പട്ന: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ ജീവന്, നമാമി ഗംഗേ എന്നിവയുടെ ചുവടുപിടിച്ച് ബിഹാറില്‍ ഹര് ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് തുടക്കം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച ‘ജല്‍-ജീവന്-ഹരിയാലി’ കാമ്പയിനിന് കീഴിലാണ് എല്ലാ വീടുകളിലും ശുദ്ധമായ ഗംഗാജലം എത്തിക്കുന്ന പദ്ധതിയുടെ രണ്ട് ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നവാഡയില്‍ ഇന്നലെ സംഘടിപ്പിച്ച പരിപാടിയില്‍ നഗരത്തിലെ എല്ലാ വീട്ടിലും ഗംഗാജലം എത്തിക്കുന്ന പദ്ധതി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജല്‍-ജീവന്-ഹരിയാലി പ്രചാരണത്തിന്റെ പ്രധാന ഘടകമാണ് മിച്ചമുള്ള നദീജലം ജലക്ഷാമമുള്ള നഗരങ്ങളിലേക്ക് എത്തിക്കുകയെന്നതെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. ദക്ഷിണ ബിഹാര്‍, രാജ്ഗിര്‍, ഗയ, ബോധ്ഗയ, നവാഡ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഗംഗാജലം കുടിവെള്ളമായി ഉപയോഗിക്കണമെന്ന ആശയത്തിന് അനുസൃതമായാണ് ഹര് ഘര്‍ ഗംഗാജല്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ നഗരങ്ങളിലേക്ക് എത്തുന്നത്. ഗംഗാ ജലവിതരണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2022 നവംബര്‍ 27ന് രാജ്ഗീറിലും 28ന് ഗയയിലും ബോധഗയയിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് നവാഡയിലെ പദ്ധതിയും പൂര്‍ത്തിയാക്കിയത്.
രാജ്ഗിര്‍ നഗരത്തിലെ 8031 വീടുകളിലും ബോധഗയയിലെ 6000 വീടുകളിലും ഗയ നഗരത്തിലെ 75000 വീടുകളിലും ഒരു വര്‍ഷമായി ഗംഗാജലം കുടിവെള്ളത്തിന്റെ രൂപത്തില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് സഞ്ജയ് കുമാര്‍ ഝാ പറഞ്ഞു. രാജ്ഗിര്‍ മാല്മാസ് മേളയില്‍ എത്തിയ രണ്ട് കോടിയോളം ഭക്തരും ഗയാജിധാമില് നടന്ന പിതൃപക്ഷ മഹാസംഗമത്തില്‍ എത്തിയ 15 ലക്ഷത്തിലധികം ഭക്തരും ഗംഗാജലം ഉപയോഗിച്ചു. പദ്ധതി നടപ്പായതോടെ കുടിവെള്ളത്തിന് ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നത് അവസാനിപ്പിച്ചു, 2023 മാര്‍ച്ചില്‍ കേന്ദ്ര ഗവണ്മെന്റ് ഓര്ഗനൈസേഷന് ഈ പദ്ധതിക്ക് ജലവിഭവങ്ങളുടെ ഏറ്റവും മികച്ച നിര്‍വഹണത്തിനുള്ള പുരസ്കാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: