(നാരായണ കവചം ആത്മരക്ഷയ്ക്ക് അവസാനഭാഗം)
ഹയഗ്രീവനെ വധിക്കുവാനായി ഭഗവാന് മത്സ്യാവതാരം കൈക്കൊണ്ടു. ഹയഗ്രീവനെ വധിച്ച് വേദങ്ങള്‍ ബ്രഹ്മാവിന് നല്കി. ജലത്തിലെ ഒരു ജീവിയില്‍ നിന്നും എനിക്ക് അപകടം സംഭവിക്കരുതേ എന്നു പ്രാര്‍ഥിക്കുക. കരയില്‍ ത്രിവിക്രമനായി വാമനമൂര്‍ത്തി മാറി വിശ്വരൂപനായി മഹാബലിയെ സുതലത്തിലേയ്ക്ക് പറഞ്ഞയച്ച വഴി ആകാശത്തില്‍ സര്‍വത്ര വ്യാപിച്ചു നില്ക്കുന്ന ഭഗവാന് എന്നെ രക്ഷിക്കട്ടേ. ഹിരണ്യകശുപുവിനെ വധിച്ച നരസിംഹമൂര്‍ത്തി സര്‍വദിക്കിലും അട്ടഹാസത്തില്‍ അസുരവംശത്തെയടക്കി, കാട് യുദ്ധഭൂമി തുടങ്ങിയ ദുര്‍ഗങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കട്ടേ.
യജ്ഞസ്വരൂപനും ദംഷ്ട്ര കൊണ്ട് ഭൂമിയെ പാതാളത്തില്‍ നിന്ന് ഉയര്‍ത്തിയ വരാഹമൂര്‍ത്തിയും പര്‍വതശിഖരങ്ങളില്‍ ഭാര്‍ഗവ രാമനും, അന്യദേശങ്ങളില്‍ ശ്രീരാമചന്ദ്രനും എന്നെ രക്ഷിക്കട്ടെ. ആഭിചാരം തുടങ്ങി ഉഗ്രകര്മ്മങ്ങളില് നിന്നും പ്രമാദത്തില്‍ നിന്നും നാരായണ ഭഗവാന് എന്നെ രക്ഷിക്കട്ടേ. ഗര്‍വത്തില്‍ നിന്ന് നരനും യോഗഭ്രംശത്തില് നിന്ന് യോഗേശ്വരനായ ദത്തത്രേയ മുനിയും, കര്‍മ്മബന്ധത്തില്‍ നിന്ന് ഗുണേശ്വരനായ കപില മുനിയും എന്നെ രക്ഷിക്കട്ടെ. ഗുണേശ്വരനായ കപില മുനിയും എന്നെ രക്ഷിക്കട്ടെ. കാമദേവന് നിമിത്തമുണ്ടാകുന്ന ദോഷത്തില്‍ നിന്ന് സനകാദികളായ കുമാരന്മാരും ഹയഗ്രീവനും ദേവര്‍ഷി നാരദനും കൂര്മ്മമൂര്ത്തിയും എന്നെ രക്ഷിക്കട്ടേ.
അപഥ്യഭക്ഷണ ദോഷത്തില്‍ നിന്ന് ധന്വന്തര മൂര്‍ത്തിയും ഇന്ദ്രിയങ്ങളെ ജയിച്ച ഋഷഭ ദേവനും ലോകാപവാദത്തില്‍ നിന്ന് യജ്ഞമൂര്‍ത്തിയും ആപത്തില്‍ നിന്ന് ബലരാമനും, അജ്ഞാനത്തില്‍ നിന്ന് ജ്ഞാനിയായ വ്യാസമുനിയും, ബുദ്ധദേവനും ധര്‍മ്മരക്ഷക്കായി കല്‍ക്കി കലികാല ദോഷത്തില്‍ നിന്നും എന്നെ രക്ഷിക്കട്ടേ. പ്രാതകാലത്ത് കേശവന് ഗദകൊണ്ടും, അസംഗവത്തില് വേണു ധരിച്ച ഗോവിന്ദനായും പ്രാഹ്നത്തില്‍ ഉല്‍ക്ക ശക്തിയോടുകൂടിയ നാരായണനും മധ്യാഹ്നത്തില്‍ ഉഗ്രശക്തിയുള്ള ചക്രത്തെ ധരിച്ച വിഷ്ണു ഭഗവാനും എന്നെ രക്ഷിക്കട്ടെ. അപരാഹ്നത്തില്‍ മധുവൈരിയും സായംകാലത്തില്‍ മൂന്ന്വിധ തേജസ്സോടുകൂടിയ മാധവനും പ്രദോഷത്തില്‍ ഋഷികേശനും അര്‍ദ്ധരാത്രിയിലും നിശീഥത്തിലും ഏകനായ പത്മനാഭനും എന്നെ രക്ഷിക്കട്ടേ. അപരാത്രത്തില് ശ്രീവത്സം ധരിച്ച ഈശ്വരനും അരുണോദയത്തില്‍ വാള് ധരിച്ച ജനാര്‍ദ്ദനനും എല്ലാ സന്ധ്യകളിലും ദാമാദരനും പ്രഭാതത്തില്‍ കാലസ്വരൂപനായ ഭഗവാനും എന്നെ രക്ഷിക്കട്ടേ. സുദര്‍ശന ചക്രവും ഗദയും ഭഗവാന്റെ പ്രിയപ്പെട്ട ആയുധങ്ങളാണ്. ഇവ കൊണ്ട് കൂശ്മാണ്ഡര്, ദൈവനായകര്, യക്ഷന്മാര്, രക്ഷസ്സുകള്‍ ഭൂതങ്ങള്‍, ദുര്‍ഗ്രഹങ്ങള്‍ തുടങ്ങിയ ശത്രുക്കളെ നശിപ്പിച്ചാലും. പാഞ്ചജന്യം, വാള്, പരിച ഇവ കൊണ്ട് ശത്രുക്കളെ ഇല്ലാതാക്കുക. ഗ്രഹങ്ങള്‍ ധുമകേതുക്കള്‍, സര്പ്പാദികള്, വ്യാഘ്രാധികള്, ഭൂതപ്രേതാദികള്‍, പാപചിന്തകള്‍ തുടങ്ങി സര്‍വ്വവും നശിക്കട്ടെ. ശ്രേയസ്സിനെ തടസ്സപ്പെടുത്തുന്നതെല്ലാം ഭഗവദ് നാമങ്ങള്‍ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും നിശ്ശേഷം നശിക്കട്ടെ. വിശ്വക് സേനന് രക്ഷിക്കട്ടേ. ബുദ്ധി പ്രാണനെയും, മനസ്സ് ഇന്ദ്രിയങ്ങള്‍ എന്നിവയെയും രക്ഷിക്കട്ടേ. സത്തായും സര്‍വജ്ഞനുമായ ഭഗവാന് ഹരി സകല സ്വരൂപങ്ങളെക്കൊണ്ടും ഞങ്ങളെയെല്ലാം കാത്തു രക്ഷിക്കട്ടേ.
ഈ മന്ത്രത്താല്‍ ധരിക്കുന്ന കവചം കൊണ്ട് സകല ശത്രുക്കളേയും പരാജയപ്പെടുത്താന്‍ കഴിയും. ഈ കവചം ധരിക്കുന്നവന് ആരില്‍ നിന്നും ഭയം ഉണ്ടാകുകയില്ല. ഏത് രംഗത്തും വിജയിക്കും. ശ്രീവത്സം, കൗസ്തുഭം, വനമാല, വൈജയന്തി ഇവയുള്ള ഭഗവാന് എട്ടു ദിക്കുകളിലും മുകളിലും താഴെയുമായി പത്ത് ദിക്കിലും നിറഞ്ഞ് നിന്ന് സര്വരക്ഷ നല്‍കും. സര്‍വജീവജാലങ്ങളും കവചം ധരിച്ചവനെ നമസ്ക്കരിക്കും. സര്‍വഭയങ്ങളില്‍ നിന്നും രക്ഷ നേടും. ഈ മന്ത്രസിദ്ധിയില്‍ ഇന്ദ്രന് നഷ്ടപ്രതാപം തിരിച്ചുനേടി. ത്രൈലോക്യാധിപനായി തീര്‍ന്നു.
നാരായണ കവച മന്ത്രത്തിന്റെ അവസാനത്തില്‍ ശ്രീഹരിയുടെ നാമം, രൂപം, ആയുധം, ശ്രേഷ്ഠരായ പാര്ഷദഗണം ഇവയെല്ലാം എന്റെ ബുദ്ധി, ഇന്ദ്രിയം, മനസ്സ്, പ്രാണന് ആദിയായവയെ സകല ആപത്തുകളില്‍ നിന്നും രക്ഷിക്കട്ടെ.
യഥാഹി ഭഗവാനേവ
വസ്തുതഃ സദസച്ചയത്
സത്യേനാനേന നഃ
സര്‍വേ യാന്തു നാശമുപദ്രവാഃ
യാതൊരു സത്തും അസത്തുമായ പ്രപഞ്ചമുണ്ടോ അത് വാസ്തവത്തില്‍ ഭഗവാന് തന്നെയാണ്. ഈ സത്യത്തിന്റെ പ്രഭാവത്താല്‍ എന്റെ സകല വിഘ്നങ്ങളും നീങ്ങുമാറാകട്ടെ.
മറ്റ് ശ്ലോകങ്ങള്‍ ഓര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഒരു ശ്ലോകം അര്ത്ഥഭാവനയോടുകൂടെ നിത്യം ചൊല്ലുന്നതായാല്‍ വിഘ്നങ്ങളൊന്നും ഉണ്ടാകുന്നതല്ല. സര്‍വ്വവ്യാപിയായ ഭഗവാന് സമ്പൂര്‍ണ രൂപങ്ങളാല്‍ സദാ രക്ഷിക്കുന്നതായിരിക്കും.
വിശ്വരൂപന് അസുരരേയും സഹായിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ദേവന്ദ്രന് വജ്രായുധം കൊണ്ട് വിശ്വരൂപനെ സംഹരിച്ചുകളഞ്ഞു. ഗുരു ശിഷ്യരെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാ ഗുണങ്ങളും പരീക്ഷിക്കേണ്ടതാണെന്നും ഈ കഥ നമുക്ക് പറഞ്ഞുതരുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: