മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ്് ഫുട്‌ബോളില്‍ ഗ്രൂപ്പ് തുടര്‍ച്ചയായ ആറാം കളിയും ജയിച്ച് റയല്‍ മാഡ്രിഡ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എഫ്‌സി യൂണിയന്‍ ബര്‍ലിനെയാണ് റയല്‍ കീഴടക്കിയത്. വാശിയേറിയ മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുള്‍ക്കാണ് വിജയം. ആദ്യം പിന്നില്‍ നിന്നശേഷമാണ് റയല്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. 89-ാം മിനിറ്റില്‍ സെബല്ലോസ് നേടിയ ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. ഹൊസൈലു വിജയികള്‍ക്കായി രണ്ട് ഗോള്‍ നേടി.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും റയലിന്റെ ആധിപത്യമായിരുന്നു. എന്നാല്‍ ഗോളടിക്കാന്‍ റോഡ്രിഗോയും ഹൊസേലുവും ബെല്ലിങ്ഹാമുമടങ്ങിയ താരനിരക്കായില്ല. റയലിനെ ഞെട്ടിച്ച് ആദ്യ പകുതിയുടെ പരിക്ക് സമയത്ത് യൂണിയന്‍ ബര്‍ലിന് ആദ്യ ഗോള്‍ നേടി. കെവിന്‍ വോളണ്ടാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതിയില്‍ അവര്‍ 1-0ന് മുന്നിട്ടുനിന്നു.
കളിയുടെ 61-ാം മിനിറ്റില്‍ റോഡ്രിഗോയുടെ പാസില്‍ നിന്ന് ഹൊസൈലു റയല്‍ സമനില ഗോള്‍ കണ്ടെത്തി. പിന്നീട് 72-ാം മിനിറ്റില്‍ അവര്‍ ലീഡും നേടി. ഗാര്‍ഷ്യയുടെ പാസില്‍ നിന്ന് ഹൊസൈലുവാണ് വീണ്ടും ലക്ഷ്യം കണ്ടത്. എന്നാല്‍ 85-ാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് യൂണിയന്‍ ബര്‍ലിന് സമനില ഗോള്‍ നേടി. അലക്‌സ് ക്രാള്‍ ആണ് ലക്ഷ്യം കണ്ടത്. നാല് മിനിറ്റിനുശേഷം ബെല്ലിങ്ഹാമിന്റെ പാസില്‍ നിന്ന് ഡാനി സെബല്ലോസ് റയലിന്റെ വിജയഗോളും സ്വന്തമാക്കി.
കളിച്ച ആറ് കളികളും ജയിച്ച റയല്‍ 18 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലെത്തി. മറ്റൊരു കളിയില്‍ സ്‌പോര്‍ട്ടിങ് ബ്രാഗയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നാപ്പോളിയും പ്രീ ക്വാര്‍ട്ടറിലെത്തി. റയലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് നാപ്പോളിയുടെ മുന്നേറ്റം. ആറ് കളികളില്‍നിന്ന് 10പോയിന്റാണ് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിക്കുള്ളത്.
ബയേണിനോട് തോറ്റ് മാഞ്ചസ്്റ്റര്‍ യുണൈറ്റഡ്
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പിലെ അവസാന കളിയില്‍ തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒറ്റഗോളിന് ബയേണ്‍ മ്യൂണിക്കിനോടാണ് തോറ്റത്. 71-ാം മിനിറ്റില്‍ കിങ്സിലി കോമാനാണ് യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത ഗോള്‍ നേടിയത്. ആറ് കളിയില്‍ വെറും നാല് പോയിന്റുമായി യുണൈറ്റഡ് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനത്തായപ്പോള്‍ അഞ്ച് കളിയും ജയിച്ച ബയേണ്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറിലെത്തി. ഗലാറ്റസരേയെ ഒറ്റഗോളിന് തോല്‍പിച്ച് എട്ട് പോയിന്റോടെ കോപ്പന്‍ഹേഗന്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി.
ആഴ്‌സണല്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ആഴ്സലണല്‍ സമനിലകൊണ്ട് തൃപ്തരായെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. പിഎസ്‌വി ഐന്തോവനാണ് ഓരോ ഗോളടിച്ചാണ് ആഴ്സണലിനെ സമനിലയില്‍ തളച്ചത്. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ എഡ്ഡി എന്‍കെതിയ ആഴ്സണലിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ പിഎസ്‌വിയുടെ സമനില ഗോളെത്തി. യോര്‍ബെ വെര്‍ട്ടെസനായിരുന്നു സ്‌കോറര്‍. സമനിലയോടെ ആഴ്സണലിനൊപ്പം ലെന്‍സിനെ മറികടന്ന് പിഎസ്‌വിയും പ്രീക്വാര്‍ട്ടറിലെത്തി. അവസാന കളിയില്‍ സെവിയയെ 2-1ന് പരാജയപ്പെടുത്തിയെങ്കിലം ലെന്‍സിന് പ്രീ ക്വാര്‍ട്ടറിലെത്താനായില്ല.
ഗ്രൂപ്പ്് ഡിയിലെ അവസാന മത്സരത്തില്‍ ബെനഫിക്ക ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്റര്‍ മിലാന്‍-റയല്‍ സോസിഡാഡ് കളി ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ നി്ന്ന് ഒന്നും രണ്ടും സ്ഥാനക്കാരായി റയല്‍ സോസിഡാഡും ഇന്റര്‍മിലാനുമാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: