കട്ടന്‍ രാജവംശത്തിന്റെ കുലദൈവമായിരുന്നു പെരുമാളും നാഗദൈവങ്ങളും. ശിവനാണ് പെരുമാള്‍. കപര്‍ദ്ദം (ജട) പ്രപഞ്ചത്തില്‍ വാരി വിതറി താണ്ഡവത്തിലാറാടി നില്ക്കുന്ന മൂര്ത്തീസങ്കല്പത്തിലാണ് ഉള്ളിയേരി, മനാട്
നെയ്തല്ലൂര്‍ തലച്ചില്ലോന്‍ ഗുളികന് ക്ഷേത്രത്തിലെ പ്രതിഷ്ഠയുള്ളത്. ഉപപ്രതിഷ്ഠയായി ഗുളികന് മൂര്‍ത്തിയെ പാലമരച്ചുവട്ടില്‍ കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു.
മഹാദേവന്റെ ഡമരുവിന്റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചവും സര്‍വ്വ മന്ത്രങ്ങളും ഉയായതെന്നാണ് വിശ്വാസം. അഗ്നി, പ്രളയകാലത്തുണ്ടായ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന് കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടിസ്ഥിതിസംഹാരം നടക്കുന്നു.
നെയ്തല്ലൂര്‍ തലച്ചില്ലോന്‍ ഗുളികന് ക്ഷേത്രത്തില്‍ മഹാദേവന് പടിഞ്ഞാറോട്ട് ദര്‍ശനമായാണ് ശ്രീലകത്ത് ദാരുശില്പമായി കുടികൊള്ളുന്നത്. മഹാദേവനെ ദര്ശിക്കുമ്പോള് മഹാതാണ്ഡവ സ്തുതി ജപിക്കുക ഉചിതമായിരിക്കും.
സര്‍വ്വകലാവല്ലഭവനും അതിപ്രഗല്ഭനുമായിരുന്നു ലങ്കാധിപതി രാവണന്. സ്വന്തം കഴിവില്‍ മതിമറന്ന് അഹങ്കരിച്ച രാവണന് പരമശിവനെ ഒരിക്കല്‍ വെല്ലുവിളിക്കുകയും അതില്‍ പരാജയപ്പെട്ട്, ഒടുവില്‍ ശിവപ്രീതിയ്ക്കായി മാപ്പിരിക്കുകയും ചെയ്തു. രാവണന് ഒരിക്കല്‍ ആകാശമാര്‍ഗ്ഗം പുഷ്പകവിമാനത്തിലൂടെ കൈലാസം മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ ശിവഭൂതഗണങ്ങളിലെ പ്രധാനിയായ നന്ദികേശ്വരന് തടഞ്ഞു. ഇരുവരും യുദ്ധം തുടങ്ങി. ഒടുവില്‍ നന്ദിദേവനെ പരാജയപ്പെടുത്തിയ രാവണന് അഹങ്കാരത്തോടെ കൈലാസത്തെ അമ്മാനമാടുവാന്‍ തുനിഞ്ഞു. രാവണന് തന്റെ ഇരുപതു കരങ്ങളുമായി കൈലാസത്തെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, പരമേശ്വരന് വളരെ നിസാരമായി കാലിന്റെ പെരുവിരലിനാല്‍ കൈലാസത്തെ അമര്‍ത്തി. ഇതോടെ രാവണന്റെ ഇരുപത് കരങ്ങളും കൈലാസ പര്‍വ്വതത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്നു. ഒടുവില്‍ തളര്‍ന്നവശനായ രാവണന് തെറ്റുമനസ്സിലാക്കി പരമശിവനോട് മാപ്പിരിക്കുകയും, പ്രായശ്ചിത്തമായി ആ കിടപ്പില്‍ കിടന്നുക്കൊണ്ട് ഒരു സ്തോത്രം പുതിയതായി ജപിക്കുകയും ചെയ്തു. സതീദേവി ദക്ഷയാഗത്തില്‍ ആത്മാഹുതി നടത്തിയത്തില്‍ ദുഃഖത്താലും ക്രോധത്താലും പരമശിവന് നടത്തിയ രുദ്രതാണ്ഡവത്തെ സ്തുതിച്ചുക്കൊണ്ടുള്ള ശിവതാണ്ഡവ സ്തോത്രം ചൊല്ലി തീര്‍ന്നപ്പോള്‍ മഹാദേവന് പ്രസാദിക്കുകയും രാവണനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് പുരാണം പറയുന്നത്. സന്ധ്യാസമയത്ത്, സൂര്യാസ്തമയത്തിനുശേഷം, പൂജയുടെ അവസാനം, ശിവാരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ സ്തോത്രം ആരെങ്കിലും ഉരുവിട്ടാല്‍, സര്‍വൈശ്വര്യങ്ങളും നല്കി പരമേശ്വരന് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.
പരമശിവന് നടത്തിയിട്ടുള്ള ഏഴ് താണ്ഡവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രുദ്രതാണ്ഡവം. ശിവന് സംഹാരരുദ്രനായി ആടിയ ഈ താണ്ഡവത്തില്‍ ത്രിഭുവനങ്ങളും നടുങ്ങിയെന്നാണ് പറയുന്നത്. രുദ്രതാണ്ഡവത്തെ അതേപോലെ വര്‍ണ്ണിച്ച ശിവതാണ്ഡവ സ്തോത്രം കേള്‍ക്കുന്നതും ചൊല്ലുന്നതും പരമശിവന്റെ അനുഗ്രഹം നേടിത്തരും. എല്ലാ ദോഷങ്ങളില്‍ നിന്നും സംരക്ഷണവും ലഭിക്കും. ഒരു വരിയില്‍ പതിനാറ് അക്ഷരങ്ങള്‍ വരുന്ന പഞ്ചചാമരം എന്ന സംസ്കൃത വൃത്തത്തില്‍ എഴുതപ്പെട്ടതാണ് ശിവതാണ്ഡവ സ്തോത്രം.
‘മഹാദേവന് നിവേദ്യം’ എന്ന് മൂന്നു തവണ ശാന്തി പറയുമ്പോള്‍ മഹാദേവന് തന്റെ പെരുവിരല്‍ ഭൂമിയില്‍ മൂന്ന് തവണ അമര്‍ത്തി തന്റെ ഭൂതങ്ങളെ വിളിക്കുന്നു എന്നാണ് സങ്കല്പം. മഹാദേവന്റെ പെരുവിരലില്‍ നിന്ന് ജന്മമെടുത്ത ഗുളികനെ മറികടന്ന് ഒരു ശത്രുവിനും വിജയിക്കാന്‍ സാധ്യമല്ല.
ഭക്തര്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഗുളികന്സ്വാമിയും മഹാദേവനും മനാട് ദേശത്തിന്റെ സംരക്ഷകരാണ്. ഗുളികന് പന്തം, കരികലശം, കൂറ കെട്ടല്‍ (മീറ്റര്‍), ഗുരുതി എന്നിവയാണ് വിശേഷാല്‍ വഴിപാടുകള്‍. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താമരശ്ശേരി റൂട്ടിലാണ് മനാട്, നെയ്തല്ലൂര്‍ തലച്ചില്ലോന്‍ ഗുളികന് ക്ഷേത്രമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: