തിരുവനന്തപുരം: ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, കേസിലെ രണ്ടാം പ്രതിയും റുവൈസിന്റെ അച്ഛനുമായ കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അബ്ദുള്‍ റഷീദാണ് സ്ത്രീധനത്തിന് കൂടുതല്‍ സമ്മര്‍ദം ചെലുത്തിയതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വാട്സ്ആപ്പ് ചാറ്റുകളിലും വ്യക്തമായിരുന്നു. സ്ത്രീധനത്തിനായി കൂടുതല്‍ സമ്മര്‍ദ്ദം അബ്ദുള്‍ റഷീദ് ചെലുത്തിയെന്ന് ഷഹ്നയുടെ അമ്മയും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അബ്ദുള്‍ റഷീദിനെയും പ്രതിചേര്‍ത്തത്.
ഇയാള്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പോലീസ് ഒത്തുകളിക്കുന്നതിനാലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നിര്‍ണായക തെളിവുകള്‍ കിട്ടിയെങ്കിലും ആദ്യം പോലീസ് മറച്ചുവച്ചു. ഇത് പ്രതി രക്ഷപ്പെടാന്‍ കാരണമായി.
റുവൈസിനെ അറസ്റ്റുചെയ്യുമെന്ന് വന്നതോടെ അബ്ദുള്‍ റഷീദ് വീട്ടില്‍ നിന്ന് കാറില്‍ രക്ഷപ്പെടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിക്കുന്നതായാണ് സൂചന. ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ കണ്ടെത്താനാകുന്നില്ലെന്നാണ് പോലീസ് ഭാഷ്യം. റഷീദിനെതിരെ നിര്‍ണായ തെളിവുകള്‍ കിട്ടിയെങ്കിലും അത് മറച്ചുവെക്കുന്ന നിലപാടാണ് ആദ്യം പോലീസ് സ്വീകരിച്ചത്.
ഷഹ്നയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് റുവൈസ് പിന്മാറിയത്. ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല് ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹ്ന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഷഹ്ന ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: