എ.പി. അബ്ദുല്ലക്കുട്ടി
ബിജെപി ദേശീയ ഉപാധ്യക്ഷന്‍
ഛത്തീസ്ഗഢ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് ഡിഎന്‍വി സെന്തില്‍ കുമാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് ഇങ്ങനെയാണ് ‘ഗോമൂത്രം കുടിക്കുന്നവരുടെ ഹിന്ദി ബെല്‍റ്റില്‍ മാത്രമാണ് ബിജെപി ജയിച്ചിട്ടുള്ളത്’. സെന്തില്‍ കുമാറിന്റെ നേതാവ് ഉദയനിധി തെരഞ്ഞെടുപ്പിന് മുമ്പ് സനാതന ധര്‍മ്മത്തിനെതിരെ വെറുപ്പിന്റെ വിഷവാക്കുകള്‍ ഉതിര്‍ത്തിരുന്നു. അത് ഇങ്ങനെ, ‘സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ, കൊറോണ പോലെ ഈ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ട രോഗാവസ്ഥയാണ്.’
ഇതിന് സമാനമായ ഒരു അഭിപ്രായമാണ് കേരളത്തിലെ പ്രമുഖ ചാനലിലെ അവതാരകന് ഡോ.അരുണ്‍കുമാര്‍ പ്രകടിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് ‘സാക്ഷരതയുള്ള സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപി പരാജയപ്പെടുന്നു…എഴുത്തും വായനയും അറിയാത്തവരുടെ നാട്ടിലാണ് ബിജെപി ജയിക്കുന്നത്’ എന്നൊക്കെയാണ്. സെന്തിലിന്റെയും അരുണിന്റെയും വാക്കുകള്‍ ഇന്ത്യയുടെ ഹൃദയ ഭൂമിയിലെ സാധാരണ ജനങ്ങളെ അപമാനിക്കുന്ന പ്രസ്താവനയാണ്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സത്യത്തില്‍ ഈ രണ്ടു പേര്‍ക്കും ഹിന്ദി ഹൃദയ ഭൂമിയിലെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ. രണ്ട് സംഭവങ്ങള്‍ പറയാം. ഒന്ന് ഇന്ദിരയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം. രണ്ട് രാജ്യത്തെ കാര്‍ന്നുതിന്ന അഴിമതി ഭരണത്തിന്റെ കാലം. രാജ്യവും ജനാധിപത്യ വ്യവസ്ഥയും നേരിട്ട ഗുരുതരമായ പ്രതിസന്ധികളെ എങ്ങിനെയാണ് കേരളവും ഉത്തര ഭാരത സംസ്ഥാനങ്ങളും നേരിട്ടതെന്ന ചരിത്രം തിരക്കിയാല്‍ തീരുന്നതാണ് കേരളീയന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ വീമ്പു പറച്ചില്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭാരതം അപകടാവസ്ഥയിലായ ഈ നിര്‍ണ്ണായക ഘട്ടങ്ങളില്‍ അതിനെതിരെ യാഥാര്‍ത്ഥ്യബോധത്തോടെ പ്രതികരിച്ചവരും പ്രതിരോധിച്ചവരും ഹിന്ദി ബെല്‍റ്റിലെ ഗ്രാമീണ ജനതയായിരുന്നു. 1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവര്‍ ഒരു പെണ് ഹിറ്റ്ലര്‍ ആയി മാറിയ നാളുകള്‍. ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടുക മാത്രമല്ല, അവ മരണത്തിന്റെ വക്കിലെത്തി. ജനാധിപത്യത്തിന്റെ ചതുര് സ്തംഭങ്ങളും ഏകാധിപതിയുടെ കാല്‍ക്കീഴിലമര്‍ന്നു. ജയപ്രകാശ് നാരായണന്റെയും, മറ്റും നേതൃത്വത്തില്‍ നടന്ന പോരാട്ടം നെഞ്ചിലേറ്റി, അടിയന്തിരാവസ്ഥയേയും ഇന്ദിരാഗാന്ധിയെ തന്നെയും പരാജയപ്പെടുത്തിയ മഹാപോരാളികളുടെ നാടാണ് ഡോ. അരുണും, സെന്തിലും പുഛിക്കുന്ന ഈ പാവങ്ങളുടെ ഹിന്ദി ബെല്‍റ്റ്. ഇവര്‍ക്ക് ആരെയും വിമര്‍ശിക്കാനും എന്തും പറയാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചത് ഈ ജനതയുടെ ത്യാഗപൂര്‍ണ്ണമായ പോരാട്ടം കൊണ്ടാണ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും രക്ഷകരായി മാറിയ ചരിത്രദൗത്യമാണ് അവര്‍ നിര്‍വ്വഹിച്ചത്.
പിന്നീട് ഇന്ത്യ നേരിട്ട ഒരു വലിയ പ്രശ്നമായിരുന്നു അഴിമതി. രാഷ്ട്ര ശരീരത്തില്‍ കാന്‍സര്‍ പോലെ അത് വളര്‍ന്നു. ഭരണതലങ്ങളില്‍ ഗുമസ്തന് മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ഈ ഭീകരമാരി വളര്‍ന്നു വലുതായി. അണ്ണാ ഹസാരെയെ പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങള്‍ ഉയര്‍ന്നു വന്നത് ഈ അഴിമതിയുടെ കോട്ടകള്‍ക്കെതിരെയായിരുന്നു.
2ജി സ്പെക്ട്രം, കല്‍ക്കരി ഖനി അഴിമതി തുടങ്ങി സര്‍വ്വ രംഗങ്ങളെയും ബാധിച്ച അഴിമതിക്കെതിരെ രാജ്യത്തെ പിടിച്ചു കുലുക്കിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. അഴിമതി എന്ന അധര്‍മ്മത്തെ തടയാന്‍ ഭാരതത്തിലെ ജനത കണ്ടെത്തിയ പരിഹാരമാണ് 2014ലെ തെരെഞ്ഞടുപ്പ് ഫലം. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള ആരോഹണം അഴിമതി വ്യവസ്ഥയുടെ അവരോഹണം കൂടിയായിരുന്നു. ഭരണമാറ്റം മാത്രമല്ല അതൊരു വ്യവസ്ഥാ പരിവര്‍ത്തനം കൂടിയായി. ഒരു തുള്ളി ചോര ചിന്താതെ ഉണ്ടായ മഹാവിപഌവവും അതിന്റെ പരിണാമവും. നരേന്ദ്രമോദി നയിച്ച ദേശീയ പ്രസ്ഥാനത്തെ വിജയത്തില്‍ എത്തിച്ചതിന്റെ ചാലക ശക്തി, അരുണും സെന്തിലും പരിഹസിച്ച നിരക്ഷര കുക്ഷികളായ ജനതയായിരുന്നു. ചാണകം മെഴുകിയ നിലങ്ങളില്‍ നിന്നാണ് രാജ്യത്തെ രക്ഷിച്ച ഉചിത തീരുമാനമുണ്ടാകുന്നത്.
ഇനി നമുക്ക് സൗത്ത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഒരു ലഘു ചരിത്രം പരിശോധിച്ചാല്‍ കൗതുകകരമാവും. അടിയന്തിരാവസ്ഥയില്‍ ഏറ്റവും തിക്താനുഭവങ്ങള്‍ നേരിട്ടിട്ടും, കേരളത്തില്‍ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 20 ല്‍ ഇരുപത് സീറ്റിലും ഇന്ദിരാഗാന്ധിക്ക് വോട്ട് കുത്തി ജയിപ്പിച്ച നാടാണ് ഡോ: അരുണിന്റെ പ്രബുദ്ധ കേരളം. 2014 ല്‍ രാജ്യമാകെ നടന്ന അഴിമതി പോരാട്ടത്തിന്റെ സത്തയുള്‍ക്കൊണ്ടില്ല ഡോ: അരുണ്‍ കോള്മയിര് കൊള്ളുന്ന കേരളത്തിന്റെ പ്രബുദ്ധത. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്ന് സ്വപ്നം കണ്ട് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റുകളില്‍ യുഡിഎഫിനെയും അഥവാ ഒന്നു കുറഞ്ഞാലോ എന്ന് കരുതി അവശേഷിച്ച ഒന്നില്‍ കോണ്‍ഗ്രസിന്റെ ബി ടീമായ സിപിഎമ്മിനെയും വിജയിപ്പിച്ചു കൊടുത്തു മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത.
ഇതിനെ രാഷ്ട്രീയ പ്രബുദ്ധത എന്നു പറയാന്‍ പറ്റുമോ? പ്രായോഗികമല്ലെന്ന് ലോകം മുഴുവന്‍ വിലയിരുത്തിയ മാര്‍ക്സിസത്തിന്റെ അടിമകളായ കേരളത്തിലെ അഭ്യസ്തവിദ്യരേക്കാള്‍ ജനാധിപത്യ ബോധവും രാഷ്ട്രീയ പ്രബുദ്ധതയും മൂല്യബോധമുള്ളവരുമാണ് കേരളത്തിലെ ചില പ്രബുദ്ധര് പരിഹസിക്കുന്ന ഉത്തരേന്ത്യന്‍ പശു ബെല്‍റ്റ്! അതിന്റെ ശക്തിയെത്രയെന്ന് ബോധ്യപ്പെട്ടു വരുന്നതിന്റെ ലക്ഷണമാണ് സെന്തില്‍കുമാറിന്റെ ബോധോദയവും അതുമൂലമുണ്ടായ മാപ്പു പറച്ചിലും. അരുണ്‍കുമാര്‍മാര്‍ക്കത് താമസിയാതെ തിരിച്ചറിയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: