തിരുവനന്തപുരം: നവകേരള സദസ് തലസ്ഥാനത്ത് എത്തിയ ഇന്നലെയും സംഘര്‍ഷത്തിന് അയവില്ല. അക്രമം ഇന്നലെ പോലീസ് സ്റ്റേഷനുള്ളിനും ഡിജിപി ഒഫീസിനും മുന്നിലായി. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം,നെടുമങ്ങാട് മണ്ഡലങ്ങളിലായിരുന്നു ഇന്നലെ നവകേരള സദസ്സ്. വാമനപുരം മണ്ഡലത്തിലെ പരിപാടിക്ക് മുന്നോടിയായി റോഡില്‍ നിന്ന കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പിന്നാലെ ഡിവൈഎഫ്ഐക്കാരെത്തി കോണ്‍ഗ്രസുകാരെ പോലീസ് സ്റ്റേഷന് വളപ്പിലിട്ട് തല്ലി. പോലീസ് കണ്ടു നിന്നു. വലിയ കട്ടയ്ക്കലില്‍ ബിജെപി പ്രവര്ത്തകന് വിഷ്ണുവിനെ ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു.നെടുമങ്ങാട് മണ്ഡലത്തിലെ പരിപാടി കാണാന്‍ കടയ്ക്ക് മുന്നില്‍ ആളു കൂടിയതിന് ബിജെപി പാലോട് മണ്ഡലം ജനറല്‍ സെക്രട്ടറി ആര്.ആര്. ഷാജിയെയും അറസ്റ്റ് ചെയ്തു. നവകേരള ബസിനെതിരെ പ്രതിഷേധിക്കാന്‍ ആളെക്കൂട്ടിയെന്നായിരുന്നു ആരോപണം. നെടുമങ്ങാട് ജങ്ഷനില്‍ ശബരിമല കെട്ടു നിറയ്ക്കാന്‍ അയ്യപ്പന് താവളത്തിലെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു.
വണ്ടിപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചിനുനേരെ ജലപീരങ്കിയും ലാത്തിചാര്‍ജ്ജും പ്രയോഗിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു അടിക്ക് എണ്ണിയെണ്ണി തിരിച്ചടിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ മറുപടി. നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ വെല്ലുവിളി. പോലീസുകാര്‍ക്ക് കോണ്‍ഗ്രസുകാര്‍ കൂലിനല്കുമെന്ന ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: