രാംലല്ല ഹം ആയേംഗെ മന്ദിര്‍ വഹിം ബനായേംഗെ… ലോകത്തെയാകെ ത്രസിപ്പിച്ച മുദ്രാവാക്യം. സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള രഥയാത്രയെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ ആവേശത്തിലാക്കിയ ലാല്‍കൃഷ്ണ അദ്വാനിയുടെ ആ വാക്കുകള്‍ ഇന്നും തലമുറഭേദമില്ലാതെ ജനങ്ങള്‍ ഏറ്റെടുക്കുന്നു, കര്‍സേവ കരേംഗെ… മന്ദിര്‍ വഹിം ബനായേംഗെ, ഉസ്കോ കോന്‍ രോകേഗാ? അയോദ്ധ്യയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ ഉജ്ജയിനിയില്‍ ചേര്‍ന്ന ബജരംഗദള്‍ സമ്മേളനത്തില്‍ ഒരു ഇരുപത്തിരണ്ടുകാരനാണ് ആദ്യം ആ മുദ്രാവാക്യം വിളിച്ചത്. പേര് സത്യനാരായണ മൗര്യ. അദ്ധ്യാപകനാകാനിറങ്ങി കര്‍സേവകനായി മാറിയ ബാബ സത്യനാരായണ മൗര്യ. പില്ക്കാലത്ത് അതിപ്രശസ്തരായി മാറിയ സമരനായകര്‍ക്കൊപ്പം പേരില്ലാതെ, മുഖമില്ലാതെ വരച്ചും എഴുതിയും ലോകത്തിനാകെ ആവേശം പകര്‍ന്ന കലാകാരന്…
1986ലാണ് ഉജ്ജയിനിയില്‍ ബജ്രംഗ്ദള് ക്യാമ്പ് നടന്നത്. വൈകിട്ട് നടന്ന സാംസ്കാരിക പരിപാടികള്‍ക്കിടെയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ മൗര്യ അത് വിളിച്ചത്, രാം ലല്ല ഞങ്ങള്‍ വരും, ക്ഷേത്രം അവിടെ നിര്‍മ്മിക്കും. ഈ മുദ്രാവാക്യം എല്ലാ ഭാഷകളിലും മുഴങ്ങി. ബിജെപി അതേറ്റെടുത്തു. എല്ലാ തെരഞ്ഞെടുപ്പിലും ഇതേ മുദ്രാവാക്യം മുഴങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പരിഹസിക്കാനായും ഇത് വിളിക്കാന്‍ തുടങ്ങി. അവര്‍ ഒരു വരി കൂട്ടിച്ചേര്‍ത്തു, ക്ഷേത്രം അവിടെ നിര്‍മ്മിക്കും, തീയതി ഞങ്ങള്‍ പറയില്ല എന്നായിരുന്നു അത്. ഛത്തീസ്ഗഡില്‍ ഇക്കുറി തെരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ ആ പരിഹാസത്തിന് മറുപടി നല്കി. തീയതി ഞങ്ങള്‍ പറയുന്നു എന്നായിരുന്നു തിരിച്ചടി.
മൗര്യ നിരവധി സമരഗീതങ്ങളെഴുതി. ചുവരുകളിലും ബാനറുകളിലും മുദ്രാവാക്യം കോറിയിട്ടു. അശോക് സിംഘല്‍ പറഞ്ഞത് അനുസരിച്ച് 1990ല്‍ മൗര്യ അയോദ്ധ്യയിലേക്ക് പോയി. ചുവരെഴുത്തായിരുന്നു ജോലി. മുദ്രാവാക്യങ്ങള്‍ സിംഘല്‍ജിക്ക് ഇഷ്ടമായി. പാട്ടുകളും മറ്റും ദല്‍ഹിയില്‍ റെക്കോഡ് ചെയ്ത് കാസറ്റാക്കി. ലോകമെങ്ങും അത് പാടി. വേദികളില്‍ സത്യനാരായണന് പാട്ടുകള്‍ പാടി… രക്ത് ദേംഗെ പ്രാണ്‍ ദേംഗെ മന്ദിര്‍ കാ നിര്മ്മാണ് കരേംഗെ… രഘുവരനാണേ സത്യം ക്ഷേത്രം അവിടെ നിര്‍മ്മിക്കും, രാമക്ഷേത്രം നിര്‍മ്മിക്കും എന്ന് മലയാളത്തിലടക്കം ഹരമായി പടര്‍ന്ന ഗാനങ്ങള്‍ പിറന്നത് സത്യനാരായണന്റെ തൂലികയില്‍നിന്നാണ്.
തൊണ്ണൂറിലെ കര്‍സവയ്ക്കും കര്‍സേവകരുടെ ബലിദാനങ്ങള്‍ക്കും ശേഷം സത്യനാരായണന് തര്‍ക്കമന്ദിരം നീങ്ങാതെ താടി വടിക്കില്ലെന്ന് ശപഥമെടുത്തു. എംകോമിന് ഗോള്‍ഡ് മെഡലിസ്റ്റായി, അദ്ധ്യാപകനാകാനിറങ്ങിയ സത്യനാരായണന് അങ്ങനെ ബാബയായി. 1992ലെ നിര്‍ണായകമായ കര്‍സേവയ്ക്കും സത്യനാരായണനെത്തി. ബാനറുകളെഴുതാന്‍ അദ്ദേഹം തയാറാക്കിയ തുണിയാണ് രാംലല്ലയുടെ താത്കാലിക ക്ഷേത്രത്തിന് ശ്രീകോവിലായത്.
അക്കാലത്ത് നാല് അടി വീതിയുള്ള തുണി അപൂര്‍വമായേ കിട്ടിയിരുന്നുള്ളൂ, ഉജ്ജയിനില്‍ നിന്ന് മൂന്ന്-നാല് തുണിക്കഷണങ്ങളുമായാണ് അദ്ദഹം അയോദ്ധ്യയിലേക്ക് പോയത്. തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ ഞങ്ങള്‍ അതേ അവശിഷ്ടങ്ങളില്‍ ഒരു പീഠം സ്ഥാപിച്ച് ബാലകരാമനെ പ്രതിഷ്ഠിച്ചു.
കല്ലുകള്‍ നിരപ്പാക്കി, തൂണുകള്‍ കുഴിച്ചിട്ട് ബാനറിനുപയോഗിച്ച പിങ്ക് തുണി വലിച്ചുകെട്ടി ക്ഷേത്രമാക്കി. ശേഷം ഭിത്തി കെട്ടാന്‍ അവസരം ലഭിച്ചപ്പോള്‍ കൈകൊണ്ട് ഇഷ്ടിക പാകാന്‍ തുടങ്ങി. എട്ടാം തീയതിയാണ് കേന്ദ്രപോലീസ് എത്തിയത്. അപ്പോഴേക്ക് നേതാക്കളെല്ലാം അണ്ടര്‍ഗ്രൗണ്ടിലായി.
തര്‍ക്കമന്ദിരം തകരുന്ന സമയത്ത് അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കൊപ്പം തന്നെ സത്യനാരായണനും നിലയുറപ്പിച്ചിരുന്നു. അവിടുണ്ടായിരുന്ന നാല്പതുപേരും പ്രതികളായി. പ്രശസ്തനല്ലാത്തതുകാരണം സത്യനാരായണന് പ്രതിയായില്ല…
രാമജന്മഭൂമി മുന്നേറ്റത്തിന്റെ മുഴുവന്‍ ചരിത്രവും ബാബ പിന്നീട് വരച്ചു. 76 യുദ്ധങ്ങള്‍, നാലര ലക്ഷം രാമഭക്തരുടെ ബലിദാനം.. സമര്‍പ്പിത ജീവിതങ്ങള്‍… അമേരിക്കയില്‍ മാത്രം 57 തവണ ഇത് പ്രദര്‍ശിപ്പിച്ചു. ബാബ തിരക്കിലാണ്.. മോദിക്കും സിംഘല്‍ജിക്കുമൊപ്പം ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു. പ്രശസ്തിയെക്കുറിച്ച് ചോദിച്ചാല്‍ ബാബ പറയും, എന്റെ പേര് പ്രധാനമന്ത്രിക്ക് അറിയാം. അതില്‍ക്കൂടുതലെന്ത് പ്രശസ്തി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: