പാണ്ഡവ സൈന്യത്തിലെ ധീരന്മാരുടെ പേരുകള്‍ നീ പറഞ്ഞു, എന്നാല്‍ ദുര്യോധനാ, നിന്റെ സൈന്യത്തിലെ ധീരന്മാര് ആരൊക്കെയാണ്? (ദുര്യോധനനോടുള്ള ദ്രോണാചാര്യരുടെ ചോദ്യം)
ഹേ ദ്വിജോത്തമാ! നമ്മുടെ സൈന്യത്തിലെ വിശിഷ്ട പുരുഷന്മാരെയും പറയാം. അങ്ങ് (ദ്രോണാചാര്യര്‍), പിതാമഹന് ഭീഷ്മര്‍, കര്ണ്ണന്, യുദ്ധവിജയിയായ കൃപാചാര്യന്‍, അശ്വത്ഥാമാവ്, വികര്ണ്ണന്, സോമദത്തന്റെ പുത്രന് ഭൂരിശ്രവസ്സ് എന്നിവരും ഇവരെക്കൂടാതെ പല ശൂര വീരന്മാരും എനിക്കുവേണ്ടി, ജീവിക്കണമെന്ന ആഗ്രഹം വെടിഞ്ഞവരായിട്ടുണ്ട്, അവര്‍ പലതരം ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ നിപുണരും യുദ്ധകലയില്‍ മിടുക്കനുമായ വരാണ്.
സഞ്ജയാ, ഇരുസൈന്യങ്ങളിലെയും പ്രധാന യോദ്ധാക്കളെ കാണിച്ചിട്ട് ദുര്യോധനന് എന്ത് ചെയ്തു? (സഞ്ജനോട് ധൃതരാഷ്ട്രരുടെ ചോദ്യം)
ദുര്യോധനന് മനസ്സില്‍ വിചാരിച്ചു, ഉഭയകക്ഷി (ഇരുവരുടെയും പക്ഷം പിടിക്കുന്ന) ഭീഷ്മ രക്ഷിതമായ നമ്മുടെ സൈന്യത്തിന് പാണ്ഡവരുടെ സൈന്യത്തോട് വിജയിക്കാന്‍ കെല്‍പ്പില്ല, എന്നാല്‍ സ്വപക്ഷപാതിയായ (തന്റെ പക്ഷം മാത്രം പിടിക്കുന്ന) ഭീമനാല്‍ സംരക്ഷിക്കപ്പെടുന്ന പാണ്ഡവ സൈന്യം നമ്മുടെ സൈന്യത്തെ കീഴടക്കാന്‍ കഴിവുള്ളതാണുതാനും.
അങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നപ്പോള്‍ ദുര്യോധനന് എന്ത് ചെയ്തു?
അദ്ദേഹം എല്ലാ യോദ്ധാക്കളോടും പറഞ്ഞു, ‘നിങ്ങള്‍ എല്ലാവരും, നിങ്ങളുടെ മുന്നണികളില്‍ ഉറച്ചു നിന്നുകൊണ്ട്, പിതാമഹന് ഭീഷ്മരെ എല്ലാ ഭാഗത്തുനിന്നും സംരക്ഷിക്കുക.’
തന്റെ സംരക്ഷണത്തെക്കുറിച്ച് കേട്ടശേഷം ഭീഷ്മര്‍ എന്താണ് ചെയ്തത്?
പിതാമഹന് ഭീഷ്മര്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുകയും ദുര്യോധനനെ പ്രീതിപ്പെടുത്താന്‍ ഉച്ചത്തില്‍ ശംഖനാദം മുഴക്കുകയും ചെയ്തു.
സഞ്ജയ, ഭീഷ്മര്‍ ശംഖനാദം മുഴക്കിയതിന് ശേഷം എന്ത് സംഭവിച്ചു?
ദുര്യോധനനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഭീഷ്മര്‍ ശംഖ് വിളിച്ചത്. എന്നാല്‍ കൗരവ സൈന്യം അത് യുദ്ധത്തിന്റെ തുടക്കത്തിന്റെ അറിയിപ്പായി സ്വീകരിച്ചു. അതിനാല്‍, ഭീഷ്മര്‍ ശംഖനാദം മുഴക്കിയപ്പോള്‍ കൗരവസേനയുടെ ശംഖുകളും, പെരുമ്പറകളും, പലതരം വാദ്യങ്ങളും ഒരേസമയം മുഴങ്ങിത്തുടങ്ങി. അതിന്റെ ശബ്ദം ഭയങ്കരമായിരുന്നു.
സഞ്ജയാ, കൗരവസേനയുടെ യുദ്ധകാഹളത്തിന് ശേഷം എന്ത് സംഭവിച്ചു?
കൗരവസൈന്യത്തിന്റെ വാദ്യഘോഷത്തിന് ശേഷം പാണ്ഡവ സൈന്യത്തിന്റെ വാദ്യങ്ങള്‍ മുഴങ്ങേണ്ടതായിരുന്നു, പക്ഷേ ആ സൈന്യത്തിന് ഒരു ആജ്ഞയും ലഭിച്ചില്ല. അപ്പോള്‍ ഭഗവാന് ശ്രീകൃഷ്ണന് വെളുത്ത കുതിരകളുള്ള ഒരു വലിയ രഥത്തില്‍ ഇരുന്നു, ‘പാഞ്ചജന്യം’ എന്ന ദിവ്യ ശംഖ് ഊതി, അര്ജ്ജുനന് ‘ദേവദത്തം’ എന്ന ദിവ്യ ശംഖ് വളരെ ശക്തിയോടെ ഊതി. അതിനുശേഷം ഭീമന് ‘പൗണ്ഡ്രം’എന്നും യുധിഷ്ഠിരന് ‘അനന്ത വിജയം’എന്നും നകുലന് ‘സുഘോഷം’ എന്നും സഹദേവന് ‘മണിപുഷ്പകം’എന്നും നാമങ്ങളുള്ള വ്യത്യസ്ത ശംഖുകള്‍ ഊതി.
പിന്നെ വേറെ ആരാണ് ശംഖ് ഊതിയത്?
രാജാവേ! പാണ്ഡവ സൈന്യത്തിലെ ഏറ്റവും മികച്ച വില്ലാളി കാശിരാജന്‍, ശിഖണ്ഡി, ധൃഷ്ടദ്യുമ്നന്‍ എന്നീ മഹാരഥന്മാര്, വിരാട രാജാവ്, അജയ്യനായ സാത്യകി, ദ്രുപദന്, ദ്രൗപതിയുടെ അഞ്ച് പുത്രന്മാര്, ശക്തനായ സുഭദ്ര പുത്രന് അഭിമന്യു ഈ മഹാരഥന്മാരെല്ലാം ശംഖ് ഊതി.
പാണ്ഡവ സൈന്യത്തിന്റെ ആ ശംഖ നാദത്തിന്റെ ഫലം എന്തായിരുന്നു?
പാണ്ഡവരുടെ സൈന്യത്തിന്റെ ശംഖുകളുടെ ഭയാനകമായ ശബ്ദം ആകാശത്തും ഭൂമിയിലും പ്രതിധ്വനിച്ച് തങ്ങളുടെ രാജ്യം അന്യായമായി തട്ടിയെടുത്ത കുരുക്കളുടെ ഹൃദയങ്ങളെ തുളച്ചുകയറി.
സഞ്ജയ, ശംഖ് ഊതിയ ശേഷം പാണ്ഡവര്‍ എന്തു ചെയ്തു?
കാഹളം മുഴക്കിയ ശേഷം, യുദ്ധം ആരംഭിക്കുന്ന സമയത്ത്, തന്റെ ബന്ധുക്കളെ (കൗരവര്‍) കണ്ട്, കപിധ്വജനായ അര്ജ്ജുനന് ഗാണ്ഡീവും ഉയര്‍ത്തി അന്തര്യാമിയായ ഭഗവാന് ശ്രീകൃഷ്ണനോട് പറഞ്ഞു, ‘ഹേ അച്യുതാ! അങ്ങ് എന്റെ രഥത്തെ ഇരുസൈന്യങ്ങള്‍ക്കുമിടയില്‍ നിര്‍ത്തിയാലും.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: