണ്ടു. തന്മൂലം അവരവര്‍ക്ക് ചേരുന്ന വഴികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്വഭാവികമായി ശരിയാണ് എന്നും അവര്‍ മനസിലാക്കി.
ഈ അഭിരുചി ഭേദങ്ങള്‍ക്കു കാരണം മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലഭേദം ആണെന്നും അവര്‍ അനുമാനിച്ചു. ഈ കര്‍മ്മഫലത്തെ ഇച്ഛാശക്തിയാല്‍ അനുകൂലമായ തരത്തില്‍ മാറ്റുവാന്‍ കഴിയും (യോഗവാസിഷ്ഠം) എന്നും അവര്‍ കണ്ടെത്തി. ഭാരതീയമായ ഈ കര്‍മ്മ-പുനര്‍ജന്മസിദ്ധാന്തത്തെ സാധൂകരിക്കാന്‍ ഉതകുന്ന പല പഠനങ്ങളും പാശ്ചാത്യ പണ്ഡിതന്മാര്‍ ഇന്നു നടത്തി വരുന്നു. എഡ്വേര്‍ഡ് കെല്ലി (The rreducible Mind), ബ്രൂസ് ഗ്രെയ്‌സണ്‍ (After: A Doctor Explores What Near Death Experiences Reveal about Life and Beyond, The Hand book of Near Death Experiences: Thirty Year-s of Investigation), Epigenetics ശാസ്ത്രജ്ഞരായ ബ്രൂസ്. എച്ച്. ലിപ്റ്റണ്‍ (Biology of Belief), റൂപര്‍ട്ട് ഷെല്‍ഡ്രേക്ക് (Morphic Resonance, The Presence of the Past) തുടങ്ങിയവരുടെ നിഗമനങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളാണ്.
ധര്‍മ്മാധിഷ്ഠിതമായ അര്‍ത്ഥ കാമമോക്ഷസമ്പാദനം എന്ന ഈ ജീവിതമാതൃക വനവാസികള്‍ മുതല്‍ നാനാശ്രേണികളിലുള്ള എല്ലാ ഹിന്ദുവിഭാഗങ്ങളുടെയും ഒന്നിനൊന്നു വ്യത്യസ്തമായ ജീവിതസമ്പ്രദായങ്ങളെ എല്ലാം അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു കുടക്കീഴില്‍ സഞ്ചിതമാക്കുന്നു. മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളോടു സ്വത്വം നഷ്ടപ്പെടാതെ പൊരുത്തപ്പെടാന്‍ വേണ്ട ലാഘവം അതിന്റെ ഘടനയില്‍ അന്തര്‍ഗതം ആണ് എന്ന് സൂക്ഷ്മപഠനത്തില്‍ വെളിവാകും. മനുഷ്യന്റെ വൈകാരികവും വൈചാരികവും സാംസ്‌കാരികവും ആയ എല്ലാ ചോദനകളേയും അതു കണക്കിലെടുക്കുന്നു. അതായത് മനുഷ്യജീവിതത്തെ അതിന്റെ സമഗ്രതയില്‍ അത് ഉള്‍ക്കൊള്ളുന്നു എന്നു കാണാം. ചുരുക്കത്തില്‍ മോക്ഷോന്മുഖമായ ഹിന്ദു ജീവിതപദ്ധതിയുടെ മര്‍മ്മം ആണ് ധര്‍മ്മം. അതിന്റെ പൂര്‍ണ്ണപ്രതീകമാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍. ഇതാണ് രാമന്റെ പ്രാധാന്യവും പ്രസക്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: