ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരുടെ നിയമനം സംബന്ധിച്ച ‘ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മിഷണേഴ്സ് (അപ്പോയിന്റ്മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്)’ ബില്‍ ലോക്സഭയും പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ബില്‍ നിയമമാകും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും നിയമനവും സേവനവ്യവസ്ഥകളും നിയന്ത്രിക്കുന്നതിനുള്ള ബില്ലാണിത്. ബില്‍ ഡിസംബര്‍ 12ന് രാജ്യസഭ പാസാക്കിയിരുന്നു.
നേരത്തെയുണ്ടായിരുന്ന നിയമം പാതിവെന്ത രൂപത്തിലുള്ളതായിരുന്നെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ കേന്ദ്ര നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി. തെഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ സേവനവുമായി മുന്‍ നിയമം ഒഴിവാക്കിയ ഭാഗങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബില്‍ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുക. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെയും നിയമനം, യോഗ്യത, സെര്‍ച്ച് കമ്മിറ്റി, സെലക്ഷന്‍ കമ്മിറ്റി, കാലാവധി, ശമ്പളം, രാജി, നീക്കം, അവധി, പെന്‍ഷന്‍ എന്നിവയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ലോക്സഭ പാസാക്കിയ ഭാരതീയ ന്യായ (രണ്ടാം) സംഹിത, 2023, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, 2023, ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍, 2023 എന്നിവ ഇന്നലെ അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ചര്‍ച്ചക്കുശേഷം അമിത്ഷാ മറുപടി പറഞ്ഞു. തുടര്‍ന്നു മൂന്നു ബില്ലുകളും രാജ്യസഭ പാസാക്കി. 2023ലെ ടെലി കമ്മ്യൂണിക്കേഷന്‍ ബില്‍, 2023ലെ കേന്ദ്ര ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബില്‍ എന്നിവയും ഇന്നലെ രാജ്യസഭ പാസാക്കി. ടെലി കമ്മ്യൂണിക്കേഷന്‍ ബില്‍ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 2023ലെ പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ബില്ലും ഇന്നലെ ലോക്സഭ പാസാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി ലോക്സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 22 വരെയായിരുന്നു സമ്മേളന കാലാവധി തീരുമാനിച്ചതെങ്കിലും ഒരു ദിവസം നേരത്തെ പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: