അഹമ്മദാബാദ്: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് കൊടിമരങ്ങള്‍, 42 വാതിലുകള്‍… എല്ലാം പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള വിശ്രമമില്ലാത്ത ജോലിയിലാണ് അഹമ്മദാബാദിലെ ഗോട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അംബിക എന്‍ജിനീയറിങ് വര്‍ക്സിലെ ജീവനക്കാര്‍. വെങ്കലത്തിലാണ് കതകുകളും കൊടിമരങ്ങളും പണിതെടുക്കുന്നത്. രാവും പകലുമറിയാത്ത ജോലിയിലാണ് ഇവര്‍. സ്ഥാപനത്തിന്റെ എണ്‍പത്തൊന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് കിട്ടിയ പുണ്യമായാണ് ഈ അവസരത്തെ കാണുന്നതെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ദേവ്ചന്ദ്ഭായ് രാംനാഥ് മേവാഡ പറയുന്നു.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഈ പണികളുടെ കരാര്‍ നല്കിയത് എല്‍ ആന്‍ഡ് ടി കമ്പനിക്കാണ്. അവരാണ് ഞങ്ങളെ ഇതേല്പിച്ചത്. ഇത് രാമദൗത്യമായാണ് ഓരോ ജോലിക്കാരനും കാണുന്നത്. ഞങ്ങളും ഭഗവാന്റെ സേനയിലെ അംഗങ്ങളായതുപോലെ. ആറ് മാസമായി ഈ ജോലി തുടങ്ങിയിട്ട്. 35 മുതല്‍ 45 വരെ ശില്പികള്‍ രാവും പകലും വിശ്രമമില്ലാതെ ഇതിനായി പ്രവര്‍ത്തിക്കുകയാണ്. ദേവ്ചന്ദ് ഭായി പറഞ്ഞു.
പ്രധാന കൊടിമരത്തിന് 5500 കിലോ ഭാരമുണ്ട്. 44 അടി ഉയരവും. മറ്റുള്ളവയ്‌ക്ക് 750 കിലോ തൂക്കവും 20 അടി ഉയരവും. നിര്‍മാണത്തിന് സ്പെഷല്‍ ക്വാളിറ്റി വെങ്കലമാണ് പൂര്‍ണമായും ഉപയോഗിക്കുന്നത്.
കൊടിമരങ്ങളും കതകുകളും മാത്രമല്ല ക്ഷേത്രത്തിലേക്കുള്ള മണികളും നിലവിളക്കുകളും നിര്‍മിക്കുന്നതും കൂടുതലും നിര്‍മിക്കുന്നത് ഇവിടെയാണ്. അവയ്‌ക്ക് വേണ്ടുന്ന വെങ്കലക്കുഴകള്‍ നിര്‍മിക്കുന്നത് വളരെ ശ്രദ്ധയും സാവകാശവും വേണ്ടുന്ന ജോലിയാണ്. രാമാനുഗ്രഹത്താല്‍ അത്തരം ജോലികളെല്ലാം തൃപ്തികരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാസ്തുശാസ്ത്രമനുസരിച്ച് പഞ്ചതത്വത്തിലധിഷ്ഠിതമാണ് നമ്മുടെ സനാതനധര്‍മ്മം. ക്ഷേത്രത്തിന്റെ മുകളിലുയര്‍ത്തുന്ന ഈ കൊടിമരം അന്തരീക്ഷചൈതന്യത്തെ ക്ഷേത്രത്തിലേക്ക് ആവാഹിക്കും. നക്ഷത്രങ്ങളുടെയും ദിക്കുകളുടെയും നില കൂടി പരിഗണിച്ചാണ് ഞങ്ങള്‍ ഈ ഏഴ് കൊടിമരങ്ങളും പണിതീര്‍ക്കുന്നത്, ദേവ്ചന്ദ്ഭായി മേവാഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: