ശബരിമല: പൊന്നമ്പല വാസന് മണ്ഡല പൂജാ സമയം ചാര്‍ത്താന്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് നടയ്ക്കുവച്ച തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ്.
രാവിലെ എട്ടിന് റാന്നി പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്കയങ്കി ഘോഷയാത്ര ളാഹ, പ്ലാപ്പള്ളി വഴി ഉച്ചയ്ക്ക് 12ന് നിലയ്ക്കല്‍ എത്തി. ഇവിടെ നിലയ്ക്കല്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സ്മൃതിന്, സ്പെഷല്‍ ഓഫീസര്‍ വിജയകുമാര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് പേടകത്തില്‍ പൂമാല ചാര്‍ത്തി സ്വീകരിച്ചു.
തുടര്‍ന്ന് പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നിലെത്തിയ ഘോഷയാത്രയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വീകരണം നല്കി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ന് പമ്പയില്‍ എത്തിയ രഥത്തില്‍ നിന്ന് തങ്കയങ്കി പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചു.
പമ്പ ദേവസ്വം സ്പെഷല്‍ ഓഫീസര്‍ മനോജ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവരുടെ നേത്യത്വത്തിലാണ് തങ്കയങ്കി പേടകം സ്വീകരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിലേക്കാനയിച്ചത്. ഇവിടെ വൈകിട്ട് മൂന്ന് വരെ ഭക്തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. 3.30ന് തങ്കയങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് പുറപ്പെട്ടു.
പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇക്കുറി തിരുവാഭരണ പേടകം വഹിക്കുന്നവരാണ് പമ്പയില്‍ നിന്നും തങ്കയങ്കി പേടകംസന്നിധാനത്തേക്ക് എത്തിച്ചത്. അഞ്ചിന് ശരംകുത്തിയിലെത്തിയ തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജു, സോപാനം സ്പെഷല്‍ ഓഫീസര്‍ അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്കാനയിച്ചു.
6.15ന് പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്, സ്പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന്, ചീഫ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി സോപാനത്തേയ്ക്ക് ആനയിച്ചു. സോപാനത്ത് വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ഭഗവാന് ചാര്‍ത്തി ദീപാരാധന നടത്തി.
നാദവും ശരണം വിളിയും ഇഴുകി ചേര്‍ന്ന സന്ധ്യയില്‍ ഭക്തര്‍ കര്‍പ്പൂര ആരതിയും ഈ നിമിഷത്തെ വരവേറ്റത്. തുടര്‍ന്ന് ഏഴ് മണിയോടെ ദര്‍ശനത്തിനായി തീര്‍ത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: