ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയെ എന്നും മോദി കാല്‍തൊട്ട് വന്ദിച്ചിരുന്നുവെന്ന് മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി. പ്രണബ് കുമാര്‍ മുഖര്‍ജിയെക്കുറിച്ച് എഴുതുന്ന ഓര്‍മ്മപ്പുസ്തകത്തിലാണ് മകള്‍ മോദിയും പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് പറയുന്നത്.
പ്രണബ് കുമാര്‍ മുഖര്‍ജി മോദിയുമായി സവിശേഷബന്ധം സൂക്ഷിച്ചിരുന്നു. നരേന്ദ്രമോദി ബഹുമാനത്തോടെ എപ്പോഴും കാണുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പാദങ്ങള്‍ തൊട്ട് നമസ്കരിക്കുമായിരുന്നു. ഇത് സത്യസന്ധതയുടെയും തുറന്നമനസ്സിന്റെയും അടയാളമായിരുന്നു. മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞു.
‘പ്രണബ് മൈ ഫാദര്‍’ എന്ന പുസ്തകത്തില്‍ പ്രധാനമന്ത്രിയായ മോദിയും രാഷ്ട്രപതിയായ പ്രണബ് കുമാര്‍ മുഖര്‍ജിയും തമ്മിലുള്ള അസാധാരണ ബന്ധത്തെക്കുറിച്ച് സൂചനകള്‍ ഉണ്ട്. ആശയപരമായി രണ്ട് ധ്രുവങ്ങളിലായിരുന്നിട്ടും അവരുടെ സൗഹൃദം ഊഷ്മളമായി തുടര്‍ന്നു. പക്ഷെ പ്രണബ് കുമാറുമായുള്ള മോദിയുടെ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു പക്ഷെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തുടങ്ങിയതാണ് ആ ബന്ധം.
“മോദി തന്നെ എന്നോട് പറഞ്ഞത് അദ്ദേഹം പണ്ട് ഒരു സാധാരണ പാര്ട്ടിപ്രവര്ത്തകനായിരുന്നപ്പോള് ദല്‍ഹിയില്‍ വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം പ്രഭാതനടത്തിന് വരുന്ന പ്രണബ് മുഖര്‍ജിയെ കാണാറുണ്ടെന്നും അദ്ദേഹം വളരെ നന്നായി സംസാരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ കാല്‍തൊട്ട് താന്‍ വിന്ദിക്കാറുണ്ടെന്നുമാണ്.” -ശര്‍മ്മിഷ്ഠ മുഖര്‍ജി പറയുന്നു.
അച്ഛന്റെ ഡയറിയിലെ മോദിയെക്കുറിച്ചുള്ള കുറിപ്പും ശര്‍മ്മിഷ്ഠ പങ്കുവെയ്ക്കുന്നു. “മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ രാഷ്ട്രപതിയായ പ്രണബിനെ കാണാന്‍ വന്നു. മോദി കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും കഠിനമായി വിമര്‍ശിച്ചിരുന്നു. എന്നിട്ടും കാണുമ്പോഴൊക്കെ മോദി പ്രണബിന്റെ കാല് തൊട്ട് വന്ദിച്ചു. അത് തനിക്ക് സന്തോഷം നല്കുന്നു എന്നാണ് മോദി പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണതെന്ന് എനിക്കറിയുന്നില്ല….”.- ശര്‍മ്മിഷ്ഠ അച്ഛന്റെ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പറയുന്നു. ഇതേക്കുറിച്ച് പുസ്തകത്തില്‍ എഴുതിക്കൊള്ളട്ടെ എന്ന് മോദിയോട് ശര്‍മ്മിഷ്ഠ അനുമതി ചോദിച്ചപ്പോള്‍ സന്തോഷത്തോടെ മോദി അതിന് സമ്മതിക്കുകയായിരുന്നുവെന്ന് മോദിയുടെ മനസ്സിന്റെ വലിപ്പത്തെക്കുറിച്ച് ഓര്‍മ്മിച്ച് ശര്‍മ്മിഷ്ഠ എഴുതുന്നു.
“അതുപോലെ പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരുന്നപ്പോള്‍ മോദിയുമായുള്ള ബന്ധത്തില്‍ ഒട്ടേറെ അഭിപ്രായഭിന്നതകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ അഭിപ്രായഭിന്നതകള്‍ പരസ്യമായി വിഴുപ്പലക്കാതെ നിശ്ശബ്ദം കൊണ്ടുനടക്കാന്‍ മോദിയ്ക്കറിയുമായിരുന്നു. “- പ്രണബിന്റെ മറ്റൊരു മോദിയെക്കുറിച്ചുള്ള സ്മരണയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: