ഹരിപ്പാട്: പ്രശസ്ത വീണ വാദക ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ മായാവര്‍മ (62) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ വ്യാഴാഴ്ച രാത്രി അനന്തപുരം കൊട്ടാരത്തിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
കേരള വര്‍മ വലിയകോയിത്തമ്പുരാന്റെ അനന്തരവളായ അഹല്യ തമ്പുരാട്ടിയുടെ മകളാണ്. തമ്പുരാന്റെ ഏകകാണ്ഡ വീണ തലമുറകളായി കൈമാറി മായാവര്മയുടെ കൈയിലെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പിന്‍തലമുറയില്‍പ്പെട്ട പരേതനായ കെ. കുഞ്ഞുണ്ണിരാജയാണ് അച്ഛന്. തിരുവനന്തപുരത്ത് അഹല്യ സ്കൂള്‍ ഓഫ് വീണ എന്ന പേരില്‍ പരിശീലന കേന്ദ്രം നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഹരിപ്പാട് അനന്തപുരത്തെ വീട്ടിലേക്ക് താമസം മാറ്റി.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ കലോത്സവത്തില്‍ വീണയ്ക്ക് ഒന്നാം സ്ഥാനം നേടിയാണ് മായാവര്‍മ ശ്രദ്ധിക്കപ്പെട്ടത്. അന്ന്്, ഗായകന് കെ.ജെ. യേശുദാസാണ് സമ്മാനം നല്‍കിയത്.
ബിരുദത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളജിലും പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിലുമായി വീണാ സംഗീതത്തില്‍ ഗാനഭൂഷണവും ഗാനപ്രവീണും നേടിയ മായാവര്‍മ പിന്നിട് രാജ്യത്തെ വീണ വാദകരില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുകയായിരുന്നു. ആകാശവാണി ബി. ഹൈ ഗ്രേഡ് കലാകാരിയായിരുന്നു. നിരവധി സിനിമകളുടെ പശ്ചാത്തല സംഗീതസംവിധാനത്തില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചു. ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, കെ. രാഘവന്, എം.ജി. രാധാകൃഷ്ണന്, മോഹന്‍ സിതാര, എം. ജയച്ചന്ദ്രന്, ശരത്, തുടങ്ങി പ്രമുഖ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്കൊപ്പം വീണ വായിച്ചിട്ടുണ്ട്.
അഞ്ഞൂറിലധികം ഭക്തിഗാന കാസറ്റുകള്‍ പുറത്തിറക്കി. മായാവര്‍മ വീണയില്‍ വായിച്ച ഹരിവരാസനം പ്രസിദ്ധമാണ്. അനന്തപുരം കൊട്ടാരത്തില്‍ വീണ വായനയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇങ്ങനെ നൂറുകണക്കിന് ശിഷ്യഗണങ്ങളും തമ്പുരാട്ടിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ മാസം വിശ്വഹിന്ദു പരിഷത്ത് ഹരിപ്പാട്ട് സംഘടിപ്പിച്ച ദുര്‍ഗാവാഹിനി അഗ്നിവീര്‍ പഥ സഞ്ചലനത്തിന്റെ അദ്ധ്യക്ഷപദം അലങ്കരിച്ചതാണ് അവസാനത്തെ പൊതുവേദി. വി. ഗണേഷ് ആണ് ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: