ന്യൂദല്‍ഹി: ഹിന്ദി അറിയാത്ത സ്റ്റാലിനെയും മന്ത്രി ബാലുവിനെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പരിഹസിച്ചതിന് മറുപടിയായി ബീഹാറികള്‍ തമിഴ്നാട്ടില്‍ കക്കൂസ് കഴുകിയാണ് ജീവിക്കുന്നതെന്ന വിവാദ പരാമര്‍ശവുമായി ഡിഎംകെ നേതാവും എംപിയുമായ ദയാനിധി മാരന്.
ഹിന്ദി മാത്രമറിയാവുന്ന ബീഹാറികള്‍ തമിഴ്നാട്ടില്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തും കക്കൂസ് കഴുകിയുമാണ് ജീവിക്കുന്നതെന്നായിരുന്നു മാരന്റെ പരാമര്‍ശം. ഇന്‍ഡി മുന്നണിയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ബീഹാര്‍-തമിഴ്നാട് വഴക്കായി മാറുമെന്ന ഭീതി ശക്തമായി. ദയാനിധിയുടെ പ്രസ്താവനക്കെതിരെ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി ശക്തമായ ഭാഷയില്‍ രംഗത്തെത്തി.
ഇന്‍ഡി യോഗത്തില്‍ നിതീഷ്കുമാര്‍ സംസാരിച്ചതിന് പരിഭാഷ വേണമെന്ന സ്റ്റാലിന്റെയും മന്ത്രി ബാലുവിന്റയെും ആവശ്യത്തിന്മേലാണ് വഴക്കിന് തുടക്കം. പരിഭാഷ തരില്ലെന്നും വേണമെങ്കില്‍ ഹിന്ദി പഠിക്കണമെന്നും നിതീഷ്കുമാര്‍ തിരിച്ചടിച്ചു. എല്ലാവരും ഹിന്ദി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യാ മുന്നണി എന്ന് പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നുമായിരുന്നു നിതീഷിന്റെ പ്രസ്താവന. ഇതിനെതിരെ യോഗത്തില്‍ ഡിഎംകെ നേതാക്കള്‍ യാതൊന്നും പ്രതികരിച്ചില്ല.
എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പരിഹാസം ശക്തമായതോടെയാണ് ഡിഎംകെ നേതാക്കള്‍ നിതീഷിനെ ലക്ഷ്യമിട്ട് പ്രസ്താവനകള്‍ ഇറക്കിത്തുടങ്ങിയത്. ”ഇംഗ്ലീഷ് പഠിച്ചതു മൂലം തമിഴ്നാട്ടുകാര്‍ക്ക് ഐ.ടി മേഖലയില്‍ അടക്കം നല്ല ജോലിയും ശമ്പളവും ലഭിക്കുന്നുണ്ട്. ഹിന്ദി ഹിന്ദി എന്നാണ് അവര്‍ പറയുന്നത്. ഹിന്ദി മാത്രമറിയാവുന്നവര്‍ തമിഴ്നാട്ടിലെത്തി ചെയ്യുന്ന പണി കെട്ടിടം പണിയും കക്കൂസ് കഴുകലും മാത്രമാണ്”, ദയാനിധിമാരന് പറയുന്നു. പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്നാണ് ഡിഎംകെയുടെ വിശദീകരണം.
മറ്റു സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചു. ഈ രാജ്യം ഒന്നാണെന്നും മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ബീഹാറികള്‍ ബഹുമാനിക്കുന്നതായും തിരിച്ചും അതു പ്രതീക്ഷിക്കുന്നതായും ബീഹാര്‍ ഉപമുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള ഭാഷയും വിഷയങ്ങളുമാണ് കോണ്‍ഗ്രസും ഡിഎംകെയും ഉണ്ടാക്കുന്നതെന്ന് ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും രാഹുലിനും നിതീഷ് കുമാറിനും ഡിഎംകെ നേതാവിന്റെ തന്നെ അഭിപ്രായമാണോ ബീഹാറിലെ ജനങ്ങളെപ്പറ്റിയെന്ന് വ്യക്തമാക്കണമെന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ദയാനിധി മാരന്റെ ബീഹാര്‍ വിരുദ്ധ പ്രസംഗം പുറത്തുവന്നത് ഇന്‍ഡി മുന്നണിയിലെ ഭിന്നതകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഡിഎംകെയുടെ രാജ്യവിരുദ്ധ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെയാണ് ദേശീയ തലത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: