നടന് ഭീമന് രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന് രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.
‘ഭീമന് രഘു സിനിമയിലെ ഒരു കോമാളിയാണ്. മസില് ഉണ്ടെന്നേയുള്ളു. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാണ്. മണ്ടനാ. എന്നാല്‍ മുഖ്യമന്ത്രി അത് മൈന്‍ഡ് ചെയ്തില്ല. രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞു.
’15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന് രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന് ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന് രഘു. മസില് ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്’ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ 15ന് നടന്ന 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുമ്പോഴാണ് മുഴുവന്‍ സമയവും നടന് ഭീമന് രഘു എഴുന്നേറ്റ് നിന്നത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താന്‍ പ്രസംഗം തീരുംവരെ എഴുന്നേറ്റുനിന്നതെന്ന് നടന് പിന്നീട് പ്രതികരിച്ചു. ഭീമന് രഘുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.
അഭിമുഖത്തില്‍ റിവ്യൂ ബോംബിങ് വിഷയത്തിലും രഞ്ജിത്ത് പ്രതികരിച്ചു. റിവ്യൂ കൊണ്ട് മാത്രം സിനിമയെ വിജയിപ്പിക്കാനും പരാജയപ്പെടുത്താനും കഴിയില്ല. അല്ലാതെയുള്ള പ്രതികരണങ്ങളെല്ലാം വെറും ന്യായം കണ്ടെത്തുന്നതാണ് എന്ന് രഞ്ജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: