ദുബായ്: രാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവരെ നിയമത്തിനു മുന്നിലെത്തിക്കാനൊരുങ്ങി സൗദി അറേബ്യ. കുറ്റക്കാരെ കാത്തിരിക്കുന്നത് പത്ത് വർഷം തടവും, കനത്ത പിഴയുമായിരിക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി സ്പെഷ്യൽ ഫോഴ്‌സസ് ഫോർ എൻവിറോണ്മെന്റൽ സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
സൗദി അറേബ്യ അനുശാസിക്കുന്ന പരിസ്ഥിതി നിയമങ്ങൾ, അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ എന്നിവ കർശനമായി പാലിക്കാൻ പൊതു ജനങ്ങളോട് സ്പെഷ്യൽ ഫോഴ്‌സസ് ഫോർ എൻവിറോണ്മെന്റൽ സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് സൗദി അറേബ്യയിൽ പത്ത് വർഷം വരെ തടവ്, മുപ്പത് ദശലക്ഷം റിയാൽ വരെ പിഴ എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടുന്നതും, കൊല്ലുന്നതും, ഇത്തരം ജീവികളെയോ, അവ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വസ്തുക്കളോ കച്ചവടം ചെയ്യുന്നതും സൗദി പരിസ്ഥിതി നിയമങ്ങൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ 911 (മക്ക, റിയാദ്, അൽ ശർഖിയ എന്നിവിടങ്ങളിൽ നിന്ന്) അല്ലെങ്കിൽ 999, 996 (സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്ന്) എന്നീ നമ്പറുകൾ ഉപയോഗിച്ച് കൊണ്ട് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: