അയോധ്യ: അഞ്ഞൂറ് വര്‍ഷമായി… അവര്‍ തലപ്പാവ് ധരിച്ചില്ല, തുകല്‍ച്ചെരിപ്പ് അണിഞ്ഞില്ല… സൂര്യവംശാധിപന് ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം യാഥാര്‍ത്ഥ്യമാവും വരെ തല മറയ്ക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ധീരരുടെ പിന്മുറക്കാര് പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. അയോധ്യയിലും ചുറ്റുമുള്ള 105 ഗ്രാമങ്ങളിലെയും സൂര്യവംശി ക്ഷത്രിയ കുടുംബങ്ങളാണ് പൂര്‍വികര്‍ എടുത്ത ഭീഷ്മപ്രതിജ്ഞയുടെ പൂര്‍ത്തീകരണത്തിന്റെ മഹോത്സവത്തിന് ഒരുങ്ങുന്നത്.
മുഗള്‍ അക്രമിയായ ബാബറിന്റെ നിര്‍ദേശപ്രകാരം മിര്‍ബക്കി ശ്രീരാമക്ഷേത്രം തകര്ക്കാനെത്തിയപ്പോള് ഠാക്കൂര്‍ ഗജ്സിങ്ങിന്റെ നേതൃത്വത്തില്‍ സൂര്യവംശ ക്ഷത്രിയ കുലത്തിലെ പോരാളികള്‍ ചെറുത്തുനില്ക്കാന് ശ്രമിച്ചു. മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.പി. സിങ് ഈ ചരിത്ര സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമികള്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ ഗജ്സിങ് ശപഥം ചെയ്തു, ‘ജന്മഭൂമി സ്വതന്ത്രമാകുന്നതുവരെ തലപ്പാവണിയില്ല, തുകല്‍ചെരിപ്പ് ധരിക്കില്ല’. നൂറ്റാണ്ടുകള്‍ പിന്നിടുന്നു.
പിന്‍ഗാമികള്‍ തലമുറകളായി കാത്തുപോന്ന ആ പ്രതിജ്ഞയുടെ കാലം അവസാനിക്കുന്നു. പ്രാണപ്രതിഷ്ഠയോടെ അവര്‍ തലപ്പാവണിയും, തുകല്‍ച്ചെരിപ്പ് ധരിക്കും. ശ്രീരാമജന്മഭൂമി രാമഭക്തര്‍ക്ക് വിട്ടുകിട്ടിയ സുപ്രീംകോടതി വിധിക്ക് ശേഷം ജനങ്ങള്‍ ഉത്സവ ലഹരിയിലാണെന്ന് സരൈരാസി ഗ്രാമവാസിയായ അഡ്വ. ബസ്ദേവ് സിങ് പറയുന്നു. ഞങ്ങള്‍ വീടുകളില്‍ തലപ്പാവുകള്‍ വിതരണം ചെയ്യുകയാണ്. കോടതി വിധിക്ക് ശേഷം സരൈരാസിയില് 400 തലപ്പാവ് വിതരണം ചെയ്തിട്ടുണ്ട്. അയോധ്യയിലും പരിസരത്തുമായി ഒന്നര ലക്ഷത്തോളം സൂര്യവംശി ക്ഷത്രിയര്‍ താമസിക്കുന്നുണ്ട്. ഇത്രയും കാലമായി ഞങ്ങള്‍ വിവാഹത്തില്‍ പോലും തലപ്പാവ് ധരിക്കാറില്ല, അദ്ദേഹം പറയുന്നു.
ക്ഷേത്രനിര്‍മാണത്തിനായി തപസിരുന്ന ഒരു സമൂഹത്തിന്റെ ജീവിതമാണിതെന്ന് ഭാരതി കഥാ ക്ഷേത്രത്തിലെ മഹന്ത് ഓംശ്രീ ഭാരതി പറഞ്ഞു. രാമന് സത്യം പാലിച്ചു. അദ്ദേഹത്തിന്റെ പിന്മുറക്കാരും സത്യപാലനത്തില്‍ വീഴ്ച വരുത്തില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന് രാമനെ താത്കാലിക ടെന്റില്‍ എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ കാണുന്നു, എത്ര വേദനാജനകമായിരുന്നു ആ കാഴ്ച. ദിവസവും ഞങ്ങള്‍ രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തത് ഈ വിജയമുഹൂര്‍ത്തത്തിന് വേണ്ടിയാണ്. ലങ്ക ദഹിപ്പിച്ച ഹനുമാന്റെ വിക്രമമാണ് രാമഭക്തരുടേത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: