ന്യൂദല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും 13ന് സംഭവിച്ച കാര്യങ്ങളെപ്പറ്റി ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചതായും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. സംഭവമുണ്ടായ ഉടന്‍ തന്നെ ഉന്നത സമിതി രൂപീകരിച്ചിരുന്നു. സമിതി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സുരക്ഷാ കാര്യത്തില്‍ എന്തു ചെയ്യണം എന്നതടക്കം പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചാലുടന്‍ സഭയില്‍ അവതരിപ്പിക്കുമെന്നും സ്പീക്കര്‍ ലോക്സഭാംഗങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് പാര്‍ലമെന്റില്‍ സംഭവിച്ചത്. നടന്ന കാര്യത്തിലെ ആശങ്കകള്‍ എല്ലാവരും പങ്കുവെച്ചുകഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം ചില ക്രമീകരണങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുന്നുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.
ലോക്സഭയില്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പിസ്റ്റളുകളുമായി സന്ദര്‍ശകര്‍ ഗാലറിയില്‍ കയറുകയും മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ താഴേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ അംഗങ്ങള്‍ തന്നെ കുരുമുളക് സ്പ്രേ സഭയ്‌ക്കുള്ളില്‍ ഉപയോഗിച്ചിട്ടുണ്ട്.
അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ലോക്സഭ ഒറ്റക്കെട്ടായി സംഭവങ്ങളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ സുരക്ഷാ പദ്ധതി നടപ്പാക്കുകയെന്നത് പാര്‍ലമെന്റിന്റെ ചുമതലയാണ്. ലോക്സഭാംഗങ്ങള്‍ക്ക് ഇതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും സ്പീക്കര്‍ അറിയിച്ചു. ഡിസംബര്‍ 13ന് സഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടല്ല ലോക്സഭാംഗങ്ങളായ ചിലര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വകരിച്ചതെന്നും ലോക്സഭാ സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. സഭയിലെ ചട്ടങ്ങള്‍ ലംഘിച്ചതിനും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനുമാണ് നടപടി. അത്തരം നടപടികള്‍ തുടരുമെന്നും സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക