കൊച്ചി: ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഇന്ന് ധര്‍ണ നടത്തും.
രാവിലെ 10.30 ന് ആരംഭിക്കുന്ന ധര്‍ണ വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ശബരിമലയില്‍ കഴിഞ്ഞ ദിവസം അയ്യപ്പദര്‍ശനത്തിനെത്തിയ 10 വയസുള്ള പെണ്‍കുട്ടി കുഴഞ്ഞു വീണു മരിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ വ്യക്തമാക്കി.
പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാതെ തീര്‍ത്ഥാടകരോട് ക്രൂരത കാട്ടി ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് പകരം ഭക്തരെ പരമാവധി കഷ്ടപ്പെടുത്തി ഇനി ശബരിമലയില്‍ എത്താതിരിക്കുന്നതിനുളള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി. ആര്. രാജശേഖരനും വ്യക്തമാക്കി.
ഹൈന്ദവ സമൂഹം കാലങ്ങളായി ഭക്തിയോടെ പരിരക്ഷിച്ചിരുന്ന ശബരിമല ഇന്ന് കണ്ണീരിന്റെയും നിലവിളിയുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ശബരിമല ദര്‍ശനത്തിനെത്തിയ പത്തുവയസുകാരി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകുവെന്നും ബജ്റംഗ്ദള്‍ കേരള ഘടകം സംസ്ഥാന സംയോജക് അനൂപ് രാജ്, സഹസംയോജകന്മാരായ പ്രദീപ് അണ്ടലാടി, സന്തോഷ് വക്കം എന്നിവര്‍ വ്യക്തമാക്കി. കോടതിയുടെ ഉത്തരവുകള്‍ പോലും നടപ്പാക്കാതെ അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: