ചെന്നൈ: കറുത്ത എംജിആര്‍ എന്നായിരുന്നു ഒരിക്കല്‍ വിളിപ്പേര്. പക്ഷേ അന്നൊന്നും വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ആരും വിചാരിച്ചിരുന്നതേയില്ല. 2005ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എന്തിനും ഒപ്പം നിന്നത് എഐഎഡിഎംകെയില്‍ നിന്നും പുറത്തുവന്ന പ്രമുഖ രാഷ്ട്രീയ നേതാവ് പന്റുട്ടി രാമചന്ദ്രന്. പിന്നീട് വിജയകാന്തിന്റെ ഭാര്യ പ്രേമലതയും ഭാര്യാ സഹോദരന് സുധീഷും പിടിമുറുക്കിയതോടെ പന്റുട്ടി വീണ്ടും അണ്ണാഡിഎംകെയിലേക്ക് മടങ്ങി.
വിജയകാന്ത് പ്രസിഡന്റും പന്റുട്ടി രാമചന്ദ്രന് പ്രസീഡിയം ചെയര്‍മാനും ഫാന്‍സ് അസോസിയേഷന് പ്രസിഡന്റായിരുന്ന രാമു വസന്തന് ജനറല്‍ സെക്രട്ടറിയുമായായിരുന്നു തുടക്കം. 2006ല്‍ 234 സീറ്റില്‍ തനിച്ച് മത്സരിച്ചെങ്കിലും ജയിച്ചത് വിജയകാന്ത് മത്സരിച്ച വിരുദാചലം മണ്ഡലത്തില്‍ മാത്രം. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും തനിച്ചായിരുന്നു മത്സരം. 2011ല്‍ ഡിഎംകെയെ തോല്പിക്കാന് എന്ന ന്യായം പറഞ്ഞ് അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കി. ഡിഎംഡികെ 29 ഇടത്ത് വിജയിച്ചു. ഫലം വന്നതിനു ശേഷം സഖ്യം പൊളിഞ്ഞു. ജയലളിത മുഖ്യമന്ത്രിയായി, വിജയകാന്ത് പ്രതിപക്ഷ നേതാവും. പലപ്പോഴും സഭയില്‍ ജയലളിതക്കെതിരെ ശക്തമായ വാദമുയര്‍ത്തി വിജയകാന്ത്. ഭാവി മുഖ്യമന്ത്രി എന്നുപോലും വിജയകാന്ത് വിശേഷിപ്പിക്കപ്പെട്ടു.
എന്നാല്‍, പാര്‍ട്ടിയില്‍ പോര് രൂക്ഷമായി. എട്ട് എംഎല്‍എമാര്‍ അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. 2014 ല്‍ മത്സരിച്ചത് ബിജെപിക്കൊപ്പം. ബിജെപിക്കൊപ്പം 2016 ല്‍ ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നിട്ടും ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന ജനക്ഷേമ മുന്നണിക്കൊപ്പം ചേരാനായിരുന്നു വിജയകാന്തിന്റെ തീരുമാനം. സിപിഐ, സിപിഎം വൈകോയുടെ എംഡിഎംകെയും ഉള്‍പ്പെട്ട സഖ്യത്തില്‍ മത്സരിക്കാനുള്ള ഈ നീക്കത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിഷേധമുയര്‍ന്നു. വിജയകാന്ത് ഫാന്‍സ് അസോസിയേഷന് പ്രസിഡന്റടക്കമുള്ളവര്‍ ഇതോടെ പാര്‍ട്ടി വിട്ടു.
വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ജനക്ഷേമ മുന്നണിക്ക് കനത്ത തിരിച്ചടിയേറ്റു. ഉലുന്തര്‍പ്പേട്ട് മണ്ഡലത്തില്‍ മത്സരിച്ച വിജയകാന്ത് 34,000 വോട്ട് നേടി മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ സഖ്യങ്ങള്‍ മാറിമാറി പരീക്ഷിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയും ബിജെപിയും ഉള്‍പ്പെട്ട എന്‍ഡിഎ. സഖ്യത്തില്‍ മത്സരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎംഎംകെയും എസ്ഡിപിഐയും എഐഎംഐഎമ്മുമടക്കമുള്ള സഖ്യത്തിനൊപ്പം മത്സരിച്ചെങ്കിലും അതുവരെയുള്ള ഏറ്റവും കുറഞ്ഞ വോട്ടു ശതമാനമായ 0.43 ലേക്ക് കൂപ്പുകുത്തി.
പൊതുയോഗങ്ങളിലും മറ്റും വിജയകാന്തിന്റെ പെരുമാറ്റം പലപ്പോഴും വിമര്‍ശനത്തിനു വിധേയമായി. സ്വന്തം പ്രവര്‍ത്തകരെയും നേതാക്കളേയും വഴക്കു പറഞ്ഞു. ശക്തമായ ഇരുമുന്നണികള്‍ക്കിടെ ഇടമുറപ്പിക്കാന്‍ ശ്രമിച്ച് ഒരു പരിധി വരെ വിജയിച്ചെങ്കിലും രാഷ്ട്രീയത്തില്‍ എത്തേണ്ടിടത്ത് എത്താതെയാണ് ക്യാപ്റ്റന്‍ വിടപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: