തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികള്‍ വഴി കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാമെന്നിരിക്കെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങി വില്‍ക്കുന്ന ട്രേഡിങ് കമ്പനിയായി കെഎസ്ഇബി മാറിയെന്ന് ബിഎംഎസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്ശന് പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാത്തത് മൂലം കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ഗ്രാന്റാണ് ബോര്‍ഡിന് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിഎ കുടിശ്ശിക പൂര്‍ണമായും തീര്‍ത്ത് നല്‍കുക, ലീവ് സറണ്ടര്‍, സ്റ്റാറ്റിയൂട്ടറി പെന്ഷന് എന്നിവ പുന:സ്ഥാപിക്കുക, ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) വൈദ്യുതി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളിവാസല്‍, വഞ്ചിയം, ഭൂതത്താന്‍കെട്ട് പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ 3170 കോടി രൂപയാണ് കെഎസ്ഇബിക്ക് നല്‍കാനുള്ളത്. കുടിശ്ശിക പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയുന്നതാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി. എന്നാല്‍ കേന്ദ്രസര്‍ക്കാരിനോടുള്ള വിരോധംമൂലം പദ്ധതി നടിപ്പിലാക്കാതെ കുടിശ്ശികക്കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ശിവജി സുദര്ശന് പറഞ്ഞു.
കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗീരിഷ് കുളത്തൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി.ആര്. അനില്‍, ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, കെഎസ്ടി എംപ്ലോയിസ് സംഘ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പ്രദീപ് വി. നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: