പത്തനാപുരം: കറുപ്പ് കണ്ടാല്‍ കേസെടുക്കുന്ന മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ ശരീരമാസകലം വെളുപ്പിച്ച് പഞ്ചായത്ത് മെമ്പറുടെ പ്രതിഷേധം. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോകുന്ന വഴിയിലാണ് ശരീരമാസകലം വെള്ളച്ചായം പൂശി തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ബിജെപി അംഗം സി. രഞ്ജിത്താണ് വേറിട്ട പ്രതിഷേധം തീര്‍ത്തത്.
വാര്‍ഡിലെത്തുന്ന രാജാവിന് തന്റെ തലമുടിനാര് കൊണ്ടുപോലും വിഷമമുണ്ടാകാതിരിക്കാനാണ് ആസകലം വെളുപ്പടിച്ചതെന്ന് രഞ്ജിത്തിന്റെ വാദം. അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രിക്ക് കിട്ടിയ ഇരുമ്പ് കസേരയേക്കാള്‍ നല്ലതെന്ന് പറഞ്ഞ് ഒരു കസേരയുമായിട്ടായിരുന്നു രഞ്ജിത് കവലയിലിറങ്ങിയത്. ശരീരം മാത്രമല്ല, മൊബൈല്‍ ഫോണും ചെരിപ്പും കൊണ്ടുവന്ന കസേരയും വരെ രഞ്ജിത് വെളുപ്പടിച്ചു. നവകേരളയാത്രാ സംഘം കടന്നുപോകുന്ന കൊട്ടാരക്കര-പത്തനാപുരം പാതയിലെ തലവൂര്‍ രണ്ടാലുംമ്മൂട് ജങ്ഷനില്‍ രാവിലെ പത്തുമണിയോടെയാണ് രഞ്ജിത്ത് എത്തിയത്. നിരവധി വേറിട്ട സമരങ്ങള്‍ നടത്തി ശ്രദ്ധേയനായ മെമ്പറെ കണ്ട് നാട്ടുകാരും ഞെട്ടി.
ഇരുമ്പ് കസേരയുമായി കടത്തിണ്ണയില്‍ നിലയുറപ്പിച്ച രഞ്ജിത്തിനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് കാരണമായി. പ്രധാനമന്ത്രി വരുമ്പോള്‍ മുഖ്യമന്ത്രിയെ നിങ്ങള്‍ അറസ്റ്റ് ചെയ്യുമോ എന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. വാര്‍ഡിലെ തുടര്‍ച്ചയായ വൈദ്യുതി മുടക്കിനെ തുടര്‍ന്ന് ഒരുമാസം മുന്‍പ് കെഎസ്ഇബിക്ക് പതിനായിരം രൂപയുടെ നാണയത്തുട്ടുകള്‍ നല്കി പ്രതിഷേധിച്ചും രഞ്ജിത് ശ്രദ്ധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: