ഹൈദരാബാദ്: ഏറെ കൊട്ടിഘോഷിച്ച് തെലുങ്കാനയില്‍ അധികാരത്തിലേറിയ രേവന്ത് റെഡ്ഡി സര്‍ക്കാരിന് തുടക്കത്തിലേ കല്ലുകടി. അസദുദ്ദീന്‍ ഒവൈസിയുടെ മകന് അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടെം സ്പീക്കറായി അവരോധിച്ചതോടെ കോണ്‍ഗ്രസ് ഒവൈസിയുമായി നടത്തിയ രഹസ്യബാന്ധവും പുറത്തായി.
ഇതോടെ കോണ്‍ഗ്രസിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ആഞ്ഞടിക്കുകയാണ്. അതുവരെ മോദിയുടെ ഉറ്റച്ചങ്ങാതിയാണ് ഒവൈസി എന്ന് വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി തന്നെയാണ് ഒവൈസിയുമായി രഹസ്യധാരണയുണ്ടാക്കി എന്നതിന്റെ സൂചന പുറത്തുവരുന്നത്.
അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടെം സ്പീക്കറാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ അധ്യക്ഷനായിരിക്കുന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബിജെപി ബഹിഷ്കരിച്ചിരുന്നു.
ചന്ദ്രശേഖരറാവുവിന് ബീഹാര്‍ ജീന്‍ ആണെന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയില്‍ പ്രതിഷേധം
മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് ബീഹാര്‍ ജീനാണുള്ളതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെയും പ്രതിഷേധം പുകയുകയാണ്. ഇത്തരം പ്രസ്താവന രാഷ്ട്രീയ നീതിക്ക് നിരക്കുന്നതല്ലെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് നേതാക്കളോടും ഇന്‍ഡി മുന്നണിയിലെമറ്റ് പ്രതിപക്ഷപാര്‍ട്ടി നേതാക്കളോടും അഭ്യര്‍ത്ഥിച്ചു.
തന്റേത് തെലുങ്കാന ജീന്‍ ആണെന്നും മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റേത് ബീഹാറി ജീന്‍ ആണെന്നും അതിനാല്‍ താനാണ് തെലങ്കാനയ്ക്ക് പറ്റിയ നല്ല മുഖ്യമന്ത്രി എന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസ്താവന.
“രാജ്യത്തെ വിഭജിക്കാന്‍ വിചിത്രമായ പദ്ധതി കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നു. നേരത്തെ നോര്‍ത്ത്-സൗത്ത് വിഭജനമായിരുന്നു കോണ്‍ഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ തെലുങ്കാന-ബീഹാര്‍ വേര്‍തിരിവും ഉണ്ടാക്കുകയാണ്.” – രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: