ഗുരുവായൂര്‍: കുചേലദിനമായ ഇന്നലെ, ശ്രീഗുരുവായൂരപ്പ ദര്‍ശനത്തിന് ഭക്തസഹസ്രങ്ങള്‍. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തില്‍ നിന്നും ഭഗവാന് കരകയറ്റിയ ദിനത്തിന്റെ സ്മരണയില്‍ നിരവധി ഭക്തര്‍ അവില് പൊതിയുമായി ക്ഷേത്രത്തിലെത്തി ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചു.
ഭക്തരുടെ അവില് സ്വീകരി ക്കാന്‍ ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുചേല ദിനത്തിലെ വിശേഷാല്‍ അവില് വഴിപാട് രാവിലെ പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. പന്തീരടി പൂജയ്ക്ക് ശേഷം, ശീട്ടാക്കിയവര്‍ക്ക് അവില് നിവേദ്യം നല്കി.
മേല്‍പ്പുത്തൂര്‍ ആഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന് നമ്പീശന്റെ സ്മരണയ്ക്കായി രാവിലെ മുതല്‍ കഥകളിപ്പദ കച്ചേരിയും, രാത്രി ഡോ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറി. കുചേലന് എന്നറിയപ്പെടുന്ന സുദാമാവ് സതീര്‍ത്ഥ്യനായ ഭഗവാന് ശ്രീകൃഷ്ണനെ അവില് പൊതിയുമായി കാണാന്‍ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: