ബെംഗളൂരു: 17 -ാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന മഹാസതി ശില കണ്ടെത്തി. കര്‍ണാടകയിലെ കമ്പിലി എന്ന പ്രദേശത്ത് കൃഷിപ്പണികള്‍ ചെയ്യുന്നതിനിടെയാണ് ശില കണ്ടെത്തിയത്. ചിരിത്രകാരന്‍മാരുടെ അഭിപ്രായത്തില്‍ ഈ പ്രതിമ വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്നാണ് സൂചന. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതിമയില്‍ ആയുധധാരിയായ ഒരു സ്ത്രീയും ഒപ്പം ഒരു പെണ്‍കുട്ടിയും നില്ക്കുന്ന രൂപം കൊത്തിവച്ചിട്ടുണ്ട്. ശിലകണ്ടെത്തിയ കര്‍ഷകരാണ് ഇതിനെ വൃത്തിയാക്കി അധികൃതര്‍ക്ക് കൈമാറിയത്. ഗവേഷകനും ചരിത്രകാരനുമായ ശരണ്‍ബാസപ്പ കുല്‍ക്കര്‍ ശില കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു. കൂടാതെ ശിലയുടെ കാലപ്പഴക്കം മനസ്സിലാക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധഭൂമിയില്‍ രാജ്യത്തിന്റെ ജീവന് ബലിയര്‍പ്പിച്ച ഒരു ധീരന് സമര്‍പ്പിച്ചിരിക്കുന്ന കല്ലുകളാണ് വീരക്കല്ലുകള്‍. കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള ഇത്തരം കല്ലുകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. തന്റെ ഗ്രാമത്തിലെ മനുഷ്യരുടെയും സ്വത്തിന്റെയും സംരക്ഷണത്തിനായി നിസ്വാര്‍ത്ഥമായി ജീവന് പണയം വച്ച അത്തരം മനുഷ്യര്‍ അര്‍ദ്ധദൈവത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ഗ്രാമത്തിന്റെ നായകനായി മാറുകയും ചെയ്തിരുന്നു.
വീരഗല്ലു (ഹീറോ സ്റ്റോണ്‍) ശില്പങ്ങള്ക്ക് സമാനമായ മസ്തിഗല്ലു അല്ലെങ്കില്‍ മഹാസതി കല്ല്, ഇണകള്‍ മരിച്ച ശേഷം അവര്‍ക്കു വേണ്ടി ജീവന് ത്യജിച്ച സ്ത്രീകള്‍ക്കായി സ്ഥാപിക്കപ്പെട്ടവയാണ്. അഞ്ചാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് കര്‍ണാടകയിലെ മസ്തിഗല്ലുകള് അഥവാ മഹാസതി ശിലകള്‍ സ്ഥാപിക്കപ്പെട്ടത്. സാധാരണയായി മസ്തി ഗല്ലുകളില് കൊത്തിവയ്ക്കുന്ന രൂപത്തിന്റെ വലതു കൈ ഉയര്‍ത്തി വെച്ചിരിക്കും. ഇത് മരണത്തിലൂടെ സ്വര്‍ഗത്തിലേക്ക് ഉയരുന്ന സ്ത്രീയുടെ മഹത്വത്തെ സൂചിപ്പിക്കുന്നു എന്നാണ് പ്രമാണം. യുദ്ധഭൂമിയില്‍ ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് സ്വയം തീകൊളുത്തി മരണം ക്ഷണിച്ച സ്ത്രീയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്മാരകശിലകളും ഇക്കൂട്ടത്തില്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: