സുല്‍ത്താന്‍ ബത്തേരി: ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് നായ്ക്കട്ടി സ്വദേശിനി ഷഹാന ബാനുവാണ് പരാതിയുമായി ബത്തേരി പൊലീസിനെ സമീപിച്ചത്.
ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്നാണ് ഷഹാന പറയുന്നത്. ഇനി തന്റെ കയ്യില്‍ ഒന്നും ഭര്‍ത്താവിന്റെ കുടുംബത്തിനു നല്കാനില്ല.
37 പവനും മൂന്നുലക്ഷത്തോളം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത്. പിതാവിന്റെ മരണശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദനം തുടങ്ങിയെന്നും യുവതി ആരോപിക്കുന്നു. ”കുട്ടിയുടെ കൈപിടിച്ച് കടിച്ചു, നിലത്തിട്ട് ഉരുട്ടി. എനിക്ക് വേണ്ടി പറയാനും പ്രതികരിക്കാനും ആരുമില്ല. എനിക്ക് വാപ്പയില്ല. അത് ഇവര്‍ക്ക് നന്നായിട്ട് അറിയാം. എന്നെ എന്തുചെയ്താലും, നാളെ ഞാന്‍ മരിച്ചെന്ന വാര്‍ത്തകേട്ടാലും ഇവിടെവന്ന് ചോദിക്കാന്‍ ഒരാളില്ലെന്ന് ഇവര്‍ക്ക് നല്ല ധൈര്യമുണ്ട്”, ഷഹാന പറഞ്ഞു.
ഷഹാനയും മകളും ബഹളം വെയ്ക്കുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി. ഷഹാനയുടെ പരാതിയില്‍ കേസെടുത്തതായി സുല്‍ത്താന്‍ ബത്തേരി പൊലീസ് പറഞ്ഞു.
കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ജീവിതമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം.
എപ്പോഴും ആ കുട്ടി പ്രശ്നക്കാരിയാണ്. അവള്‍ക്കു സ്വന്തമായി പറന്നുനടക്കണം. പുതിയ ഫാഷനില്‍ നടക്കണം. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല. നല്ല പഠിക്കുന്ന കുട്ടിയാണ്. വീട്ടിലൊക്കെ നല്ല ഉപകാരം ചെയ്യുന്ന കുട്ടിയാണ്. പക്ഷേ, അവള് ഭര്‍ത്താവിനെ അനുസരിക്കില്ല, വീട്ടുകാരെ അനുസരിക്കില്ല. അവള്‍ക്ക് ഓടി പാടി നടക്കണം. അതാണ് അവളുടെ മെയിന്‍ ലക്ഷ്യം. ജിമ്മും മറ്റുള്ള പരിപാടികളുമൊക്കെ ആയിട്ട് അവള് പുറത്ത് ആടിപ്പാടി നടക്കുകയാണ്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വച്ചുപൊറുപ്പിക്കാന്‍ പറ്റുന്ന സംഭവമല്ല.” ഭര്‍ത്താവിന്റെ ബന്ധു ആരോപിക്കുന്നു.
എന്നാല്‍, പൊലീസ് ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നാണ് ഇടപ്പെട്ടതെന്ന് ഷഹാന ആരോപിച്ചു. ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: