ശ്രീനഗര്‍: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കശ്മീരിലെ പൂഞ്ച്, രജൗരി തുടങ്ങിയ അതിര്‍ത്തി മേഖലകളില്‍ സന്ദര്‍ശനം നടത്തി സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തി. കഴിഞ്ഞദിവസം പൂഞ്ചില്‍ സൈനികവാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായ സാഹചര്യത്തിലാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം.
സൈനികരുടെ ധീരതയിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ജമ്മു കശ്മീരിലെ ഭീകരവാദം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സൈന്യം വിജയം നേടുമെന്ന കാര്യത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. രജൗരി അതിര്‍ത്തിയില്‍ സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു. ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം ഉറപ്പ് നല്കി. ഓരോ സൈനികനും നമുക്ക് പ്രധാനപ്പെട്ടതാണ്. അവര്‍ നമ്മുടെ കുടുംബാംഗങ്ങളാണ്. ഈ വികാരം ഭാരതത്തിലെ ഓരോ പൗരനുമുണ്ട്, സിങ് പറഞ്ഞു.
രാജ്യത്തെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തം കൂടി സൈന്യത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാര്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും സൈന്യത്തിന് നിര്‍ദേശം നല്കി. ജമ്മു കശ്മീരില്‍ ഭീകരവാദം അവസാനിപ്പിക്കുന്നതിനും തുടച്ചുനീക്കാനുമുള്ള പ്രതിബദ്ധതയോടെ സൈന്യം മുന്നോട്ട് പോകണം. രാഷ്‌ട്രത്തിനുവേണ്ടി, ജന്മനാടിനുവേണ്ടിയാണ് സൈനികര്‍ ത്യാഗമനുഭവിക്കുന്നത്. സൈനികര്‍ക്ക് നഷ്ടപരിഹാരം നല്കുന്നുണ്ടെങ്കിലും അതൊന്നും ഒരു സൈനികന്റെ വീമൃത്യുവിന് പകരമാകില്ലെന്നും രാജ്നാഥ് പറഞ്ഞു. ഭാരതസേന മറ്റെന്നത്തേക്കാളും ഇന്ന് ശക്തമാണ്. വലിയ ലക്ഷ്യമാണ് സൈന്യത്തിനുള്ളത്. യുദ്ധം ജയിക്കുക, ഭീകരരെ ഇല്ലാതാക്കുക, ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടുക. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് സൈനികരുടെ സ്ഥാനമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് ഒരു ദിവസത്തെ പര്യടനത്തിനായി ഇന്നലെ രാവിലെ 11നാണ് രാജ്നാഥ് സിങ് ജമ്മുവിലെത്തിയത്. പ്രദേശത്തെ സാധാരണക്കാരുമായി സംവദിച്ച പ്രതിരോധമന്ത്രി മരിച്ച മൂന്ന് ചെറുപ്പക്കാരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്, നോര്‍ത്തേണ്‍ കമാന്‍ഡ്, ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവര്‍ രാജ്നാഥ് സിങ്ങിനെ ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: