നാലുവര്‍ഷത്തിനിടെ ഞാന്‍ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചു. നാല് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര, വിദേശ സാഹചര്യങ്ങള്‍ വളരെയധികം മാറിയിട്ടുണ്ടെന്ന് യാത്രകളില്‍ ഞാന്‍ കണ്ടെത്തി. സാമ്പത്തിക വികസനത്തിലും സാമൂഹിക ഭരണത്തിലും ഇന്ത്യ മികച്ച നേട്ടം കൈവരിച്ചു. അതിന്റെ മഹത്തായ ശക്തിയുടെ തന്ത്രം സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങി എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും, അപകടസാധ്യതകളും പ്രതിസന്ധികളും ഉണ്ട്.
സാമ്പത്തിക വികസനത്തിലും സാമൂഹിക ഭരണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തി. സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ ആക്കം കൂട്ടി. അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറാനുള്ള പാതയിലാണ് ഇന്ത്യ. അതോടൊപ്പം, നഗര ഭരണത്തില്‍ പുരോഗതി കൈവരിക്കുകയും ചെയ്തു. ദല്‍ഹിയില്‍ വിമാനമിറങ്ങുമ്പോള്‍ത്തന്നെ ആ മാറ്റം അനുഭവപ്പെടും. മൂടല്‍മഞ്ഞ് ഇപ്പോഴും ഗൗരവമുള്ള വിഷയമാണെങ്കിലും, നാല് വര്‍ഷം മുമ്പ് വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ അനുഭവപ്പെട്ട വ്യതിരിക്തമായ രൂക്ഷ ഗന്ധം പൊതുവെ ഇല്ലാതായിരിക്കുന്നു. അവിടത്തെ പൊതു അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണത്.
ദ്രുതഗതിയിലുള്ള സാമ്പത്തിക-സാമൂഹിക വികസനത്തോടെ, ഇന്ത്യ കൂടുതല്‍ തന്ത്രപരമായ ആത്മവിശ്വാസം കൈവരിച്ചിരിക്കുന്നു. ‘ഭാരത് ആഖ്യാനം’ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും കൂടുതല്‍ സജീവമായി മാറിയിട്ടുമുണ്ട്. ഇന്ത്യ-ചൈന വിദഗ്ധതല സംഭാഷണങ്ങളില്‍, ആശ്രയഭാവം വിട്ട് ആധികാരികതയുടെ ഭാഷയിലേയ്ക്കു മാറാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്കു കഴിയുന്നു. ഉദാഹരണത്തിന്, ചൈനയും ഇന്ത്യയും തമ്മിലുള്ള ‘വ്യാപാര അസന്തുലിതാവസ്ഥ’ ചര്‍ച്ച ചെയ്യുമ്പോള്‍, വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനുള്ള ചൈനയുടെ സഹായനടപടികളിലാണ് ഇന്ത്യന്‍ പ്രതിനിധികള്‍ മുന്‍പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ ഇന്ത്യയുടെ കയറ്റുമതി സാധ്യതകള്‍ക്ക് ഊന്നല്‍ നല്കുന്നു. ഇന്ത്യയില്‍ നിന്നു ചൈനയിലേയ്ക്കുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാന്‍ സജീവമായി ശ്രമിക്കുന്നു.
നയതന്ത്ര മേഖലയില്‍, ഇന്ത്യ അതിവേഗം വന്‍ശക്തി തന്ത്രത്തിലേക്ക് മാറിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതുമുതല്‍, യുഎസ്, ജപ്പാന്, റഷ്യ, തുടങ്ങിയ രാജ്യങ്ങളുമായും പ്രാദേശിക സംഘടനകളുമായും ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ബഹുമുഖ തന്ത്രത്തിന് വേണ്ടി അദ്ദേഹം ശ്രമിച്ചുപോരുന്നു. ഇപ്പോള്‍, വിദേശനയത്തിലെ ഇന്ത്യയുടെ തന്ത്രപരമായ ചിന്ത മറ്റൊരു മാറ്റത്തിന് വിധേയമായിട്ടുണ്ട്. അത് വ്യക്തമായും ഒരു വന്‍ശക്തി തന്ത്രത്തിലേക്ക് നീങ്ങുകയാണ്. റഷ്യ-ഉക്രെയ്ന് സംഘര്‍ഷവുമായി ബന്ധപ്പെട്ട്, ഇന്ത്യ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുകയും വികസ്വര രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. പാശ്ചാത്യ ശക്തികളോടുള്ള ഇന്ത്യയുടെ വിധേയത്വം ഗണ്യമായി കുറഞ്ഞു. കൂടാതെ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായിത്തീര്‍ന്നു. ഇത് വലിയ തോതിലുള്ള പ്രവാസി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അപ്പുറമാണ്.
രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍, ഇന്ത്യ പാശ്ചാത്യരാജ്യങ്ങളുമായുള്ള ജനാധിപത്യ സമവായത്തിന് ഊന്നല്‍ നല്കുന്നതില് നിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ‘ഇന്ത്യന്‍ സവിശേഷത’ ഉയര്‍ത്തിക്കാട്ടുന്നതിലേക്ക് നീങ്ങി. നിലവില്‍, ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ ആശയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ‘ഇന്ത്യന്‍ ജനാധിപത്യ മാതൃകയുടെ’ ആവശ്യകത വിദേശങ്ങളില്‍ ഊന്നിപ്പറഞ്ഞു.
ഇന്ത്യ ഒരു കോളനി എന്ന നിലയിലുള്ള ചരിത്രത്തിന്റെ ഫലമായ ‘രാഷ്ട്രീയ അപകര്ഷതയില്’ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല, രാഷ്ട്രീയമായും സാംസ്കാരികമായും ഒരു ‘ലോക ഉപദേഷ്ടാവ്’ ആയി മാറാനും ഇന്ത്യ ആഗ്രഹിക്കുന്നു. 2023 ഡിസംബറില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് 35 രാജ്യങ്ങളില്‍ നിന്നുള്ള 77-ലധികം വിദഗ്ധരെ ഒരുമിപ്പിച്ച് ആദ്യത്തെ ‘നോളജ് ഇന്ത്യ വിസിറ്റേഴ്സ് പ്രോഗ്രാം’ സംഘടിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ ശക്തമായ ‘ഭാരത് ആഖ്യാനം’ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം അവിടെ ഊന്നിപ്പറയുകയും സാമ്പത്തികം, വികസനം, രാഷ്ട്രീയം, സംസ്കാരം എന്നിവയില്‍ ‘ഭാരത് ആഖ്യാനം’ വിശദീകരിക്കുകയും ചെയ്തു. ഇന്ത്യ ഇനിമേല്‍ സ്വന്തം സാംസ്കാരിക പാരമ്പര്യത്തെ സ്വന്തം താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാനുള്ള ചാനലായോ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രതീകമായോ മാത്രമല്ല കാണുക. ഇന്ത്യയുടെ മഹത്തായ ശക്തിയുടെ നെടുംതൂണുകളില്‍ ഒന്നായിത്തന്നെ കാണും.
ദീര്‍ഘകാല നയത്തിന്റെ യുക്തിക്ക് അനുസൃതമാണ് ആഭ്യന്തര, ബാഹ്യ നയങ്ങളിലെ ഇന്ത്യയുടെ ഇത്തരം മാറ്റങ്ങള്‍. അവര്‍ എപ്പോഴും സ്വയം ലോകശക്തിയായി കണക്കാക്കുന്നു. മള്‍ട്ടി-ബാലന്‍സിംഗില്‍ നിന്ന് മള്‍ട്ടി-അലൈന്മെന്റിലേക്ക് ഇന്ത്യ മാറിയിട്ട് 10 വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോള്‍ അത് മള്‍ട്ടിപോളാര്‍ ലോകത്ത് ഒരു ധ്രുവമാകാനുള്ള തന്ത്രത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രത്തില്‍ അത്തരം മാറ്റങ്ങളുടെ ഈ വേഗത വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. തീര്‍ച്ചയായും ഇന്ത്യ ഇന്നൊരു വലിയ ശക്തിയാണ്. ആഭ്യന്തരവും ബാഹ്യവുമായ തന്ത്രങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പല രാജ്യങ്ങളും പരിഗണിക്കേണ്ട പുതിയ ഭൗമരാഷ്ട്രീയ ഘടകമായി രൂപാന്തരപ്പെട്ട, ശക്തവും ഉറച്ചതുമായ ഇന്ത്യയായി അവര്‍ മാറിയതായി തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: