തിരുവനന്തപുരം: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. 4 സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്.
ജൂണ്‍ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ഇപ്പോള്‍ ബാക്കി തുക അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. 2023 ജനുവരി 18നാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. കെ വി തോമസിന് നേരത്തെ ഓണറേറിയം അനുവദിച്ചത് വന്‍ വിവാദമായിരുന്നു.
അതേസമയം ഇന്ന് തന്നെ ക്ഷേമപെന്ഷന് മുടക്കിയതിന് ഹൈക്കോടതി പരാമര്‍ശം വന്നതും ശ്രദ്ധേയമായി. ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി ക്ഷേമപെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് കൊടുത്ത ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ആഘോഷങ്ങള്‍ക്കായി നിര്‍ലോഭം ചെലവഴിക്കുമ്പോഴും വിധവ പെന്ഷന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മാറ്റിവെക്കാന്‍ സര്‍ക്കാരിന് പണമില്ലാത്തത് മുന്‍ഗണനയുടെ പ്രശ്നമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതായിരുന്നു നിരീക്ഷണം.
1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് കോടതി ആരാഞ്ഞു, മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്നും സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ലെന്ന് പറയരുതെന്നും കോടതി ആവശ്യപ്പെട്ടു.
മറിയക്കുട്ടിക്ക് 1600 രൂപ മാസംതോറും നല്കാനായില്ലെങ്കില് മൂന്നുമാസത്തേക്ക് അവരുടെ ഭക്ഷണത്തിനും മരുന്നിനുമുള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച കോടതി, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. ക്രിസ്മസ് നു പെന്ഷന് ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: