കൊച്ചി: കേരളത്തില്‍ വരുമാനം എത്ര എന്ന് നോക്കാതെയാണ് സര്‍ക്കാര്‍ ചെലവാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്. ചെലവുകള്‍ കൂടുന്നതിനനുസരിച്ച് വരുമാനം സമാഹരിക്കുന്നില്ല.
സിഐജി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റേണല്‍ ഓഡിറ്റ് കൃത്യമായി നടക്കുന്നില്ല, അവര്‍ പറഞ്ഞു. ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ അടിസ്ഥാനമാക്കി ‘ കേരളത്തിന്റെ കടവും കടപ്പാടും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
2016ല്‍ തോമസ് ഐസക്കാണ് ബജറ്റില്‍ ഒരു ശതമാനം പെട്രോളിയം സെസ്സ് ഏര്‍പ്പെടുത്തുന്നത്. ഈ സെസ്സ് നേരെ പോകുന്നത് ഖജനാവിലേക്കല്ല പകരം നേരെ കിഫ്ബിയിലേക്കാണ്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി എന്ന് പറഞ്ഞ് എടുക്കുന്ന കടവും സോഷ്യല്‍ സെക്യൂരിറ്റി എന്ന പറഞ്ഞ് എടുക്കുന്ന കടവും ബജറ്റിന് പുറത്തുള്ള കടമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് രണ്ടും ബജറ്റിനകത്തുളള കടമാണ്.
സെക്രട്ടേറിയറ്റില്‍ മുപ്പത്തിയ്യായിരം സ്റ്റാഫുകളാണ് അധികപ്പറ്റായി ഉളളതെന്നാണ് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിപ്പോര്‍ട്ട് പറയുന്നത്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലും മുപ്പതിനായിരത്തിലധികം സ്റ്റാഫാണ് ഉള്ളത്. കൂടാതെ കേരളത്തില്‍ ഒരേ വ്യക്തിതന്നെ സര്‍വീസ് പെന്‍ഷനും വിധവ പെന്‍ഷനും സാമൂഹിക പെന്‍ഷനും മേടിക്കുന്നവരാണ്.
മുപ്പതിനായിരം കോടി രൂപയുടെ നികുതി സ്വര്‍ണത്തില്‍നിന്ന് മാത്രം കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ നമുക്ക് കിട്ടുന്നത് അഞ്ഞൂറു കോടിയില്‍ താഴെമാത്രമാണ് ലഭിക്കുന്നതെന്നും മേരി ജോര്‍ജ് പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷനായി. ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ബേബി കിരീടം, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന പ്രസഡന്റ് കുരുവിള മാത്യൂസ്, ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, ഇന്റലക്ച്വല്‍ സെല്‍ ജില്ലാ ഇന്‍ചാര്‍ജ് അംഗം കെ.വി. സാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: