വയനാട്: കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്.
ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയപ്പോഴാണ് പ്രജീഷ് കടുവയുടെ മുന്നില്‍ പെട്ടത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന് അന്വേഷിച്ച് പോയപ്പോഴാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു.
നിലവില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധിക്കുകയാണ്. നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് നാട്ടുകാര്‍. വയനാട് ഡിഎഫ്ഒ സജ്ന കരിമു സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ വനപ്രദേശമാണ്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം താമരശേരി ചുരത്തില്‍ കടുവയിറങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടിരുന്നത്. തോട്ടം തൊഴിലാളികളും ക്ഷീരകര്‍ഷകരും കൂടുതലായുള്ള പ്രദേശത്ത് നിരവധി പേര് കടുവയെ നേരില്‍ക്കണ്ടിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: