മുംബൈ: കുപ്രസിദ്ധ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചെലവഴിച്ച അമ്മയുടെ നാല് സ്വത്തുക്കള്‍ കൂടി ലേലത്തില്‍ വില്‍ക്കാന്‍ ധാരണ. ദാവൂദിന്റെ മാതാവ് ആമിന ബിയുടെ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള കാര്‍ഷിക സ്വത്തുവകകളാണ് വെള്ളിയാഴ്ച ലേലം ചെയ്യുന്നത്.
രത്നഗിരി ജില്ലയിലെ മുംബാകെ ഗ്രാമത്തിലാണ് ദാവൂദ് വളര്‍ന്നത്. സ്വത്ത് കണ്ട് കെട്ടല്‍ നിയമപ്രകാരമുള്ള സ്വത്തുവകകളാണ് ലേലത്തിന് വെയ്‌ക്കുന്നത്. മോദി ഭരണത്തില്‍ വന്നതിന് ശേഷമുള്ള കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം ദാവൂദിന്റെ 11 സ്വത്തുക്കളോളം കണ്ടുകെട്ടി ലേലം ചെയ്തിട്ടുണ്ട്. ഇതെല്ലാം ചെറിയ തുകകളുടെ സ്വത്തുക്കളായിരുന്നു. ആകെ 19.2 ലക്ഷം രൂപയാണ് ലേലത്തില്‍ കിട്ടിയത്.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള സഫേമയുടെ നടത്തിപ്പുകാരും മറ്റ് മഹാരാഷ്‌ട്ര സംസ്ഥാന സര്‍ക്കാര്‍ അധികൃതരും ചേര്‍ന്നായിരിക്കും ലേലം നടത്തുക. കള്ളക്കടത്തുകാര്‍ക്കും വിദേശ നാണ്യ ചൂഷകര്‍ക്കും വേണ്ടിയുള്ള (സ്വത്ത് കണ്ട് കെട്ടല്‍) നിയമമാണ് സഫേമ.
വെള്ളിയാഴ്ച നടക്കാന്‍ പോകുന്ന നാല് സ്വത്തുക്കളുടെ ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ബുധനാഴ്ചയാണ് അവസാന ദിവസം. ഇ-ലേലം, പൊതുലേലം, സീല്‍വെച്ച കവറില്‍ ടെണ്ടര്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിശ്ചയിക്കപ്പെട്ട അടിസ്ഥാന തുക മുന്‍കൂറായി കെട്ടിവെയ്‌ക്കണം.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനില്‍ ആരോ വിഷം കൊടുത്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ദാവൂദിന്റെ അനുയായിയായ ഛോട്ടാ ഷക്കീര്‍ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
2017ല്‍ സഫേമ അധികൃതര്‍ വിലകൂടിയ ചില സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റിരുന്നു. ഹോട്ടല്‍ റോങ്ക് അഫ്രോസ്, ശബ്നം ഗസ്റ്റ് ഹൗസ്, ഭെന്ദി ബസാറിനടുത്തുള്ള ആറ് മുറികളുള്ള ദമര്‍വാല ബില്‍ഡിംഗ് എന്നിവ 11 കോടി രൂപയ്‌ക്കാണ് ലേലം ചെയ്തത്. ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കാസ്കര്‍ 2017 പാതി വരെ താമസിച്ച ഇടമാണ് ദമര്‍വാല ബില്‍ഡിംഗ്. പിന്നീട് ഇഖ് ബാല്‍ കാസ്കര്‍ അന്തരിച്ച സഹോദരി ഹസീന പാര്‍കറുടെ നാഗ് പാഡയിലെ ഗോര്‍ഡന്‍ ഹാള്‍ അപാര്‍ട്മെന്‍റിലേക്ക് താമസം മാറ്റി. ഇവിടെ നിന്ന് 2017ല്‍ ഇഖ്ബാല്‍ കാസ്കറെ അറസ്റ്റ് ചെയ്തു. അതിന് ശേഷം ഇതുവരെയും ഇയാള്‍ ജയിലിലാണ്.
ദാവൂദ് ഇബ്രാഹിമിന് ഇപ്പോള്‍ 76 വയസ്സായി. അധോലോകനായകനായി ഇനി ദാവൂദ് ഇബ്രാഹിന് ഒരു തിരിച്ചുവരവില്ല. മിഡ് ജേണി എന്ന എഐ ആപ് ഉപയോഗിച്ച് ഈയിടെ ഇന്ത്യാ ടുഡേ പുറത്തുവിട്ട ഇപ്പോഴത്തെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: