വര്‍ക്കല: ഏകത്വത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ് ശ്രീനാരായണഗുരുദേവന്‍ പഠിപ്പിച്ചതെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 91-ാമത് ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷം ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശതാബ്ദി ആഘോഷിക്കുമ്പോള്‍ ഭൂതകാലത്തെ ഓര്‍ക്കുക മാത്രമല്ല ഭാവിയെ പ്രചരിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സ്നേഹം, അനുകമ്പ, ദയ തുടങ്ങിയ മൂല്യങ്ങളാണ്. ഒരു മതവും മറ്റൊന്നിനേക്കാള്‍ മഹത്തരമല്ല. ഗുരുദേവന് അനീതിക്കെതിരെ പോരാടുകയും നീതിക്ക് വേണ്ടി നില കൊള്ളുകയും ചെയ്തു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വാചകം മനുഷ്യരാശിയുടെ ഏകത്വത്തെ കുറിച്ചാണ് ഓര്‍മിപ്പിക്കുന്നതെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.
മതങ്ങള്‍ പഠിപ്പിക്കുന്ന പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആശയം നാം പിന്തുടരണം. ഗുരുവിന്റെ ആശയങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായി കാണണം. വസുധൈവ കുടുംബകം എന്ന ആശയമാണ് ഗുരുദേവന്റെ വാക്കുകളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. മഹാത്മാഗാന്ധി വിഭാവനം ചെയ്ത സര്‍വധര്‍മ്മ സമഭാവവും സഹവര്‍ത്തിത്വവും തന്നെയാണ് ഗുരുവിന്റെ സന്ദേശത്തിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ നിങ്ങള്‍ക്ക് എല്ലാവര്ക്കും എന്റെ നമസ്കാരം എന്ന് മലയാളത്തില്‍ സംസാരിച്ചു കൊണ്ടാണ് മുന്‍ രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അടൂര്‍ പ്രകാശ് എംപി, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, അസംഗനന്ദഗിരി സ്വാമികള്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്മാന് കെ.ജി. ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു. രാവിലെ 11ന് സമാധിയില്‍ എത്തിയ രാംനാഥ് കോവിന്ദിനെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: