തിരുവനന്തപുരം: അഞ്ഞൂറു കോടി രൂപ വിലമതിക്കുന്ന ദല്‍ഹി ട്രാവന്‍കൂര്‍ പാലസ് സിപിഎം നിയന്ത്രണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രിത നീക്കം.
ഇതിന് 15 അംഗ സമിതി രൂപീകരിച്ചു, ഏഴു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ തീരുമാനിക്കുന്ന എട്ടു പേരും. ഏഴു പേരെ വച്ച് 14 ഏക്കര്‍ ഭൂമിയും കെട്ടിടവും ട്രാവന്‍കൂര്‍ പാലസ് മാനേജ്മെന്റ് സൊസൈറ്റി എന്ന പേരില്‍ കേരളത്തില്‍ സമിതി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കുമേല്‍ മാത്രമേ രജിസ്ട്രാര്‍ക്ക് അധികാരമുള്ളെങ്കിലും ചട്ടം ലംഘിച്ചു മേല്‍വിലാസമില്ലാതെ ദല്‍ഹിയിലെ സ്ഥാപനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള സ്ഥാപനം കേരളത്തില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്നും സൊസൈറ്റി കെട്ടിടത്തിന്റെ മേല്‍വിലാസം വേണമെന്നും നിയമ വകുപ്പ് ആവശ്യപ്പെട്ടു. ഇതോടെ മേല്‍വിലാസമില്ലാതെ സൊസൈറ്റിയുടെ പേരു മാത്രം അപേക്ഷാ ഫോമില്‍ ചേര്‍ത്ത് ചട്ടം ലംഘിച്ച് രജിസ്ട്രാര്‍ സൊസൈറ്റിക്കു പ്രവര്‍ത്തനാനുമതി നല്കി.
ചാരിറ്റബിള്‍ സൊസൈറ്റി നിയമ പ്രകാരം എല്ലാ വര്‍ഷവും രജിസ്ട്രേഷന് പുതുക്കണം. പ്രശ്നങ്ങളുണ്ടായാല്‍ പരിശോധന നടത്തണം. സ്ഥാപനം സംസ്ഥാന പരിധിയിലാണെങ്കിലേ പരിശോധിക്കാനാകൂ. എന്നാല്‍ ട്രാവന്‍കൂര്‍ മാനേജ്മെന്റ് സൊസൈറ്റി അധികാര പരിധിക്കു പുറത്താണ്. 15 അംഗങ്ങളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പുതുക്കിപ്പണിത ട്രാവന്‍കൂര്‍ പാലസ് ആഗസ്ത് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന് 55 ലക്ഷം ചെലവിട്ടു. പാലസിലെ കതകുകളിലും തട്ടിലുമൊക്കെ ഉപയോഗിച്ചിരുന്ന, ലക്ഷങ്ങള്‍ വിലപിടിപ്പുള്ള തേക്ക്, വീട്ടിതടികള്‍ കടത്തി, പകരം നിലവാരം കുറഞ്ഞ തടിയുപയോഗിച്ചെന്നും തറയില്‍ കുറഞ്ഞ വിലയുള്ള ടൈല്‍ പാകിയെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: