ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടി ഫെഡറൽ ബാങ്ക് ഓഫ് ഇന്ത്യ. ആഗോളതലത്തിൽ ബാങ്കിംഗ് മേഖലയെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്ന പോർട്ടലായ ദി ബാങ്കറിന്റെ ബാങ്ക് ഓഫ് ദി ഇയർ 2023 അവാർഡ് ആണ് ഫെഡറൽ ബാങ്ക് സ്വന്തമാക്കിയത്. ഭാരതത്തിലുള്ളതിൽ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഏക ബാങ്കാണിത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും മികച്ച രീതിയിൽ സേവനം ഉറപ്പു വരുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്തതിനാണ് അവാർഡെന്ന് ദി ബാങ്കർ അറിയിച്ചു.
ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് 1,200-ൽ അധികം ശാഖകളുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1900-ൽ അധികം എടിഎമ്മുകളിലൂടെയും സിഡിഎംഎസുകളിലൂടെയും സേവനം നൽകുന്നു. ഏകദേശം 1.6 കോടിയിലധികം ഉപയോക്താക്കളാണ് നിലവിൽ ഫെഡറൽ ബാങ്കിനുള്ളത്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ബാങ്കാണ് ഫെഡറൽ ബാങ്ക്.
എല്ലാ ശാഖകളും കമ്പ്യൂട്ടർവത്കരിച്ച രാജ്യത്തെ ആദ്യ ബാങ്കിൽ ഒന്നാണിത്. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഓൺലൈൻ ബിൽ പേയ്മെന്റ്, ഓൺലൈൻ ഫീസ് ശേഖരണം, ഡിപ്പോസിറ്ററി സേവനങ്ങൾ, ക്യാഷ് മാനേജ്മെന്റ്, മർച്ചന്റ് ബാങ്കിംഗ് സേവനങ്ങൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് ഉത്പന്നങ്ങൾ എന്നിങ്ങനെ നിരവധി സേവനങ്ങൾ ബാങ്ക് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: