എല്ലാ കണക്കുകൂട്ടലും പിഴയ്‌ക്കുകയാണ് കേരളത്തിലെ ഭരണക്കാര്‍ക്ക്. കണക്കും സാമ്പത്തിക ഇടപാടും തമ്മില്‍ വലിയ ബന്ധമുണ്ട്. അക്കമൊന്നു തെറ്റിയാല്‍ മതി, സാഹിത്യത്തിലെ ‘ഇമ്മിബല്യഒന്നാ’വില്ല ഫലം, ആകെ തകരാറിലാകും. അപ്പോള്‍ കണക്കാകെ തെറ്റിയാലോ. അങ്ങനെ തെറ്റുന്ന കണക്കും തെറ്റാത്ത കണക്കും കുറച്ചു പറയാം.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാരിനെ നയിക്കുന്നത്. അതിന്റെ അടിസ്ഥാന കാഴ്ചപ്പാടും രീതിയും ചിലര്‍ക്കെങ്കിലും നല്ലതാണെന്ന് തോന്നിപ്പോകും. ആഴത്തില്‍ അതേക്കുറിച്ച് പഠിക്കാത്തതുകൊണ്ടാണത്. കാള്‍ മാര്‍ക്‌സ് ജീവിച്ചിരുന്നെങ്കില്‍ തിരുത്തുമായിരുന്ന അദ്ദേഹംതന്നെ അവതരിപ്പിച്ച അടിസ്ഥാന കാഴ്ചപ്പാടുകളാണതില്‍ പലതും. പക്ഷേ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ കമ്യൂണിസമെന്നാല്‍ ഭൗതികവാദമെന്നുപോലുമല്ല, ‘ആത്മീയവാദവിരുദ്ധ’മാണെന്ന തോന്നലുണ്ടാക്കുന്ന പ്രചാരണവും പ്രവര്‍ത്തനവുമാണ് തുടക്കം മുതല്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെ മതവിശ്വാസ നിരാസം, ആത്മീയതാ വിരുദ്ധം എന്നൊക്കെ ഈ ഇസം കൊട്ടിഘോഷിക്കപ്പെട്ടു. കേരളത്തില്‍ അത് കൂടുതല്‍ വഷളാക്കി, മതധ്വംസനമാക്കി, മാറ്റുകയും ഹിന്ദു സംസ്‌കാരത്തിന്റെ ഉന്മൂലനമാണ് അടിസ്ഥാന ലക്ഷ്യമെന്നും ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും, ധരിപ്പിക്കുകയും ചെയ്തു. അത് ഈ ഇസത്തിന്റെ തുടക്കകാലം മുതലേ കേരളത്തില്‍ ഒരു അജണ്ടയായി മാറി.
അധികാരത്തിലെത്തിയപ്പോള്‍ മാത്രമേ ക്രിസ്തുമതവിഭാഗങ്ങളോട് കമ്യൂണിസ്റ്റുകള്‍ ഈ നയം പ്രകടിപ്പിച്ചിരുന്നു. അപ്പോഴും ഹിന്ദുഇതര മതവിഭാഗങ്ങളോട് അങ്ങനെയുണ്ടായില്ല. ഏറ്റവും ആക്രമിച്ചത് ഹിന്ദു സംസ്‌കാരത്തെയാണ്. അതിനായി അവര്‍ സാഹിത്യം ചമച്ചു, വേദേതിഹാസങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം രചിച്ചു, ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കാന്‍ മത്സരിച്ചു. അങ്ങനെയൊക്കെ ഹൈന്ദവ സംസ്‌കാരത്തെ അതിവേഗം നശിപ്പിക്കാമെന്ന തെറ്റിദ്ധാരണയിലായിരുന്നു അവര്‍ ആദ്യകാലത്ത്. എന്നാല്‍, ആ സംസ്‌കാരത്തിന്റെ സംരക്ഷകരായി വ്യക്തികളും സമൂഹങ്ങളും സംഘടനകളും വന്നപ്പോള്‍ ചെറുത്തുനില്‍പ്പ് അവരോടായി. അതാണ് കമ്യൂണിസ്റ്റുകളുടെ കേരളത്തിലെ വര്‍ഗസംഘര്‍ഷത്തിന്റെ സാംസ്‌കാരിക മതവിശ്വാസമേഖലയിലെ സംക്ഷിപ്ത ചരിത്രം.
പില്‍ക്കാലത്ത് ക്രിസ്ത്യന്‍-ഇസ്ലാം മതവിഭാഗങ്ങളോട് തോളില്‍ കൈയിട്ടുള്ള കൂട്ടായപ്പോഴും ഹിന്ദുസംസ്‌കാരത്തെ വെല്ലുവിളിക്കുന്നതും അവസരങ്ങളിലെല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്നതും അവര്‍ തുടര്‍ന്നു. ആരാധനാലയങ്ങളുടെ അപചയമായിരുന്നു അതിന് കണ്ടെത്തിയ എളുപ്പവഴി. ആ ലക്ഷ്യത്തില്‍ ആവുന്നതെല്ലാം ചെയ്തു, ഇന്നും ചെയ്യുന്നു. ഹിന്ദു ജനസമൂഹത്തിന്റെ കൂടിച്ചേരലുകള്‍, വിശ്വാസാധിഷ്ഠിതമായ ആഘോഷങ്ങള്‍, ആചാരങ്ങള്‍, പുരാണേതിഹാസ പുണ്യഗ്രന്ഥങ്ങളിലെ സാഹിത്യ-സാംസ്‌കാരിക പ്രചോദനങ്ങള്‍ ഇവ ഇല്ലാതാക്കുകയായിരുന്നു പദ്ധതി. അതിന് ജാതിസംഘര്‍ഷങ്ങള്‍ ഉണ്ടാക്കി, അതിനെ വര്‍ഗ്ഗ സംഘര്‍ഷമാക്കി പ്രോത്സാഹിപ്പിച്ച് വളര്‍ത്തി. പുതിയ പുതിയ ഓരോ അടവുനയങ്ങള്‍ ഇന്നും തുടരുന്നു. ഇപ്പോള്‍ നേരിട്ടുള്ള സംഘര്‍ഷത്തിനും സംഘട്ടനത്തിനും പകരം നിയമത്തിന്റെ വഴിയിലൂടെയുള്ള സഞ്ചാരങ്ങളാണ്. ജനാധിപത്യ സംവിധാനത്തില്‍ നിയമം നിര്‍മിക്കുന്നതിനുള്ള അധികാരവും അത് നടപ്പിലാക്കാനുള്ള ചട്ടപ്രകാരമുള്ള ആള്‍ബലമുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണ്. അതിനൊപ്പം, മരംവെട്ടാന്‍ അതേ മരത്തിന്റെ ചില്ലകൊണ്ടുണ്ടാക്കുന്ന കോടാലി സഹായിക്കുന്നതുപോലെ ‘ഒക്കച്ചങ്ങാതിമാരെ’ ഹിന്ദുജനതതിയില്‍നിന്ന് അവര്‍ക്ക് കിട്ടുകയും ചെയ്യുന്നുവെന്നത് മറ്റൊരു ദുഃഖം.
പക്ഷേ, സനാതനമായ ധര്‍മത്തെ, സമുദ്രംപോലൊരു സംസ്‌കാര പ്രവാഹത്തെ, ഇല്ലാതാക്കിക്കളയാമെന്ന കണക്കുകൂട്ടല്‍ തെറ്റിപ്പോകുന്ന കാഴ്ചയാണെമ്പാടും. താല്‍ക്കാലികമായ കൊച്ചു കൊച്ചു വിജയങ്ങളില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്നുവെന്നു മാത്രം; അത് പ്രകടനം മാത്രമാണ്. പരാജിതരുടെ പയറ്റുതന്ത്രങ്ങളിലൊന്ന്. 2019 ല്‍ യുവതി പ്രവേശന വിവാദത്തില്‍ ശബരിമലയില്‍ ആ കണക്ക് തെറ്റിയത് തിരിച്ചറിഞ്ഞു. അതിനു മുമ്പും പിന്‍പും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദേവസ്വത്ത് സര്‍ക്കാര്‍ ചെലവിന് വിനിയോഗിക്കാനുള്ള ആസൂത്രണത്തിന്റെ കണക്കു തെറ്റിപ്പോയി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെല്ലാം ഏറ്റെടുത്ത് അവയുടെ ദേവസ്വം സ്വത്ത് ‘പൊതുസ്വത്തും അങ്ങനെ പാര്‍ട്ടിസ്വത്തുമാക്കാനുള്ള കണക്കുകൂട്ടലുകള്‍ പിഴച്ചു. എന്തിനേറെ, ശബരിമലയാണ് ഏറ്റവും കുറച്ചുനാള്‍കൊണ്ട് ഏറ്റവും വിശ്വാസികള്‍ വ്രതാനുഷ്ഠാനങ്ങളോടെ ദര്‍ശനം നടത്തുന്ന ലോകത്തെ ഏറ്റവും വലിയ ആരാധനാ കേന്ദ്രം. ആ ചരിത്രം മറ്റ് ആര്‍ക്കൊക്കെയോ വേണ്ടി തകര്‍ത്തില്ലാതാക്കാന്‍ നടത്തിയ കണക്കുകൂട്ടലുകളും പിഴച്ചു.
ചില സംഭവങ്ങള്‍ നോക്കുക. ശബരിമല ക്ഷേത്രം പതിറ്റാണ്ടുകളായി ഭരിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. അവര്‍ക്കറിയാത്തതല്ല ശബരിമലയിലെ ഭക്തരുടെ വരവും തിരക്കും ആവശ്യങ്ങളും സൗകര്യങ്ങളും സൗകര്യക്കുറവും എല്ലാമെല്ലാം. പക്ഷേ വ്രതനിഷ്ഠരായി ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയവര്‍ക്കെല്ലാം അതിന് സൗകര്യമൊരുക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നയിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പരാജയപ്പെട്ടു. കോടതി നിര്‍ദ്ദേശിച്ച ‘നിയന്ത്രണ സംവിധാനം’ ഭക്തരെ വിലക്കുന്ന ‘നിരോധന’മാക്കി മാറ്റേണ്ടി വന്നു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ കണക്ക് തെറ്റി. അരവണ 10 ടിന്നായി ആദ്യം നിയന്ത്രിച്ചു പിന്നെ അഞ്ചാക്കി, ഒടുവില്‍ രണ്ടാക്കി. കണക്കുകൂട്ടല്‍ അടിമുടി പിഴച്ചു, പിഴയ്‌ക്കുന്നു. ചരിത്രത്തിലാദ്യമായിരിക്കും ശബരിമല തീര്‍ത്ഥാടകരെ സന്നിധാനത്തും, പമ്പയിലും നിലയ്‌ക്കലും എരുമേലിയിലും മാത്രമല്ല, കിലോമീറ്ററുകള്‍ക്കകലെ ഏറ്റുമാനൂരിലെ ഇടത്താവളങ്ങത്തില്‍ ‘പൂട്ടിയിട്ട’സംഭവം. അയ്യപ്പന്മാരുടെ വാഹനങ്ങള്‍ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുവിടാതെ യാത്ര നിരോധിച്ചു കളഞ്ഞു സര്‍ക്കാര്‍. കണക്കുകൂട്ടല്‍ പിഴച്ചതിന്റെ കറുത്ത അടയാളം, ഒരിക്കലും മായ്‌ക്കാന്‍ പറ്റാത്ത കളങ്കം.
ഭരണഘടന ‘മതനിരപേക്ഷ’ രാജ്യത്ത് ഭരണഘടനയിലൂടെ വിശ്വാസികള്‍ക്ക് നല്‍കുന്ന അവകാശമാണ് കേരള സര്‍ക്കാര്‍ ലംഘിച്ചത്. നഗ്‌നമായ ഭരണഘടനാ ലംഘനം. ആദ്ധ്യാത്മികതയെ തകര്‍ക്കാന്‍, പ്രത്യേകിച്ച് ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാന്‍, കമ്യൂണിസ്റ്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ പക്ഷേ ഫലിക്കുന്നില്ല എന്നതിന് തെളിവാണ് ശബരിമലയിലേക്കുള്ള വിശ്വാസികളുടെ പ്രവാഹത്തിലെ വര്‍ദ്ധന. ശബരിമലയില്‍ സൗകര്യങ്ങള്‍ കുറഞ്ഞതല്ല, വരുന്നവരുടെ എണ്ണം കൂടിയതാണ് കാരണമെന്ന മറ്റൊരു ന്യായവാദ കാപ്‌സ്യൂള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇറക്കുമ്പോള്‍ അവര്‍തന്നെ സമ്മതിക്കുകയാണ്, ജനങ്ങളുടെ ഭക്തിയും വിശ്വാസവും കൂടുന്നുവെന്ന്. വിശ്വാസികളുടെ എണ്ണം കൂടുന്നുവെന്ന്. ക്ഷേത്രങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍ വര്‍ധിക്കുന്നുവെന്ന്. ഉള്ള ക്ഷേത്രങ്ങളുടെ പ്രഭാവം കൂടുന്നുവെന്ന്. അതായത്, കമ്മ്യൂണിസ്റ്റുകളുടെ അടിസ്ഥാനകണക്ക് പിഴയ്‌ക്കുന്നുവെന്ന്.
അതേസമയം, ആത്മീയ-ആധ്യാത്മിക-സാംസ്‌കാരിക പ്രഭാവം വര്‍ധിക്കുമെന്നുള്ള ചിലരുടെ കണക്കുകൂട്ടല്‍ കൃത്യമാകുന്ന കാഴ്ചയാണ് അങ്ങ് ഉത്തര്‍പ്രദേശില്‍ അയോദ്ധ്യയില്‍ ശ്രീരാമ ജന്മഭൂമിയില്‍ക്കാണുന്നത്. 1528 ല്‍ മുഗള്‍ ഭരണാധികാരി ബാബറുടെ സേനാനായകന്‍ മിര്‍ ബഖി രാമക്ഷേത്രം തകര്‍ത്ത് നിര്‍മിച്ച കെട്ടിടത്തിടുത്ത് ക്ഷേത്രനിര്‍മാണത്തിനനുമതി ചോദിച്ച് 1885 ല്‍, മഹന്ത് രഘുബീര്‍ ദാസ്, യുപിയിലെ ഫൈസാബാദ് ജില്ലാ കോടതിയില്‍ ചെന്നത് ഒരു കണക്കുകൂട്ടലിലായിരുന്നു. ആ കണക്കുകൂട്ടല്‍ ഒട്ടും പിഴയ്‌ക്കാതെ 138 വര്‍ഷത്തിനുശേഷം, 2023 ല്‍ ലോകം മുഴുവന്‍ അത്ഭുതത്തോടെ കാണുന്ന ശ്രീരാമക്ഷേത്ര നിര്‍മാണ പൂര്‍ത്തീകരണമായി മാറുമ്പോള്‍ ശരിയായ കണക്കുകൂട്ടല്‍ വിജയിക്കുമെന്ന് തെളിയുക കൂടിയാണ് ചെയ്യുന്നത്. അതെ കണക്ക് അക്കങ്ങള്‍ ആധാരമാക്കിയാണ്. തെറ്റാതെ പ്രയോഗിച്ചാല്‍ കണക്കുകൂട്ടല്‍ പിഴക്കില്ല; കള്ളക്കണക്കുകള്‍ എന്നും പൊളിഞ്ഞ ചരിത്രമല്ലേ രാജ്യത്തുള്ളൂ.
പിന്‍കുറിപ്പ്:
തൃശൂരില്‍ നാരീശക്തി സംഗമം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തുടര്‍ദൗത്യത്തിലെ അടുത്ത പരിപാടിക്ക് പോയി. ഇവിടെ കുറച്ച്‌പേര്‍ ചാണകവെള്ളം കലക്കിക്കൊണ്ട നടക്കുന്നു, മറ്റുചിലര്‍ അവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണവും നല്‍കുന്നു. രാമായണത്തില്‍, രാക്ഷസരാജാവ് രാവണന്റെ സമ്പൂര്‍ണനാശം സംഭവിക്കുന്നതിന് മുമ്പ് അത് രാവണ കിങ്കരിയായ ത്രിജട സ്വപ്‌നത്തില്‍ കാണുന്നുണ്ട്. രാവണന്‍ നഗ്നനായി, ചാണകക്കുഴിയില്‍, എണ്ണയും ദേഹമാകെ തേച്ച്, തലയില്‍ രാമച്ചംകൊണ്ടുള്ള മാലയും കെട്ടിവെച്ച് കിടക്കുന്നതായി. നാരീശക്തി സംഗമവിജയം കണ്ട് രാവണന്മാര്‍ക്ക് സമാന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: