ഭോപാല്‍: സേവനം പ്രസംഗത്തിനുള്ള വാക്കല്ല, പ്രവൃത്തിയിലുണ്ടാകേണ്ട ഭാവമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ഭൗതിക വിഭവങ്ങളുടെ ലഭ്യതയെ ആശ്രയിച്ചല്ല, ഹൃദയവികാരങ്ങളെ മുന്‍നിര്‍ത്തിയാണ് സേവാഭാവം സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭോപാല്‍ രവീന്ദ്ര ഭവനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തോട്ട് ട്രസ്റ്റ് സംഘടിപ്പിച്ച ത്രിദിന പ്രഭാഷണപരമ്പരയുടെ സമാപനദിവസം ‘സേവാ പരമോ ധര്‍മ്മഃ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവാ പ്രവര്‍ത്തനം ആസൂത്രിതമല്ല, അത് സ്വഭാവമായി ഉരുത്തിരിയുന്നതാണ്. മനോഭാവം ഉണ്ടെങ്കിലും എല്ലാ വിഭവങ്ങളും പിന്നാലെ വരും. സേവനം എന്നത് ധര്‍മ്മമാണ്. ധര്‍മ്മം ഭാരതത്തില്‍ സാമാജികജീവിതത്തെ നിലനിര്‍ത്തുന്ന ഘടകമാണ്. ധര്മ്മത്തിന് സമാനമായ ഒരു വാക്ക് ലോകത്ത് മറ്റൊരു ഭാഷയിലും ഇല്ല. ധര്മ്മത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളുണ്ട്. ധര്‍മ്മം അനുഷ്ഠിക്കുന്നവരാണ് തനിക്കേറ്റവും പ്രിയപ്പെട്ടവരെന്ന് ഭഗവാന് ശ്രീകൃഷ്ണന് ഗീതയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുഷ്ഠിക്കുക എന്നതാണ് പ്രധാനം. സേവനവും അനുഷ്ഠിക്കാനുള്ളതാണ്. ചെയ്യുന്ന കാര്യങ്ങളില്‍ സേവനത്തിന്റെയും ധര്‍മ്മത്തിന്റെയും തത്വങ്ങള്‍ ഉണ്ടാകണം, സുരേഷ് ജോഷി ചൂണ്ടിക്കാട്ടി.
ഏത് അറിവും ഫലവത്താകുന്നത് അത് പ്രയോഗത്തില്‍ വരുമ്പോഴാണ്. അസമത്വവും ദാരിദ്ര്യവുമൊക്കെ നീക്കണമെന്ന പ്രസംഗങ്ങള്‍ എല്ലായിടത്തും ഉണ്ടാകും. എന്നാല്‍ സ്വന്തം അനുഭവത്തില്‍ അവയെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുണ്ടാകുന്നുണ്ടോ എന്ന ആത്മപരിശോധന അനിവാര്യമാണ്. ധര്‍മ്മത്തെ കുറിച്ച് അറിയാതിരുന്നതു കൊണ്ടല്ല ദുര്യോധനന് അധര്മ്മിയായത്. ധര്‍മ്മം അനുഷ്ഠിക്കാതിരുന്നതു കൊണ്ടാണ്, സുരേഷ് ജോഷി പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. ഗോവര്ദ്ധന് ദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: