ന്യൂദല്‍ഹി: അന്താരാഷ്‌ട്രഗൂഢാലോചനയുടെ ഫലമായി അദാനിയുടെ ബിസിനസ് സാമ്രാജ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനിയുടെ കിരീടവും ചെങ്കോലും ഒരിയ്‌ക്കല്‍ നഷ്ടപ്പെടുത്തിയതാണ്. എന്നാല്‍ എറെ സഹിച്ചും ക്ഷമിച്ചും കരുതലോടെ കരുക്കള്‍ നീക്കിയും അധികം ചിരിക്കാത്ത ഗൗതം അദാനി വീണ്ടും തന്റെ പഴയ സാമ്രാജ്യത്തിലേക്ക് തിരിച്ചെത്തുകയാണ്.
ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നതോടെ അദാനി വീണ്ടും ലോകത്തിലെ 15ാമത്തെ സമ്പന്നന്‍ എന്ന സ്ഥാനം തിരിച്ചുപിടിച്ചു. ഹിന്‍ഡന്‍ബര‍്ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാതി തുകയിലേക്ക് കൂപ്പുകുത്തിയ അദാനി കമ്പനികളുടെ ഓഹരികള്‍ (അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍, അദാനി എന്‍റര്‍പ്രൈസസ്, എസിസി, എന്‍ഡിടിവി, അദാനി വില്‍മര്‍ എന്നിവ) വീണ്ടും പഴയ വിലനിലവാരത്തിലെത്തി. ഓഹരിവിലകള്‍ പല മടങ്ങ് പെരുപ്പിച്ച് കാണിക്കുന്നു എന്നാരോപിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം അദാനിയുടെ വിപണിമൂല്യം 10,000 കോടി ഡോളറോളം ഇടിഞ്ഞിരുന്നു.
2023 ജനവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ബോംബ് പോലെ പതിച്ച ശേഷം അദാനി ലോകസമ്പന്നരുടെ ലിസ്റ്റില്‍ 38ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതിന് മുന്‍പ് ഫോര്‍ബ്സ് മാസികയുടെ ലിസ്റ്റില്‍ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായിരുന്നു അദാനി.
ഇന്ത്യയിലെ സമ്പന്നരില്‍ വീണ്ടും മുകേഷ് അംബാനിയ്‌ക്ക് തൊട്ടുപിന്നില്‍ രണ്ടാമനായി അദാനി എത്തി. എങ്കിലും ഓഹരിവിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഏത് നിമിഷവും അംബാനിയെ മറികടക്കാമെന്നതാണ് അവസ്ഥ. അദാനിയ്‌ക്കെതിരെ സെബി നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാണെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് അദാനി ഓഹരികളില്‍ നിക്ഷേപകര്‍ വര്‍ധിത വിശ്വാസത്തോടെ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിക്കുക കൂടി ചെയ്തതോടെ അദാനി ഓഹരികള്‍ ചൂടപ്പമായി. വിദേശ നിക്ഷേപകസ്ഥാപനങ്ങളും വന്‍തുക നിക്ഷേപിച്ചതോടെ അദാനി ഓഹരികള്‍ ദിവസേന 20 ശതമാനം വരെയോളം കുതിച്ചുയരുന്ന സ്ഥിതിയായി. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ കൊണ്ട് അദാനി കമ്പനികളുടെ വിപണിമൂല്യത്തില്‍ 1203 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: