നവിമുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ പടുകൂറ്റന്‍ ലീഡുമായി രണ്ടാം ദിനം അവസാനിപ്പിച്ച് ടീം ഇന്ത്യ. വിക്കറ്റുകളുടെ പെരുമഴ കണ്ട രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഭാരതം രണ്ടാം ഇന്നിങ്സില്‍ 42 ഓവറില്‍ 186-6 എന്ന നിലയിലാണ്. ഇതോടെ ഭാരത വനിതകള്‍ക്ക് ഇതുവരെ 478 റണ്‍സിന്റെ ലീഡായി. 64 പന്തില്‍ 44 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 41 പന്തില്‍ 17 റണ്‍സുമായി പൂജ വസ്ത്രകറുമാണ് ക്രീസില്‍. നേരത്തെ ആദ്യ ഇന്നിങ്സില്‍ 292 റണ്‍സിന്‍െ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ഭാരതം കളിയില്‍ പിടിമുറുക്കിയത്. കളിയില്‍ രണ്ടാം ദിനം മാത്രം വീണത് 19 വിക്കറ്റുകളാണ്.
ഭാരതത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 428 റണ്‍സിനെതിരെ ഇംഗ്ലണ്ട് വനിതകള്‍ ആദ്യ ഇന്നിങ്സില്‍ 136 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്സില്‍ 292 റണ്‍സിന്റെ ലീഡാണ് ഭാരതത്തിന് സ്വന്തമായത്.
ഇന്നലെ 410-7 എന്ന സ്കോറില്‍ ബാറ്റിങ് തുടര്‍ന്ന ഭാരതം 428 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ശുഭ സതീഷ് (76 പന്തില്‍ 69), ജെമീമ റോഡ്രിഗസ് (99 പന്തില്‍ 68), യാസ്തിക ഭാട്ട്യ (88 പന്തില്‍ 66), ദീപ്തി ശര്‍മ്മ (113 പന്തില്‍ 67) എന്നിവര്‍ അമ്പതിലധികം സ്കോര്‍ ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ചുറിക്കരികെ 49 റണ്‍സില്‍ മടങ്ങി. ഇംഗ്ലണ്ടിനായി ലോറന് ബെന്നും എക്ലിസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തൊട്ടേ അടിതെറ്റി. ഓപ്പണര്‍മാരായ ഡങ്ക്ലിയെ (11) രേണുക സിങ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനെ (11) പൂജ വസ്ത്രാക്കര്‍ പുറത്താക്കി. ബേമൗണ്ടും നാറ്റ് സ്കൈവറും (59) ചേര്‍ന്ന ഇംഗ്ലണ്ടിനെ 50 കടത്തിയെങ്കിലും ബേമൗണ്ട് (10) റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് തകര്‍ന്നടിച്ചു. 19 റണ്‍സെടുത്ത ഡാനിയേല വ്യാറ്റും 12 റണ്‍സെടുത്ത ആമി ജോണ്‍സും മാത്രമെ പിന്നീട് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഭാരതത്തിനായി വെറും 5.3 ഓവര്‍ മാത്രം എറിഞ്ഞ ദീപ്തി ശര്‍മ ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്നേഹ റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
292 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ-ഓണ്‍ ചെയ്യിക്കാതെ ഭാരതം രണ്ടാം ഇന്നിങ്സ് ആരംഭിച്ചു. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മയും (33) സ്മൃതി മന്ദാനയും (26) ചേര്‍ന്ന്് 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്മൃതിയെ പുറത്താക്കി എക്കിള്‍സ്റ്റണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്കി. അധികം കഴിയും മുന്‍പേ ഷെഫാലിയും യാസ്തിക ഭാട്ട്യ (9)യും ജെമീമ റോഡ്രിഗസും (27) ദീപ്തി ശര്‍മയും (20) സ്നേഹ് റാണയും (0) മടങ്ങിയതോടെ ഭാരതം ഒന്നിന് 71 എന്ന നിലയില്‍ നിന്ന് ആറിന് 133 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഹര്‍മന്‍പ്രീതിനൊപ്പം പൂജാ വസ്ത്രാകര്‍ ചേര്‍ന്നതോടെ കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കാന്‍ ഭാരതത്തിനായി. ഇംഗ്ലണ്ടിനായി ചാര്‍ലി നാലും സോഫീ രണ്ടും വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: