തിരുവനന്തപുരം::60 വര്‍ഷം മുന്‍പ് തന്റെ 42-ാം വയസ്സില്‍ സമാധിയായ വിവേകാനന്ദാശ്രമത്തിലെ ത്രൈലോക്യാനന്ദ സ്വാമികളെ അനുസ്മരിച്ച് എഴുത്തുകാരന് ടി. പത്മനാഭന്. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണാശ്രമത്തിലായിരുന്നു ത്രൈലോക്യാനന്ദ സ്വാമികള്‍. വിവേകാനന്ദനെപ്പോലെ ചെറിയപ്രായത്തിലേ ഇഹലോകം വെടിഞ്ഞെങ്കിലും ത്രൈലോക്യാനന്ദസ്വാമികള്‍ തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കിയിരുന്നുവെന്നും ടി. പത്മനാഭന്.
ഒരു പ്രമുഖ ദിനപത്രിത്തില്‍ ത്രൈലോക്യാനന്ദസ്വാമികളുടെ 60ാം സമാധിവാര്‍ഷികത്തോടനുബന്ധിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ടി.പത്മാനാഭന് സ്വാമികളുടെ ജീവിതദൗത്യത്തെക്കുറിച്ചും എഴുത്തുകാരന്റെ നേരിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഓര്‍ത്തെടുക്കുന്നത്. എന്തായിരുന്നു ത്രൈലോക്യാനന്ദസ്വാമികളുടെ ജീവിതദൗത്യം? “ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ അദ്ദേഹം വിജയകരമായി നിര്‍വ്വഹിച്ച കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകും. ഇതില്‍ ഏറ്റവും പ്രധാനം വിവേകാനന്ദസാഹിത്യ സര്വ്വസ്വത്തിന്റെ ഏഴ് വാല്യങ്ങളുടേയും പ്രസാധനം തന്നെ. സംസ്കൃതം, ബംഗാളി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന വിവേകാനന്ദ വാണി തേടിപ്പിടിച്ച് അതത് ഭാഷകളിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരെക്കൊണ്ട് പരിഭാഷപ്പെടുത്തുക., വാല്യങ്ങളുടെ ഒടുവില്‍ ഗ്രന്ഥസൂചി, വാക്യസൂചി, പദസൂചി എന്നിവ തയ്യാറാക്കിച്ചേര്ക്കുക, ഭംഗിയായി തെറ്റുകൂടാതെ അച്ചടിപ്പിക്കുക, നാടിന്റെ പല ഭാഗങ്ങളിലുമുള്ള പരിഭാഷകരെ ഇടയ്ക്കിടെ നേരിട്ട് വന്ന് കാണുക, വിവേകാനന്ദ സാഹിത്യ സര്വ്വസ്വത്തിന്റെ വാല്യങ്ങള്‍ തീരുന്ന മുറയ്ക്ക് അവയെ തികച്ചും അര്‍ഹരായവരെക്കൊണ്ട് പ്രകാശനം ചെയ്യിക്കുക എന്നീ ശ്രമകരമായ ജോലികള്‍ അദ്ദേഹം ഒറ്റയ്ക്കു തന്നെ നിര്‍വ്വഹിച്ചു. “- ടി.പത്മനാഭന് ഓര്‍ത്തെടുക്കുന്നു.
വിവേകാനന്ദനെപ്പോലെ, വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം തയ്യാറാക്കുക എന്ന ബൃഹദ് ദൗത്യം പൂര്‍ത്തിയാക്കിയ ഉടന്‍ ത്രൈലോക്യാനന്ദ സ്വാമി വെറുതെ ചടഞ്ഞുകൂടാതെ ഈ ലോകത്ത് നിന്നും തിരോധാനം ചെയ്തു എന്നും ടി. പത്മനാഭന് എഴുതുന്നു. വിവേകാനന്ദ സാഹിത്യ സര്വ്വസ്വത്തിന്റെ അവസാനവാക്യത്തിന്റെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷം പിടികൂടിയ ഒരു അസുഖത്തെതുടര്‍ന്ന് സ്വാമികള്‍ സമാധിയാവുകയായിരുന്നു. മരണനേരത്ത് ചെന്നുകണ്ട തന്റെ മൂര്‍ദ്ധാവില്‍ അദ്ദേഹം കൈവെച്ചനുഗ്രഹിച്ചെന്നും ടി.പത്മാഭന് കുറിയ്ക്കുന്നു.
കോട്ടയം ജില്ലയിലെ വടവാതൂരായിരുന്നു സ്വാമികളുടെ ജന്മസ്ഥലം. ത്രൈലോക്യസ്വാമികളുടെ സ്മരണ നിലനിര്‍ത്താന്‍ 1964ല്‍ കോഴിക്കോട് ഒരു സമിതി പ്രവര്‍ത്തിച്ചിരുന്നു. സ്വാമികളുടെ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടരായ ആ സുമനസ്സുകള്‍ ആരൊക്കെയായിരുന്നെന്നോ?- കെ.പി. കേശവമേനോന്, കുട്ടികൃഷ്ണമാരാര്, കോഴിപ്പുറത്ത് മാധവമേനോന്, സി.കുഞ്ഞന്‍രാജ എന്നിവര്‍. വലിയ ധാര്‍ഷ്ട്യമുള്ള എഴുത്തുകാരന് എന്ന് പലരും മുദ്രകുത്തുന്ന പത്മനാഭന് തനിക്ക് ത്രൈലോക്യാനന്ദ സ്വാമികള്‍ ഗുരുതുല്ല്യനായിരുന്നുവെന്നും തുറന്നുസമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: