കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില് പൊളിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. നവകേരള സദസിനു വേണ്ടി കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം വിട്ടുകൊടുക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഈ ചോദ്യം.
ചക്കുവള്ളി ക്ഷേത്ര മൈതാനത്തോടു ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് സ്കൂളുണ്ടെന്നും സ്കൂള്‍ മതില് പൊളിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മതില് പുനര്നിര്മിച്ചുകൊടുക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. എജി വിശദീകരിച്ചു. എന്നാല്‍ പൊതുഖജനാവില്‍ നിന്നുള്ള പണമല്ലേ ഇതിനായി നഷ്ടമാകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
ചക്കുവള്ളി ക്ഷേത്ര മൈതാനത്തിന്റെ വിശദമായ രൂപരേഖ ഇന്നു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ സ്ഥാനം, ഇവിടെയുള്ള മറ്റു കെട്ടിടങ്ങള്‍, നവകേരള സദസിനു വേണ്ടി താത്കാലികമായി ഒരുക്കുന്ന വേദിയുടെയും സദസിന്റെയും സ്ഥാനം തുടങ്ങിയവ വ്യക്തമാക്കുന്ന രൂപരേഖ നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയത്.
കൊല്ലം കുന്നത്തൂര്‍ ജെ. ജയകുമാര്‍, മൈനാഗപ്പള്ളിയിലെ ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ അഡ്വ.വി. സജിത്കുമാര്‍ മുഖേന നല്കിയ ഹര്‍ജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്. നവകേരള സദസിന്റെ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഇന്നു മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ കക്ഷിചേര്ക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരുടെ അപേക്ഷയും ഇന്നു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: